ഓര്‍മിപ്പിക്കുന്നു, എന്‍ഡോസള്‍ഫാന്‍

Posted on: February 5, 2016 6:10 am | Last updated: February 4, 2016 at 11:37 pm
SHARE

SIRAJ.......സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിണി സമരം ഒത്തുതീര്‍പ്പായി. നേരത്തെ പരിഗണിച്ച 11 പഞ്ചായത്തിന് പുറത്തുള്ള 610 പേരെ കൂടി സഹായത്തിന് അര്‍ഹരായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും കടങ്ങള്‍ എഴുതിത്തള്ളാനും 2010ല്‍ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത നഷ്ടപരിഹാരം വര്‍ധിപ്പിച്ചു മൂന്ന് ലക്ഷം രൂപ വരെ നല്‍കാനുമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുള്ള കാസര്‍കോട്ടെ ആറായിരത്തോളം ഏക്കര്‍ കശുമാവിന്‍ തോട്ടത്തിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം സമീപത്തെ ആയിരക്കണക്കിന് കുടുംബങ്ങളില്‍ വരുത്തിവെച്ച ദുരിതവും രോഗവും അതീവ ഗരുതരമാണ്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ വരെയുണ്ട് അതിന്റെ ഇരകളില്‍. നഷ്ട പരിഹാരവും സഹായവും ആവശ്യപ്പെട്ട് നിരവധി തവണ ഇവര്‍ അധികാര കേന്ദ്രങ്ങളെ സമീപിക്കുകയും സമര രംഗത്തിറങ്ങുകയും ചെയ്‌തെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് 2014 ജനുവരി 26ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുമ്പില്‍ സമരപ്പന്തല്‍ കെട്ടിയപ്പോള്‍ സര്‍ക്കാര്‍ ചില ഉറപ്പുകള്‍ നല്‍കി. ദേശീയ മനുഷ്യാകാശ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കുക, പുനരധിവാസ പ്രവര്‍ത്തനം വേഗം പൂര്‍ത്തീകരിക്കുക തുടങ്ങി അന്ന് പ്രഖ്യാപിച്ച പാക്കേജിന്റെ പരിധിയില്‍ നിന്ന് അര്‍ഹരായ പലരും പിന്നെയും പുറത്തായിരുന്നു. അവര്‍ക്ക് കൂടി സഹായം ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള ഒമ്പത് ആവശ്യങ്ങളുന്നയിച്ചാണ് എന്‍ഡോന്‍സള്‍ വിരുദ്ധ സമിതി ജനുവരി 26 മുതല്‍ വീണ്ടും സമരം ആരംഭിച്ചത്. സമരക്കാരുടെ മുഖ്യ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ നേരത്തെ ഒഴിവാക്കപ്പെട്ട 610 പേര്‍ക്ക് കൂടി ധനസഹായവും ആനുകൂല്യങ്ങളും ലഭിക്കും.
ഗുരുതര പ്രത്യാഘാതങ്ങള്‍ കണ്ടറിഞ്ഞു എഴുപതില്‍പരം രാജ്യങ്ങള്‍ നിരോധിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. കൃഷികളിലെ കീടശല്യം തടയാനായി ഇത് ഉപയോഗിക്കുമ്പോള്‍ മനുഷ്യന്‍ അടക്കമുള്ള ജീവികള്‍ക്ക് ഉളവാകുന്ന രോഗങ്ങളും പാര്‍ശ്വഫലങ്ങളും അതീവ മാരകങ്ങളായിരിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയതാണ്. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളില്‍ പോലും ജനിതകവൈകല്യം ഉള്‍പ്പെടെരോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു. കാസര്‍കോട്ട് പ്ലാന്റേഷന്‍ കശുവണ്ടി തോട്ടങ്ങളുടെ പാര്‍ശ്വങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ ഇത് പ്രകടമായതുമാണ്. കാസര്‍കോട്ട് പ്ലാന്റേഷനില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കുമ്പോള്‍ ഇത്തരം ഗുരുതര ഭവിഷ്യത്തുകളെക്കുറിച്ചു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ സര്‍ക്കാര്‍ കീടനാശിനി നിര്‍മാണ കമ്പനികളുടെ സ്വാധീനത്തിന് വഴിപ്പെട്ട് ഇത് നിഷേധിക്കുകയായിരുന്നു. മാത്രമല്ല, അതുവഴി കാര്‍ഷിക മേഖലക്കുണ്ടാകുന്ന ഗുണങ്ങളും കൈവരുന്ന നേട്ടങ്ങളും പറഞ്ഞ് അത് പ്രയോഗിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നുമായിരുന്നു 2010ല്‍ കാസര്‍കോട്ട് നടന്ന സെമിനാറില്‍ അന്നത്തെ കേന്ദ്ര കൃഷി സഹമന്ത്രി കെ വി തോമസ് പ്രസ്താവിച്ചത്. മനുഷ്യനും പ്രകൃതിക്കും ഹാനികരമായ മാരക വിഷപദാര്‍ഥങ്ങളെ അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കുന്നത് സംബന്ധിച്ചു തീരുമാനമെടുക്കുന്നതിനായി 2010ല്‍ ജനീവയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ബഹുഭൂരിപക്ഷം രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍, ഇന്ത്യ അതിനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്.
നിരോധം ഏര്‍പ്പെടുത്താത്ത രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുയാണെങ്കില്‍ സമീപ പ്രദേശങ്ങളിലെ ജീവികളുടെ സുരക്ഷക്കും ജലസ്രോതസുകളുടെ മലിനീകരണം തടയുന്നതിനുമായി കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പ്രയോഗത്തിന് മുമ്പായി സമീപത്തെ താമസക്കാരെ 20 ദിവസം വരെ മാറ്റിത്താമസിപ്പിക്കണം. എല്ലാ ജലസ്രോതസുകളും മൂടിയിടുകയും വേണം. ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് സ്‌പ്രേ ചെയ്യുന്നതെങ്കില്‍ അത് തോട്ടങ്ങളിലെ വൃക്ഷത്തലപ്പുകളില്‍ നിന്ന് മൂന്ന് മീറ്ററിനേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ നിന്നാകരുത്. സമീപ പ്രദേശങ്ങളിലേക്ക് അത് പടരാതിരിക്കാനാണിത്. കാസര്‍കോട്ട് ഈ നിബന്ധനകളൊന്നും പാലിക്കപ്പെട്ടിരുന്നില്ല. രാജ്യത്തിന്റെ ഇതര ഭാഗങ്ങങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
ശ്രീലങ്കയുള്‍പ്പെടെ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച പല രാജ്യങ്ങളും മാരക ഫലങ്ങളില്ലാത്ത ബദല്‍ കീടനാശിനികള്‍ വികസിപ്പിച്ചെടുക്കുകയും അത് വിജയകരമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലൊന്നും ബദല്‍ മാര്‍ഗങ്ങള്‍ കാര്‍ഷിക വിളകളുടെ ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടില്ല. കേരളത്തില്‍ തന്നെ വിഷകീടനാശിനികള്‍ക്ക് പകരം ജൈവ കീടനാശിനികള്‍ പ്രയോഗിച്ചു കൃഷി ചെയ്യുന്ന ധാരാളം പേരുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കീടനാശിനി കമ്പനികളുടെ സ്വാധീനത്തിന് വഴങ്ങി എന്‍ഡോള്‍സള്‍ഫാന്റെ പ്രചാരകരായി തുടരാതെ ബദല്‍ മാര്‍ഗങ്ങളിലേക്ക് മാറുകയാണ് വേണ്ടത്. കുത്തക കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളെ ഇനിയും ദുരിതങ്ങളിലേക്ക് തള്ളിവിടരുത്.