വാടകക്കാരെ കിട്ടാനില്ല; വസ്തു വിപണിയില്‍ മാന്ദ്യം

Posted on: February 4, 2016 7:47 pm | Last updated: February 4, 2016 at 7:47 pm

ദോഹ: ഉപഭോക്താക്കളെ കിട്ടാതെ കെട്ടിട നിര്‍മാതാക്കള്‍ വലയുന്നുവെന്ന് റിപ്പോര്‍ട്ട്. അപാര്‍ട്ട്‌മെന്റുകള്‍ വാടകക്ക് എടുക്കാനുള്ള അന്വേഷണം ഗണ്യമായി കുറഞ്ഞുവെന്ന് വസ്തു ഇടപാടുകാര്‍ പറയുന്നു. ഹൗസിംഗ് മാര്‍ക്കറ്റില്‍ വലിയ മാന്ദ്യതയാണെന്ന് ഖത്വര്‍ ട്രിബ്യൂണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാടക അപ്പാര്‍ട്ട്‌മെന്റുകളുടെ അന്വേഷണം പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇന്ധന വിലത്തകര്‍ച്ചയാണ് ഇതിന് പ്രധാന കാരണമായി ഈ രംഗത്തുള്ളവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ധന മേഖലയിലെ പല കമ്പനികളും ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ഈ വര്‍ഷവും ഈ പ്രവണത തുടരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരുടെ കുറവും പ്രധാന കാരണമാണ്. സീനിയര്‍ എക്‌സിക്യൂട്ടീവുകളെ റിക്രൂട്ട് ചെയ്യുന്നത് കമ്പനികള്‍ കുറച്ചിട്ടുണ്ട്. കമ്പനികള്‍ ഉദ്ദേശിച്ച വാടകക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്. ഇക്കാരണത്താല്‍ പല കമ്പനികളും വാടക നിരക്ക് കുറച്ചിട്ടുണ്ട്.
അതേസമയം, ഖത്വറില്‍ പലയിടങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേതുപോലെയാണ് വാടകനിരക്കെന്നും ഈ വര്‍ഷം നിരക്ക് ഉയര്‍ത്തിയിട്ടില്ലെന്നും കമ്പനി അധികൃതര്‍ പറയുന്നു. വാടകക്കാരെ പിടിച്ചുനിര്‍ത്താനെന്നോണം വീട്ടുടമസ്ഥരും വാടക നിരക്ക് ഉയര്‍ത്തിയിട്ടില്ല. ഈ നില തുടര്‍ന്നാല്‍ ഖത്വറില്‍ അടുത്തവര്‍ഷവും വീട്ടുവാടകയില്‍ കുറവുണ്ടാകുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.