Connect with us

Gulf

വിമാന ടിക്കറ്റ് വില വര്‍ധന തോന്നിയപോലെ

Published

|

Last Updated

അജ്മാന്‍: ഗള്‍ഫില്‍ വേനലവധി മുന്‍നിര്‍ത്തി വിമാനക്കമ്പനികള്‍ തോന്നിയ പോലെ നിരക്ക് വര്‍ധിപ്പിക്കുന്നു. സ്‌കൂള്‍ അടക്കുന്നതും തുറക്കുന്നതുമായ തിയതി വ്യക്തമാകാത്തതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും നിര്‍വാഹമില്ല. തിയതി പ്രഖ്യാപിക്കാന്‍ കാത്തിരിക്കാതെ ടിക്കറ്റെടുത്ത് നാട്ടില്‍ പോയാല്‍ സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെട്ടേക്കാം. മാത്രമല്ല, ജോലി വരെ ചിലപ്പോള്‍ പോയേക്കാമെന്ന് അജ്മാനിലെ ഒരു സ്വകാര്യ ഇന്ത്യന്‍ സ്‌കൂളില്‍ ജോലിചെയ്യുന്ന മലപ്പുറം സ്വദേശി നൗഫല്‍ പറയുന്നു. ഇദ്ദേഹത്തെപ്പോലെ പ്രശ്‌നങ്ങള്‍ നേരിടുന്ന ആയിരണക്കണക്കിനാളുകളാണ് അജ്മാനിലടക്കം വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലുള്ളത്.
അജ്മാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ വേനലവധി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സ്‌കൂളുകളുടെ കലണ്ടര്‍ പ്രകാരം ജൂണ്‍ 23 മുതല്‍ ആഗസ്റ്റ് 28 വരെയാണ് വേനല്‍ക്കാല അവധി. ഈ ദിവസങ്ങളെ അടിസ്ഥാനമാക്കിയാണ് രക്ഷിതാക്കളില്‍ പലരും നാട്ടിലേക്ക് നേരത്തെ ടിക്കറ്റ് എടുത്തിട്ടുള്ളത്.
അതേസമയം സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍, ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തി ദിവസങ്ങളുടെ കാര്യത്തില്‍ ഇതുവരെ കൃത്യമായ വിവരം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഇവര്‍ക്കുള്ള അവധിയുടെ ആരംഭവും റിപ്പോര്‍ട്ട് ചെയ്യേണ്ട ദിവസവും ഇതുവരെ നല്‍കാത്തതിനാല്‍ നാട്ടിലേക്ക് വിമാന ടിക്കറ്റ് എടുക്കാനും വൈകാന്‍ കാരണമാകുന്നു. വര്‍ഷത്തിലോ രണ്ട് വര്‍ഷം കൂടുമ്പോഴോ വിമാന ടിക്കറ്റ് നല്‍കാത്ത സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ് ഇതുവഴി ദുരിതത്തിലായത്.
സ്‌കൂള്‍ തുറന്ന് ഒരാഴ്ചക്കുള്ളില്‍ ബലിപെരുന്നാള്‍ അവധികൂടി വരുന്നതിനാല്‍ ഈ ദിവസം കൂടി ഉള്‍പ്പെടുത്തി അവധി നല്‍കണോയെന്ന് ചര്‍ച്ച നടന്നിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിര്‍ദേശം കിട്ടാന്‍ വൈകുന്നതാണ് കാരണമെന്നാണ് സ്‌കൂള്‍ മാനേജുമെന്റുകള്‍ നല്‍കുന്ന മറുപടി.
അബുദാബി, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനല്‍ക്കാല അവധി സംബന്ധിച്ച് മൂന്നാഴ്ച മുമ്പ് അറിയിപ്പ് ലഭിച്ചിരുന്നു. റാസല്‍ഖൈമയിലും അബുദാബിയിലും ജൂണ്‍ 28 മുതല്‍ ആഗസ്റ്റ് 24 വരെയാണ് ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. ജീവനക്കാര്‍ക്ക് വാര്‍ഷിക ടിക്കറ്റ് നല്‍കുന്ന സ്‌കൂളുകള്‍ ഈ അവധി കണക്കാക്കിയാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്.
ഈ മാസം ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയി വരാന്‍ 732 ദിര്‍ഹം (ഉദ്ദേശം 13,527 ഇന്ത്യന്‍ രൂപ) മുതലാണ് വിമാന കമ്പനികള്‍ ചാര്‍ജ് ഈടാക്കുന്നെങ്കില്‍ സ്‌കൂള്‍ അവധിക്കാലമായ ജണ്‍ 27 ആഗസ്റ്റ് 23 ദിവസങ്ങളിലേക്ക് റൗണ്ട് ട്രിപ്പിന് 1922 ദിര്‍ഹം ആണ് എയന്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് ഏകദേശം (35,000 ഇന്ത്യന്‍ രൂപ). കഴിഞ്ഞ ആഴ്ച 1700 ദിര്‍ഹം മുതലായിരുന്നു വിമാന ടിക്കറ്റ് നിരക്ക് ആരംഭിച്ചിരുന്നത്. ഓരോ ദിവസവും കഴിയുംതോറും 50 മുതല്‍ 100 ദിര്‍ഹം വരെയാണ് പല വിമാന കമ്പനികളും വില വര്‍ധിപ്പിക്കുന്നത്.
അതേ സമയം കോഴിക്കോട്ടേക്ക് മാര്‍ച്ച് മുതല്‍ എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞാല്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് സംഭവിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് വര്‍ധിക്കുമ്പോള്‍ ആശ്രയിക്കാറുള്ള മുംബൈ, ചെന്നൈ, ബാംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള നിരക്ക് വര്‍ധനയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

Latest