പ്രായമായവരില്‍ വിവാഹമോചനം വര്‍ധിക്കുന്നു: വനിതാ കമ്മീഷന്‍

Posted on: February 4, 2016 9:19 am | Last updated: February 4, 2016 at 9:19 am

കോഴിക്കോട്: പ്രായമായവരിലും വിവാഹമോചനം വര്‍ധിക്കുന്നെന്ന് വനിതാ കമ്മീഷന്‍. നവ ദമ്പതികളേക്കാള്‍ കൂടുതല്‍ ഇത്തരക്കാരാണ് വിവാഹ മോചനക്കേസുകളുമായി കമ്മീഷനെ സമീപിക്കുന്നത്. വിവാഹ മോചന ആവശ്യവുമായെത്തുന്ന യുവ ദമ്പതികള്‍ക്ക് ചിലപ്പോള്‍ കൗണ്‍സിലിംഗ് ഫലപ്രദമാകാറുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിക്കുന്നവര്‍ക്കിടയില്‍ കൗണ്‍സലിംഗ് കൊണ്ട് കാര്യമില്ല. കുടുംബ ബന്ധങ്ങളില്‍ ആരോഗ്യകരമായ സാമൂഹിക ഇടപെടലുകള്‍ നടക്കാത്തതിനാലാണ് ഗാര്‍ഹിക പീഢനങ്ങള്‍ ഉള്‍പ്പെടെയുളള കേസുകള്‍ വര്‍ധിച്ച് വരുന്നതെന്നും സംസ്ഥാന വനിതാ കമ്മീഷനംഗം അഡ്വ. നൂര്‍ബിന റശീദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
സ്വത്ത് തര്‍ക്കക്കേസുകളാണ് കൂടുതലായും കമ്മീഷന് മുന്നിലെത്തുന്നത്. സൈബര്‍ കേസുകളും വര്‍ധിക്കുന്നുണ്ടെന്ന് നൂര്‍ബിന പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥിയെ വാട്‌സ്ആപ് വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയും ഇന്നലെ അദാലത്തിലെത്തി. മൊത്തം 61 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 46 എണ്ണം പരിഹരിച്ചു. മൂന്ന് കേസുകള്‍ പോലീസ് അന്വേഷണത്തിന് വിട്ടു. അഞ്ചെണ്ണം കമ്മീഷന്റെ ഫുള്‍ അദാലത്തിലേക്കും ഏഴ് പരാതി അടുത്ത സിറ്റിംഗിലേക്കും മാറ്റി. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഒരു കുടുംബം ഇന്നലെ കമ്മീഷന് മുമ്പില്‍ വിവാഹമോചനം നേടി.
സിറ്റിംഗില്‍ കമ്മീഷനംഗങ്ങളായ അഡ്വ. ശ്രീല മേനോന്‍, അഡ്വ. ജലാലുദ്ദീന്‍, അഡ്വ. സൗദ, അഡ്വ. മീന നായര്‍, വനിതാ സെല്‍ എസ് ഐ ലക്ഷ്മി പങ്കെടുത്തു.