പൂക്കോട് തടാകക്കരയില്‍ സീ ഫുഡ് കിച്ചന്‍ ആരംഭിക്കുന്നു

Posted on: February 4, 2016 9:12 am | Last updated: February 4, 2016 at 9:12 am
SHARE

വൈത്തിരി: ഫിഷറീസ് വകുപ്പിന്റെ ഏജന്‍സിയായ സാഫിന്റെ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമന്‍) ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘തീരമൈത്രി പദ്ധതിയില്‍’ ഉള്‍പ്പെടുത്തി പൂക്കോട് തടാകക്കരയില്‍ സീഫുഡ് കിച്ചന്‍ ആരംഭിക്കുന്നു. വിവിധയിനം മത്സ്യവിഭവങ്ങള്‍ പാകം ചെയ്ത് വിനോദസഞ്ചാരികള്‍ക്ക് നല്‍കാനും പ്രാദേശിക ഭക്ഷണ സംസ്‌ക്കാരം വിനിമയം ചെയ്യാനുമുദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പൂക്കോട് തടാകം ഉള്‍പ്പെടുന്ന വൈത്തിരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ പുലരി കുടുംബശ്രീ അംഗങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ഏക പട്ടികവര്‍ഗ്ഗ കുടുംബശ്രീ യൂണിറ്റംഗങ്ങളായ ഇവര്‍ കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും മത്സ്യവിഭവപാചകത്തില്‍ പരിശീലനം നേടിയിട്ടുണ്ട്.
തീരമൈത്രി പദ്ധതിയില്‍ കേരളത്തിലാദ്യമായാണ് ഉള്‍നാടന്‍ മത്സ്യമേഖലയില്‍ സീഫുഡ് കിച്ചന്‍ ആരംഭിക്കുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങള്‍ മുഖേനെയും മത്സ്യകര്‍ഷകര്‍ മുഖേനെയും ലഭിക്കുന്ന മത്സ്യങ്ങളുപയോഗിച്ച് നിര്‍മ്മിക്കുന്ന വിവിധ മൂല്യവര്‍ധിത മത്സേ്യാത്പന്നങ്ങള്‍ ഇവിടെ നിന്നും വാങ്ങാവുന്നതാണ്. കേരളീയരുടെ ഇഷ്ടവിഭവമായ കപ്പയും മീനും വിവിധ രുചിക്കൂട്ടുകളില്‍ ഇവിടെ ലഭിക്കും.
ഫെബ്രുവരി ഏഴിന് ഞായറാഴ്ച രാവിലെ 10 ന് പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷമി സീഫുഡ് കിച്ചന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എം ഐ ഷാനവാസ് എം പി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ഡി ടി പി സി മെമ്പര്‍ സെക്രട്ടറി ശീറാം സാംബശിവറാവു, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി ആര്‍ സത്യവതി എന്നിവര്‍ സംബന്ധിക്കും.
വൈത്തിരി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണയോഗം പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സി കുഞ്ഞമ്മദ്കുട്ടി, പിപി അബു, സലീം മേമന, എം വി ബാബു, സി പി അഷറഫ് എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ടി ഉഷാകുമാരി (ചെയര്‍പേഴ്‌സണ്‍) ബഷീര്‍ പൂക്കോടന്‍, സുമചന്ദ്രന്‍ (വൈസ് ചെയര്‍മാന്‍) ബി കെ സുധീര്‍കിഷന്‍ (കണ്‍വീനര്‍) ഷിനോജ്കുമാര്‍.സി ബി, സെബിന്‍ ജോസ് (ജോയിന്റ് കണ്‍വീനര്‍മാര്‍)

LEAVE A REPLY

Please enter your comment!
Please enter your name here