Connect with us

Gulf

ട്രാഫിക് ബോധവത്കരണ ക്യാംപയിന്‍ സംഘടിപ്പിക്കുന്നു

Published

|

Last Updated

ആഭ്യന്തര മന്ത്രാലയം, ആസ്റ്റര്‍ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍

ദോഹ: ഖത്വര്‍ നാഷനല്‍ ട്രാഫിക് സേഫ്റ്റി കമ്മിറ്റിയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വിഭാഗവും ആഭ്യന്തര മന്ത്രാലയവും ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറുമായി ചേര്‍ന്ന് ട്രാഫിക് ബോധവത്കരണ കാംപയിന്‍ സംഘടിപ്പിക്കുന്നു. ഈ മാസം 27ന് ആരംഭിച്ച കാംപയിന്‍ ഫെബ്രുരി 14 വരെ തുടരുമെന്ന് ദോഹ ആസ്റ്റര്‍ ക്ലിനിക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡോ. സമീര്‍ മൂപ്പന്‍ അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ട്രാഫിക് ബോധവത്കരണ കാംപയിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഈ മാസം ഏഴിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ട്രാഫിക് ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനത്തില്‍ സച്ചിനും പങ്കെടുക്കും.
ഖത്വറില്‍ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കട്ടൗട്ടിന് സമീപം നിന്ന് ബോധവത്കരണ പ്രതിജ്ഞ ചൊല്ലുക, വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പോസ്റ്റര്‍ ഡിസൈന്‍, വിവിധ ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ നടക്കും. ഇംഗ്ലീഷ്, അറബി ഭാഷകള്‍ക്കു പുറമേ സിംഹള, നേപ്പാളി, ഹിന്ദി, ഉര്‍ദു, തമിഴ്, മലയാളം ഭാഷകളിലും ബോധവത്കരണ പരിപാടികളും സന്ദേശങ്ങളും നല്കും.
വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെയാണ് ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പോസ്റ്റര്‍ ഡിസൈന്‍ മത്സരം നടക്കും. കൈകൊണ്ട് വരച്ചും ഡിജിറ്റല്‍ ഡിസൈന്‍ ചെയ്തുമാണ് പോസ്റ്റര്‍ ഡിസൈന്‍ മത്സരം അരങ്ങേറുക. പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തിന്റെ അവസാന തിയ്യതി ഫെബ്രുവരി 18 ആണ്. മത്സരങ്ങളുടെ ഫലങ്ങള്‍ 29ന് പ്രഖ്യാപിക്കും.
പത്രസമ്മേളനത്തില്‍ ലഫ്റ്റനന്റ് ഫഹദ് മുബാറക്, ലഫ്റ്റനന്റ് ശഹീര്‍ മുഹമ്മദ്, നിഖില്‍ ജോസഫ്, ഫൈസല്‍ ഹുദവി എന്നിവരും പങ്കെടുത്തു.

Latest