ഐ എന്‍ എല്‍ ജനജാഗ്രത യാത്രക്ക് ജില്ലയില്‍ സമാപനം

Posted on: February 4, 2016 9:17 am | Last updated: February 4, 2016 at 9:17 am
SHARE

കോഴിക്കോട്: അസഹിഷ്ണുതക്കും അഴിമതിക്കുമെതിരെ ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് നയിക്കുന്ന ജനജാഗ്രത യാത്രക്ക് ജില്ലയില്‍ സമാപനം. മലാപ്പറമ്പ് ജംഗ്ഷനില്‍ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണ വേദിയായ മുതലക്കുളത്തേക്ക് യാത്രയെ ആനയിച്ചത്. തുടര്‍ന്ന് വൈകീട്ട് ഏഴരയോടെ നടന്ന സ്വീകരണ സമ്മേളനത്തില്‍ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ യോഗേഷ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
രാമന്‍ രാവണനെ കൊന്നു, കൃഷ്ണന്‍ കംസനെ കൊന്നു എന്നത് പോലെ ഗാന്ധിജിയെ ഗോഡ്‌സെ കൊന്നു എന്നാണ് സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നതെന്ന് യോഗേഷ് മാസ്റ്റര്‍ പറഞ്ഞു. ഹിന്ദുക്കളുടെ മനസില്‍ വര്‍ഗീയ വിഷം നിറക്കുകയാണ് ഇവരുടെ ലക്ഷ്യം. ഗോഡ്‌സെക്ക് വീര പരിവേഷം നല്‍കുന്നു. അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നു. വര്‍ഗീയ ഫാസിസ്റ്റുകളുടെ നിരന്തര ഭീഷണികളില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വലിയ അരക്ഷിതാവസ്ഥയിലാണ്. ഇത്തരം വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ അവര്‍ ഇല്ലാതാക്കുന്നു. കല്‍ബുര്‍ഗിയുടെയും മറ്റും കൊലപതാകം ഇതിനുദാഹരണമാണ്. തനിക്ക് നേരെ അഞ്ച് തവണയാണ് വധശ്രമമുണ്ടായത്. തന്നെ ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തിയേക്കും. എന്നാല്‍ മരണത്തില്‍ തനിക്ക് ഭയമില്ല. തന്റെ മരണം രാജ്യത്തെ മതേതരത്വം സംരക്ഷിക്കുന്നതിന് വേണ്ടിയാകുമല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ അഭിമാനമാണെന്നും യോഗേഷ് മാസ്റ്റര്‍ പറഞ്ഞു.