നയപരിപാടികളില്ലാതെയാണ് സി പി എമ്മിന്റെ മുന്നോട്ട് പോക്കെങ്കില്‍ ബംഗാള്‍ ആവര്‍ത്തിക്കും

Posted on: February 4, 2016 9:22 am | Last updated: February 4, 2016 at 9:22 am
SHARE

പാലക്കാട്: കേരളത്തില്‍ രാഷ്ട്രീയ നയപരപാടികളില്ലാതെയാണ് സി പി എം മുന്നോട്ടുപോകുന്നതെങ്കില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കിയാണ് സി പി എമ്മിന്റെ ഇപ്പോഴത്തൈ പോക്ക്. രാജ്യം ഗുരുതരമായ ഫാസിസ്റ്റ് വെല്ലുവിളികള്‍ നേരിടുന്ന ഈ വേളയില്‍ എങ്ങിനെയെങ്കിലും ഭരണം നേടിയെടുക്കുക എന്ന് മാത്രമാണ് സി പി എം ലക്ഷ്യമാക്കുന്നത്. അതിനായി സരിതനായരെയും ബിജുമാരെയും രംഗത്തിറക്കി ഒളിയുദ്ധം നടത്തുകയാണ്.
യു ഡി എഫ് സര്‍ക്കാറിനെയും എല്‍ ഡി എഫ് സര്‍ക്കാരിനെയും വിലയിരുത്താന്‍ തയ്യാറാവണം. ഇക്കാര്യത്തില്‍ സി പി എമ്മിനെ വെല്ലുവിളിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം റിക്കാര്‍ഡ് വികസനമാണ് യു ഡി എഫ് സര്‍ക്കാര്‍ കേരളത്തിലുണ്ടാക്കിയിട്ടുള്ളത്. ഇത് ലോകം മുഴുവന്‍ മനസ്സിലാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സി പി എം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത്. ഇതിനെതിരെ കേരളജനത പ്രതികരിക്കുമെന്നും യു ഡി എഫ് അധികാരത്തില്‍ തിരിച്ചുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളയാത്രക്ക് തൃത്താല, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാലുമണിയോടെ ജാഥക്ക് ആദ്യസ്വീകരണം ലഭിച്ചത്.
എടപ്പാള്‍ വഴി പാലക്കാടന്‍ മണ്ണിലേക്ക് പ്രവേശിച്ച യാത്രയെ ജില്ലാ അതിര്‍ത്തിയായ കുമരനല്ലൂരിലെ പാലം കടവില്‍ നിരവധി പ്രവര്‍ത്തകര്‍ ചേര്‍ന്ന് വാഹനങ്ങളുടെയും വൈറ്റ് ഗാര്‍ഡുകളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. തൃത്താലയില്‍ നടന്ന സ്വീകരണ യോഗത്തില്‍ മണ്ഡലം ലീഗ് പ്രസിഡന്റ് പി എ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പട്ടാമ്പിയിലെ സ്വീകരണയോഗത്തില്‍ മണ്ഡലംലീഗ് പ്രസിഡന്റ് വി എം മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചെര്‍പ്പുളശ്ശേരിയില്‍ ജാഥാ ജില്ലാ കോര്‍ഡിനേറ്റര്‍ മരക്കാര്‍ മാരായമംഗലം അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് കല്ലടിമുഹമ്മദ് നഗറില്‍ നടന്ന സ്വീകരണയോഗത്തില്‍ എന്‍ ഹംസ അധ്യക്ഷത വഹിച്ചു.