കീടങ്ങളെ നിയന്ത്രിക്കാന്‍ മിത്ര കീടവുമായി കൃഷി വകുപ്പ്

Posted on: February 4, 2016 9:21 am | Last updated: February 4, 2016 at 9:21 am

പാലക്കാട്: ജൈവ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് ഒരു പുതിയ കാല്‍വെപ്പിന് കൂടി വടകരപ്പതി കൃഷി ഭവന്‍ ഒരുങ്ങുന്നു. നെല്ല്. പച്ചക്കറി തുടങ്ങിയവയിലെ ജൈവകീടനിയന്ത്രണം പോലെ വാഴയിലും ഇനി ജൈവ കീടനിയന്ത്രണം സാധ്യമാണ്. വാഴയെ വളരെ രൂക്ഷമായി ബാധിക്കുന്ന കീടങ്ങളായ മാണവണ്ട്, പിണ്ടി പുഴു എന്നിവയെ നശിപ്പിക്കാന്‍ ഇനി നിമാവിരകള്‍ മാത്രമതി.
മിത്രകീടമായ നിമാ വിരകളെ കണ്ടെത്തിയത് കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഗവാസ് രാഗേഷിന്റെ ഗവേഷണത്തിലൂടെയാണ് കീടബാധയെ ചെറുക്കാന്‍ കര്‍ഷകര്‍ മാരകമായ കീടനാശിനി പ്രയോഗമാണ് നടത്തുന്നത്. ഇതിനെതിരെ ജൈവകീടമായ നിമ വിരകളെ ഉപയോഗിക്കുന്നത് മൂലം ഉത്പ്പന്നത്തിന്റെ ഗുണമേന്മ വര്‍ധിക്കുകയും കര്‍ഷകര്‍ക്കും ആദായമുണ്ടാവുകയും ചെയ്യുന്നു. ഇ പി എന്‍ അഥവാ എന്‍മോ പാതോജനിക് നെമറ്റോഡ് എന്ന നിമ വിരകള്‍ അടങ്ങിയ കീട ശരീരം (കഡാവര്‍) അഞ്ച് മാസം പ്രായമായ വാഴയുടെ ഇലകവിളുകളിലാണ് നിക്ഷേപിക്കുന്നത്.
ആവശ്യത്തിന് നനവു കിട്ടുന്നതിനോട് കൂടി കഡാവര്‍ പൊട്ടിച്ച് നിമാവിരകള്‍ പുറത്ത് വരുകയും കീടങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. വാഴയില്‍ മാത്രമല്ല തെങ്ങുകളിലെ ചെമ്പന്‍ചെല്ലി, കരിമ്പ്, തെങ്ങ്, കമുക്, ഏലം എന്നിവയിലെ വേരു തീനിപുഴുക്കള്‍ കൂടാതെ കശുമാവിലെ തുണ്ടുതുരപ്പന്‍ പുഴുവിനെതിരെയും നിമാ വിരകള്‍ ഏറെ ഫലപ്രദമാണ എന്ന് ഡോ ഗവാസ് രാഗേഷ് ബോധവത്കരണ ക്ലാസില്‍ പറഞ്ഞു.
കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ അസി പ്രൊഫ ഡോ ഗവാസിന്റെ സഹായത്തോടെ കൂടി ലീഡ്‌സ് പദ്ധതി പ്രകാരം വടകരപ്പതി കൃഷി ഭവനില്‍ വാഴ കര്‍ഷകനായ ഷണ്‍മുഖന്റെ തോട്ടത്തില്‍ പരീക്ഷണോദ്ഘാടനം വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് കുഴന്തെ തേരേസ നിര്‍വഹിച്ചു.
ചിറ്റൂര്‍ കൃഷി അസി ഡയറക്ടര്‍ ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അഭിലാഷ്, കൃഷി അസിസറ്റന്റുമാരായ ശിവസുബ്രഹ്മണ്യം, മാര്‍ട്ടിന്‍പ്രിയ, പ്രീത പങ്കെടുത്തു.