കണ്ണൂര്‍ വിമാനത്താവളം:പരിശോധനാ റിപ്പോര്‍ട്ട് കൈമാറി; പരീക്ഷണപ്പറക്കല്‍ ഉടന്‍

Posted on: February 5, 2016 6:45 am | Last updated: February 5, 2016 at 12:47 am
SHARE

KANNUR AIRPORTകണ്ണൂര്‍:കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ ഈ മാസം നടത്തിയേക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പരീക്ഷണപ്പറക്കലിനുള്ള അനുമതി നല്‍കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി ജി സി എ) ആദ്യ പരിശോധനാ റിപ്പോര്‍ട്ട് കിയാലിന് കൈമാറി. റണ്‍വേയുടെ നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. റണ്‍വേയുടെ ചിത്രങ്ങള്‍ സഹിതമുള്ള നിര്‍മാണ പ്രവൃത്തിയുടെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ എവിയേഷന് നല്‍കുമെന്ന് കിയാല്‍ എം ഡി. ജി ചന്ദ്രമൗലി പറഞ്ഞു. ഇക്കഴിഞ്ഞ 30നായിരുന്നു ഏയ്‌റോ ഡ്രോം ഇന്‍സ്‌പെക്ടര്‍ വൈ വി സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. കിയാല്‍ റിപ്പോര്‍ട്ട് ഡി ജി സി എക്ക് കൈമാറിയാലുടന്‍ പരീക്ഷണപ്പറക്കലിനുള്ള അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. പരീക്ഷണപ്പറക്കലിന്റെ തീയതി സംസ്ഥാന സര്‍ക്കാറാണ് പ്രഖ്യാപിക്കുക. റണ്‍വേയുടെ ബാക്കിയുള്ള 650 മീറ്റര്‍ നീളത്തിന്റെയും പാസഞ്ചര്‍ ടെര്‍മിനലിന്റെയും ഏപ്രണിന്റെയും മറ്റും പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്.
വിമാനത്താവളത്തില്‍ ചെറുവിമാനം ഇറക്കുന്നതിന്റെ ഭാഗമായി റണ്‍വേയില്‍ ലൈനുകള്‍ വരക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. നിര്‍മാണം പൂര്‍ത്തിയായ റണ്‍വേയുടെ 2400 മീറ്ററിലാണ് വെള്ള ലൈനുകള്‍ വരക്കുന്നത്. വിമാനമിറക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ലൈനിംഗിന്റെ പ്രവൃത്തി നടത്തുന്നത്. ഇത് ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കിയാല്‍ നിര്‍മാണ കമ്പനിയായ എല്‍ ആന്‍ഡ് ടി കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാസഞ്ചര്‍ ടെര്‍മിനല്‍, എയര്‍ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം തുടങ്ങിയവയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. 80,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ടെര്‍മിനല്‍ നിര്‍മാണം പുരോഗമിക്കുന്നത്. എയര്‍ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തിന് 1200 ചതുരശ്ര അടിയാണുളളത്. ചെറുവിമാനങ്ങള്‍ പറന്നിറങ്ങുവാന്‍ പാകത്തില്‍ റണ്‍വേയുടെ 2150 മീറ്റര്‍ ടാറിംഗും കോണ്‍ക്രീറ്റ് പ്രവൃത്തിയും ഇതിനകം പൂര്‍ത്തിയായി. വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് സാധ്യതയുണ്ടെന്നിരിക്കെ, ടെര്‍മിനല്‍ കെട്ടിടങ്ങളുടെ സൗകര്യവും അതിനനുസരിച്ച് വിപുലീകരിക്കാനുളള ഒരുക്കത്തിലാണ് അധികൃതര്‍.
ഉത്തര മലബാറുകാരുടെ ചിരകാല ആവശ്യമായ കണ്ണൂര്‍ വിമാനത്താവള പ്രൊജക്ടിന് 2008 ഫെബ്രുവരി മാസത്തിലാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്. 2010 ഡിസംബര്‍ 17ന് വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. 2014 ഫെബ്രുവരി രണ്ടിന് റണ്‍വേയുടെ നിര്‍മാണം ആരംഭിച്ചു. മൊത്തം 2165 ഏക്കര്‍ സ്ഥലം വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഇതിന്റെ ഭാഗമായിമാറും. വര്‍ഷത്തില്‍ 4.67 മില്ല്യന്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്ന വിമാനത്താവളത്തില്‍ 60758 ടണ്‍ കാര്‍ഗോ വര്‍ഷത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. എപ്രണ്‍, ചുറ്റുമതില്‍ എന്നിവയുടെ പ്രവൃത്തി 60 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here