ബ്രൗണ്‍ഷുഗര്‍ വില്‍പ്പന; മുംബൈ സ്വദേശി അറസ്റ്റില്‍

Posted on: February 4, 2016 9:19 am | Last updated: February 4, 2016 at 9:19 am

കോഴിക്കോട്: വസ്ത്രക്കച്ചവടക്കാരന്‍ എന്ന വ്യാജേന ബ്രൗണ്‍ഷുഗര്‍ വില്‍പ്പന നടത്തിയ മുംബൈ സ്വദേശി അറസ്റ്റില്‍. ധാരാവി അക്ബര്‍ ശെയ്ഖ് എന്നറിയപ്പെടുന്ന സൈദ് നതാര്‍ (45) ആണ് പിടിയിലായത്. കേരളത്തില്‍ നിന്ന് മുബൈയിലേക്ക് ബ്രൗണ്‍ ഷുഗര്‍ വാങ്ങാന്‍ പലരും എത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ ഇവിടെക്ക് ബ്രൗണ്‍ ഷുഗറുമായെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പാക്കറ്റുകളിലാക്കിയ ബ്രൗണ്‍ ഷുഗര്‍ കുട്ടികളുടെ ഉടുപ്പിനുള്ളില്‍ ഒട്ടിച്ചുവച്ചാണ് റോഡരികില്‍ ഇയാള്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.
വസ്ത്ര വില്‍പ്പനക്കാരനെന്ന വ്യാജേന നഗരത്തില്‍ ചുറ്റിസഞ്ചരിച്ച് ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ശൈലി. പോലീസിനെ കണ്ടാല്‍ ബ്രൗണ്‍ ഷുഗര്‍ ഒട്ടിച്ചുവച്ച ഉടുപ്പുകള്‍ ഉപേക്ഷിച്ച് കടന്നുകളയുകയാണ് പതിവ്.
ഇയാളില്‍ നിന്ന് 300 ഗ്രാം ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തു. മലയാളം, തമിഴ്, ഹിന്ദി ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്ന ഇയാള്‍, നഗരത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു പ്രധാന വില്‍പ്പന. മറ്റ് ജില്ലകളിലും ഇയാള്‍ ബ്രൗണ്‍ഷുഗര്‍ വില്‍പ്പന നടത്തുന്നതായാണ് വിവരം.
സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ബാബുവിന്റെ നേതൃത്വത്തില്‍ സി ഐ. ടി കെ അശ്‌റഫ്, ടൗണ്‍ സി ഐ. കെ എ ബോസ്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി രൂപവത്ക്കരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡിലെ എസ് ഐ. കെ പി സൈതലവി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ മോഹന്‍ദാസ്, ടി പി ബിജു പങ്കെടുത്തു.