Connect with us

Wayanad

വാണിജ്യവിള: പുത്തന്‍ സാധ്യതകളിലേക്ക് വെളിച്ചം വീശി ഓര്‍ക്കിഡ് പ്രദര്‍ശനം

Published

|

Last Updated

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖല ഗവേഷണകേന്ദ്രത്തില്‍ പൂപ്പൊലി എന്ന പേരില്‍ നടത്തുന്ന മൂന്നാമത് പുഷ്‌പോത്സവത്തിലെ ഓര്‍ക്കിഡ് പ്രദര്‍ശനം കര്‍ഷകരുടെ ചിന്താമണ്ഡലത്തില്‍ സൃഷ്ടിക്കുന്നത് പുതുതരംഗങ്ങള്‍. പ്രദര്‍ശനം കണ്ടിറങ്ങുന്ന കര്‍ഷകരില്‍ ഏറെയും വീടുകളിലേക്ക് മടങ്ങുന്നത് വാണിജ്യവിള എന്ന നിലയില്‍ ഓര്‍ക്കിഡിന്റെ സാധ്യതകളെക്കുറിച്ചുള്ള വിചാരങ്ങളുമായി.
ആയിരത്തില്‍പ്പരം ഇനം ഓര്‍ക്കിഡുകളാണ് പുഷ്‌പോത്സവനഗരിയില്‍ പ്രദര്‍ശനത്തിനുവെച്ചിരിക്കുന്നത്. സിക്കിമില്‍നിന്നു കൊണ്ടുവന്നതാണ് ഇതില്‍ 85 ഇനങ്ങളിലായി 640 ഓര്‍ക്കിഡ് ചെടികള്‍ . സിക്കിമിലെ പാക്യത്തുള്ള നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഓര്‍ക്കിഡ്, ഈ സ്ഥാപനത്തിന്റെ ഡാര്‍ജലിംഗ് ഉപകേന്ദ്രം, കലിംപോങ്ങിലെ സ്വകാര്യ നഴ്‌സറി എന്നിവിടങ്ങളില്‍നിന്നാണ് ഇത്രയും ചെടികള്‍ എത്തിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ ടീച്ചിംഗ് അസിസ്റ്റന്റ് വിഷ്ണുസാവന്ത്, മേഖല ഗവേഷണകേന്ദ്രത്തിലെ ഫാം മാനേജേര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ സിക്കിമിലെത്തി നാഷണല്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരുമായി ചര്‍ച്ചചെയ്താണ് വയനാടന്‍ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ഓര്‍ക്കിഡ് ഇനങ്ങള്‍ തെരഞ്ഞെടുത്തത്.
കര്‍ഷകരടക്കം സന്ദര്‍ശകരെ പരിചയപ്പെടുത്തുക എന്നതിലുപരി കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന പുതിയ ഇനങ്ങള്‍ തയാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിക്കിമില്‍നിന്നു ഓര്‍ക്കിഡുകള്‍ വാങ്ങിയതെന്ന് ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറ്കടര്‍ ഡോ.പി.രാജേന്ദ്രന്‍ പറഞ്ഞു.ഭദ്രമായ വിപണന സംവിധാനം ഉറപ്പുവരുത്തുന്നപക്ഷം വാണിജ്യവിള എന്ന നിലയില്‍ ഓര്‍ക്കിഡ് കൃഷിയുടെ സാധ്യത സംസ്ഥാനത്ത് വളരെ വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഓര്‍ക്കിഡ് ചെടികളുടേയും പൂക്കളുടേയും വിപണനത്തിനു സംസ്ഥാനത്തെ ഓരോ ജില്ലയിലും വിവിധ വകുപ്പുകളുടെ കൂട്ടായ്മയില്‍ ഊര്‍ജസ്വലമായ ചുവടുവെയ്പാണ് ആദ്യം ഉണ്ടാകേണ്ടത്. സുഗമവും ലളിതവുമായ വിപണനസംവിധാനം ഉണ്ടെങ്കില്‍ കാര്‍ഷിക ജില്ലകളുടെ സമ്പദ്ഘടനയില്‍ പ്രകടമായ മാറ്റത്തിന് ഓര്‍ക്കിഡ് കൃഷി കാരണമാകും. കെട്ടുറുപ്പുള്ള വിപണന സംവിധാനത്തിന്റെ അഭാവത്തില്‍ ഓര്‍ക്കിഡിനു വാനില കൃഷിയുടെ ദുരനുഭവം നേരിടേണ്ടിവരും. ജില്ലയില്‍ വാനില കൃഷിയില്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയവര്‍ പിന്നീട് കണ്ണീര്‍കുടിക്കുന്നതിനിടയാക്കിയത് കുറ്റമറ്റ വിപണന സംവിധാനത്തിന്റെ അഭാവമാണ്”-ഡോ.രാജേന്ദ്രന്‍ പറഞ്ഞു.
കാപ്പി, കുരുമുളക്, ഏലം തോട്ടങ്ങളില്‍ കമ്പികള്‍ വലിച്ചുകെട്ടി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതാണ് ഓര്‍ക്കിഡ് എന്ന് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സ്മിത രവി പറഞ്ഞു. തോട്ടങ്ങളിലെ തെങ്ങും കമുകും അടക്കം വൃക്ഷങ്ങളും ഓര്‍ക്കിഡ് കൃഷിക്ക് ഉപയോഗപ്പെടുത്താം. വൃക്ഷങ്ങളുടെ തായ്ത്തടിയില്‍ ചകിരി കെട്ടിവെച്ച് ഓര്‍ക്കിഡ് വളര്‍ത്തുന്നത് എളുപ്പമാണ്. നിലവില്‍ ഭൂമിയുള്ളവര്‍ ഓര്‍ക്കിഡ് കൃഷിക്ക് വേറെ മണ്ണ് അന്വേഷിക്കേണ്ടതില്ല. അഞ്ച് സെന്റിലും വിജയകരമായി നടത്താവുന്നതാണ് ഈ കൃഷി-സ്മിത വിശദീകരിച്ചു.
ഓര്‍ക്കിഡ് കൃഷിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വനം അധികൃതര്‍ മുന്നോട്ടുവരേണ്ടതുണ്ടെന്ന് ഡോ.രാജേന്ദ്രന്‍ പറഞ്ഞു. വനനശീകരണത്തിനു ഒരു പരിഹാരമാണ് ഓര്‍ക്കിഡ് കൃഷി. വനത്തിലെ ജനവാസകേന്ദ്രങ്ങളിലും, ടൂറിസം സങ്കേതങ്ങളിലും, തരിശുകളിലും ഓര്‍ക്കിഡ് കൃഷിക്ക് വനം വകുപ്പ് പദ്ധതി ആവിഷ്‌കരിക്കണം. ഇത് ഓരോ വര്‍ഷവും ആയിരക്കണക്കിനു തൊഴിസവസരങ്ങളുടെ സൃഷ്ടിക്ക് കാരണമാകും. പൂക്കളുടെ വിപണനത്തിലൂടെയുള്ള വരുമാനത്തിനുപുറമേ വനം സൗന്ദര്യവല്‍ക്കരണത്തിനും ഓര്‍ക്കിഡ് കൃഷി സഹായകമാകും-അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest