ആധാരമെഴുത്തുകാര്‍ തിങ്കള്‍ മുതല്‍ പണിമുടക്കും

Posted on: February 4, 2016 9:18 am | Last updated: February 4, 2016 at 9:18 am
SHARE

കോഴിക്കോട്: മുന്നറിയിപ്പില്ലാതെ രജിസ്‌ട്രേഷന്‍ മേഖലയില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ആധാരമെഴുത്തുകാര്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കുന്നു. ഓണ്‍ലൈന്‍ സംവിധാനം നടപ്പില്‍ വരുത്തുന്നതിനു മുമ്പായി അതാത് സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആധാരമെഴുത്തുകാര്‍ക്ക് ബന്ധപ്പെട്ട ഓഫീസില്‍വെച്ച് പരിശീലനം നല്‍കണമെന്ന് വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം രജിസ്‌ട്രേഷന്‍ ഐ ജിയും സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഒരു പരിശീലനവും നല്‍കാതെ ഫെബ്രുവരി എട്ട് മുതല്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ആധാരമെഴുത്തുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജില്ലയില്‍ ആകെ 33 സബ് രജിസ്ട്രാഫീസുകളാണ് ഉള്ളത്. ഇതിന് കീഴില്‍ മാത്രം ആയിരത്തിലധികം ആധാരമെഴുത്തുകാര്‍ ജോലി ചെയ്തുവരുന്നുണ്ട്. ഇതില്‍ പത്ത് രജിസ്ട്രാര്‍ ഓഫീസുകളില്‍ മാത്രം ഒരു ദിവസത്തെ പരിശീലനം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സമാനമായ അവസ്ഥയാണുള്ളത്.
ഈ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അധികവും 50 വയസിന് മുകളിലുള്ളവരായതിനാല്‍ ഇവര്‍ക്ക് ഇത് പഠിച്ചെടുക്കാന്‍ കൂടുതല്‍ സമയമെടുക്കും. രണ്ട് മാസമെങ്കിലും പരിശീലനം നല്‍കിയാല്‍ മാത്രമേ ഇവര്‍ക്ക് ഏകദേശ രൂപമെങ്കിലും ലഭിക്കുകയുള്ളൂ എന്നതിനാല്‍ രണ്ടു മാസത്തെ പരിശീലനം നല്‍കണമെന്ന് സര്‍ക്കുലറില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഒരു ദിവസത്തെപ്പോലും പരിശീലനം ലഭിക്കാത്തവരാണ് മിക്കവരും. പെട്ടെന്ന് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നത് ആധാരമെഴുത്തുകാരെ തൊഴില്‍ മേഖലയില്‍ നിന്നും മാറ്റുന്നതിനും യന്ത്രസാമഗ്രികള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന കമ്മീഷന്‍ മുമ്പില്‍ കണ്ട് കൊണ്ടുമാണെന്ന് ആധാരമെഴുത്തുകാര്‍ ആരോപിച്ചു. പരിശീലനം ലഭിക്കാതെ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കിയാല്‍ ശക്തമായ സമരനടപടികള്‍ സ്വീകരിക്കുമെന്ന് ആധാരമെഴുത്ത് അസോ. ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എം കെ അനില്‍കുമാര്‍, പി പി വിജയന്‍, ഇ രാജഗോപാലന്‍, കെ ടി ആശിഷ് കുമാര്‍, കെ സുനില്‍കുമാര്‍, വി കെ സുരേഷ്‌കുമാര്‍ പങ്കെടുത്തു.