മുബൈ: ആദര്‍ശ് ഫഌറ്റ് അഴിമതി കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിനെ സി ബി ഐ സമീപിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് അന്നത്തെ ഗവര്‍ണറായ കെ ശങ്കരനാരായണനോട് രണ്ട് തവണ സി ബി ഐ അനുമതി തേടിയെങ്കിലും നിഷേധിച്ചിരുന്നു. ആദര്‍ശ് ഫഌറ്റ് അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2010ലാണ് ചവാന്‍ മുഖ്യമന്ത്രിപദം രാജിവെച്ചത്. അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 12 പേരില്‍ ഒരാളാണ് അശോക് ചവാന്‍.
ഈ കേസില്‍ അശോക് ചവാനെതിരെ നടപടി വേണമെന്ന് ബി ജെ പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ഗവര്‍ണറെ സി ബി ഐ സമീപിച്ചത്. വിമക്തഭടന്‍മാര്‍ക്കും അവരുടെ വിധവകള്‍ക്കുമായി മുംബൈ നഗര ഹൃദയത്തില്‍ പണി കഴിപ്പിച്ച ആദര്‍ശ് ഫഌറ്റ് സമുച്ചയമാണ് ദേശീയതലത്തില്‍ തന്നെ വിവാദമായ ആദര്‍ശ് തട്ടിപ്പായി മാറിയത്. 32 നിലയുള്ള ഫഌറ്റ് സമുച്ചയം ക്രമവിരുദ്ധമായി രാഷ്ട്രീയ നേതാക്കളും ഉയര്‍ന്ന് സൈനികോദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും കൈക്കലാക്കുകയായിരുന്നു. തന്റെ മൂന്ന് ബന്ധുക്കള്‍ക്ക് അപ്പാര്‍ട്ട്‌മെന്റ് അനധികൃതമായി നല്‍കി എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ചവാനെതിരെയുള്ള ആരോപണം. കേസില്‍ ചവാനെതിരായി പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സി ബി ഐ പറയുന്നു. ഗവര്‍ണര്‍ നേരത്തെ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചവാനെതിരായ കേസ് അവസാനിപ്പിക്കേണ്ടിവരുമെന്ന് മുംബൈ ഹൈക്കോടതിയെ സി ബി ഐ അറിയിച്ചിരുന്നു. എന്നാല്‍, കോടതി അത് അംഗീകരിച്ചില്ല. ഗൂഢാലോചന ഒഴികെയുള്ള മറ്റ് കാര്യങ്ങളില്‍ കേസുമായി മുന്നോട്ടുപോകാനായിരുന്നു നിര്‍ദേശം.