Connect with us

Gulf

12,000 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് യോഗയും കൂട്ട നടത്തവും

Published

|

Last Updated

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി സി ജി കെ മുരളീധരനും ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീമും വാര്‍ത്താസമ്മേളനത്തില്‍

ഷാര്‍ജ: വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി 12,000 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് യോഗയും കൂട്ട നടത്തവും സംഘടിപ്പിക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി സി ജി, കെ മുരളീധരനും ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീമും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ ഏഴിന് സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റി കോളജ് പരിസരത്താണ് പരിപാടി. ഇത് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടംപിടിക്കും. അത്രയധികം വിദ്യാര്‍ഥികളെയാണ് പ്രതീക്ഷിക്കുന്നത്. ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും വിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെത്തും. യു എ ഇയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. വിവിധ സ്ഥലങ്ങളില്‍നിന്ന് ബസ് സൗകര്യം ഉണ്ടായിരിക്കും. 5,000ലധികം വിദ്യാര്‍ഥികള്‍ യോഗയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
രാവിലെ 6.30ന് പ്രവേശന കവാടം തുറക്കും. ഏഴിന് പരീക്ഷണ പ്രകടനമാണ്. 7.30ന് ലോക റിക്കാര്‍ഡിനുള്ള ശ്രമം തുടങ്ങും. രാവിലെ ഒമ്പത് വരെ നീണ്ടുനില്‍ക്കും. ശേഷം പ്രഭാത ഭക്ഷണം നല്‍കും. രാവിലെ 10 മുതല്‍ 11 വരെയാണ് കൂട്ട നടത്തം. ഗായകന്‍ കെ ജെ യേശുദാസ്, സ്‌കൈലൈന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കമാല്‍ പൂരി, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ എന്നിവര്‍ അതിഥികളായിരിക്കും.
കഴിഞ്ഞ വര്‍ഷം ജൂണില്‍ രാജ്യാന്തര യോഗാദിനത്തില്‍ ദുബൈയില്‍ നടന്ന പരിപാടി 18,000 പേരെ ആകര്‍ഷിച്ചിരുന്നു. 44 രാജ്യങ്ങളാണ് പങ്കെടുത്തത്. ഇത്തവണ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ പരിപാടി മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണമാണെന്നും അവര്‍ അറിയിച്ചു. സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റി കോളജ് ചെയര്‍മാന്‍ നിഥിന്‍ ആനന്ദ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ഭാരവാഹികളായ അഡ്വ. അജികുര്യാക്കോസ്, അബ്ദുല്‍ നൗഫല്‍, ചന്ദ്രബാബു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്:
www.dubaiyoga.org

Latest