Connect with us

Kerala

പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭാ സമ്മേളനത്തിനു തുടക്കമായി

Published

|

Last Updated

തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ അവസാന സമ്മേളനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷം പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചു. നിശബ്ദമായി ഇരിക്കുക, അല്ലെങ്കില്‍ പുറത്തേക്ക് പോകുക എന്ന് ഗവര്‍ണര്‍ പറഞ്ഞയുടനെ പ്രതിപക്ഷാംഗങ്ങള്‍ പുറത്തേക്കിറങ്ങി.പ്രതിഷേധം ഉണ്ടായാലും പ്രസംഗം മുഴുവന്‍ വായിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് മനസിലാകുന്നതിന് വേണ്ടി ഇംഗ്ലീഷിലുള്ള പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍എത്തിയത്.

സര്‍ക്കാര്‍ അഴിമതിയുടെ ചാമ്പ്യന്‍മാരെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് കൊണ്ട് പ്രതിഷേധിച്ച പ്രതിപക്ഷം സഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജനങ്ങളെയാകെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വീരന്മാരായ ഉമ്മന്‍ചാണ്ടി, കെ ബാബു, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരെ വച്ച് ഭരണം മുന്നോട്ട് പോകില്ല.ഗവര്‍ണറോട് ബഹുമാനക്കുറവില്ലെന്നും ഭരണപക്ഷത്തിനെതിരായ പ്രതിഷേധമാണിതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് നയപ്രഖ്യാപനത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഭരണഘടനാ പരമായ ബാധ്യത നിറവേറ്റാതിതിരിക്കാന്‍ കഴിയില്ലെന്നു ഗവര്‍ണര്‍ മറുപടി നല്‍കുകയും ചെയ്യുകയായിരുന്നു.

വരുന്ന 12നാണു ബജറ്റ് അവതരണം. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകും ബജറ്റ് അവതരിപ്പിക്കുക. അങ്ങനെയെങ്കില്‍ രണ്ടര പതിറ്റാണ്ടിനു ശേഷമാകും ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 1987 ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു. സോളാര്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരേയും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.