Connect with us

Alappuzha

മൈക്രോഫൈനാന്‍സ് സ്ഥാപനത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

മോനിഷ, സുഗത കുമാരി,ശ്രീകുമാര്‍

ഹരിപ്പാട്: ചിട്ടിക്കമ്പിനിയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. കുമാരപുരം തറയില്‍ തെക്കതില്‍ രതീഷിന്റെ ഭാര്യ മോനിഷ (29), കരുവാറ്റ വടക്ക് മശ്ശേരില്‍ കിഴക്കതില്‍ സരസമ്മയുടെ മകള്‍ സുനിത കുമാരി (25), കുമാരപുരം ശ്രീരംഗത്ത് സുധാകരന്റെ മകന്‍ ശ്രീകുമാര്‍ എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് കുമാരപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വാന്തനം ഫെഡറേഷന്‍ എന്ന മൈക്രോഫൈനാന്‍സ് സ്ഥാപനത്തിന്റെ പേരിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ പേരില്‍ ഓരോ പ്രദേശങ്ങളിലായി കുറഞ്ഞത് പത്ത് പേര്‍ അടങ്ങുന്ന നിരവധി ഗ്രൂപ്പുകള്‍ ഉണ്ടാക്കി. ഗ്രൂപ്പുകളിലെ അംഗങ്ങളില്‍ നിന്നും സ്വയം തൊഴിലിന് വന്‍ തുക വായ്പ നല്‍കാമെന്ന് ധരിപ്പിച്ച് രജിസ്‌ടേഷന്‍ ഫീസ് ഇനത്തില്‍ ആയിരം രൂപവീതം കൈപ്പറ്റുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും പിരിച്ചെടുത്ത പണമോ വായ്പ നല്‍കാമെന്ന് പറഞ്ഞ തുകയോ ലഭിക്കാഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. സ്ഥാപനത്തിന്റെ പേരില്‍ ഹരിപ്പാട്, മാവേലിക്കര, ചെന്നിത്തല ഭാഗങ്ങളില്‍ നിന്നായി ഏകദേശം എണ്‍പത് ഗ്രൂപ്പുകളില്‍ നിന്നായി രണ്ടായിരത്തോളം സ്ത്രീകളില്‍ നിന്നും ഇങ്ങനെ പണം കൈപ്പറ്റിയിട്ടുണ്ട്. വായ്പ ലഭിക്കാതെയായതോടെ പണം നല്‍കിയ സ്തീകള്‍ പിരിവിനെത്തിയ സ്ത്രീയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. നിരവധി തവണ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹരിപ്പാട് തെക്കേനടയിലുള്ള ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ചിട്ടി ഉടമകള്‍ വിളിച്ച് ചേര്‍ക്കുന്ന യോഗമെന്ന് പറഞ്ഞ് പണം കൊടുത്തവരെ വിളിച്ചുവരുത്തിയിരുന്നു.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തരാമെന്ന് പറഞ്ഞ തുക നല്‍കാഞ്ഞതിനാല്‍ അടച്ച പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഇരുന്നൂറോളം സ്ത്രീകള്‍ പണപ്പിരിവ് നടത്തിയ യുവതിയെ തടഞ്ഞുവെച്ചു. തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങുമെന്ന സ്ഥിതിയായതോടെ ഹരിപ്പാട് പോലീസ് എത്തി ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുനിത കുമാരി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് വിവരങ്ങള്‍ തിരക്കാനെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഗ്രൂപ്പ് അംഗങ്ങളായ സ്ത്രീകളില്‍ നിന്നും ആയിരം രൂപക്ക് പുറമെ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, കരം അടച്ച രസീത്, പാസ് ബുക്കിന്റെ കോപ്പി എന്നിവയും തട്ടിപ്പുകാര്‍ കൈക്കലാക്കിയിട്ടുണ്ട്. ഹരിപ്പാട് പോലീസ് പ്രതികളുടെ വീടുകളിലും സ്ഥാപനത്തിലും പരിശോധന നടത്തി.
പണപ്പിരിവ് നടത്തിയതിന്റെയും ലോണ്‍ നല്‍കമെന്ന് പറഞ്ഞ് വാങ്ങിയ രേഖകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest