Connect with us

Wayanad

ആദ്യത്തെ കാലിച്ചന്ത മുഖഛായ മാറ്റി വീണ്ടും തുടങ്ങുന്നു

Published

|

Last Updated

മാനന്തവാടി: ജില്ലയിലെ ആദ്യകാലത്തേതും മലബാറില്‍ തന്നെ ഇന്നും സജീവമായി നിലകൊള്ളുന്നതുമായ എടവക ഗ്രാമപഞ്ചായത്തിലെ പാണ്ടിക്കടവ് കാലിചന്തയുടെ മുഖഛായ മാറുന്നു. ആധുനിക സംവിധാനങ്ങളോടു കൂടിയ ചന്ത ഈ മാസം ആറു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
ജില്ലയില്‍ രണ്ടിടങ്ങളിലായാണ് കന്നുകാലി ചന്തയുള്ളത്. ഒന്ന് എടവക പാണ്ടിക്കടവിലും മറ്റൊന്ന് മീനങ്ങാടിയിലുമാണ്. ഇതില്‍ 1962ല്‍ ആരംഭിച്ച പാണ്ടിക്കടവ് ചന്തയാണ് ഏറ്റവും വലിയതും, സജീവമായി നിലകൊള്ളുന്നതും.
ഇവിടെ ചൊവ്വ, ശനി ദിവസങ്ങളിലാണ് ചന്ത. മീനങ്ങാടിയില്‍ ഞായറാഴ്ചയും. കേരള സര്‍ക്കാറും എടവക ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കി വരുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയായ ജലനിധിയില്‍ ഉള്‍പ്പെടുത്തിയാണ് 66 ലക്ഷം രൂപ മുതല്‍ മുടക്കി ആധുനിക രീതിയില്‍ കാലിച്ചന്ത നിര്‍മിച്ചിരിക്കുന്നത്. അറവിനുള്ള സൗകര്യ, കാലികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള സൗകര്യം, കുടിവെള്ള സംവിധാനം എന്നിവയെല്ലാം ചന്തയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ആധുനിക രീതിയിലുള്ള അറവ് ശാലയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
നവീകരിച്ച കാലിചന്തയുടെയും സാനിട്ടറി കോംപ്ലക്‌സിന്റേയും ഉദ്ഘാടനം ആറിന് മന്ത്രി പി കെ ജയലക്ഷ്മി നിര്‍വഹിക്കുമെന്ന് ജോര്‍ജ് പാലംപറമ്പില്‍, ടി സി ജില്‍സണ്‍, നജ്മുദ്ദീന്‍ മുടമ്പത്ത്, ആമിന അവറാന്‍,ജില്‍സണ്‍ തൂപ്പുംകര എന്നിവര്‍ അറിയിച്ചു.