മാലിന്യ സമരം: ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ ജാമ്യമില്ലാ കുറ്റം പെറ്റിക്കേസായി

Posted on: February 5, 2016 5:02 am | Last updated: February 4, 2016 at 10:03 pm

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് മുസ്‌ലിം ലീഗും സി പി എമ്മും സമവായത്തിലേക്ക്. പുതുവര്‍ഷത്തില്‍ പുതുനഗരം എന്ന നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്റെ പ്രഖ്യാപിത പരിപാടിയുടെ ഭാഗമായി നഗരത്തിലെ ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ മത്സ്യമാര്‍ക്കറ്റില്‍ നിക്ഷേപിച്ചതിനെതിരെ പ്രതികരിച്ച ചില മത്സ്യ മൊത്ത വിതരണക്കാര്‍ക്കും മുസ്‌ലിം ലീഗ്-യൂത്ത് ലീഗ് നേതാക്കള്‍ക്കുമെതിരെ നഗരസഭാ സെക്രട്ടറി ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന തീരുമാനമാണ് ലീഗ് -സി പി എം സമവായത്തിന് വഴി തുറന്നത്.
നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും നഗരസഭാ സെക്രട്ടറി പോലീസില്‍ നല്‍കിയ പരാതിയനുസരിച്ച് ബല്ലാകടപ്പുറത്തെ മൊയ്തീന്‍ കുഞ്ഞി, വടകര മുക്കിലെ അബ്ദുള്‍ ഖാദര്‍, യൂനുസ് വടകരമുക്ക്, ശംസുദ്ദീന്‍ കൊളവയല്‍, ഹാരിസ് ബാവാനഗര്‍, ബദറുദ്ദീന്‍ വടകരമുക്ക്, സി കെ റഹ്മത്തുള്ള, പി കെ റഹീസ്, റംഷീദ്, ശംസു എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരുന്നു.
നഗരസഭാ ചെയര്‍മാന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതും കേസെടുക്കാന്‍ ഇടയാക്കിയതെന്നും ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. ഇതിനിടയില്‍ കേസിനോട് താത്പര്യമില്ലെന്ന നിലയില്‍ നഗരസഭാ സെക്രട്ടറി പോലീസിന് കത്ത് നല്‍കിയതോടെ കേസിന്റെ തീവ്രത നഷ്ടപ്പെട്ടു. സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കേസിന്റെ സെക്ഷന്‍ കുറക്കാന്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി. കോടതി ഇത് അംഗീകരിച്ചു. പൊതു സ്ഥലത്ത് അനുമതിയില്ലാതെ പ്രകടനം നടത്തി എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം.