ബത്തേരിയിലെ ആധുനിക മത്സ്യമാര്‍ക്കറ്റ് തുറക്കാന്‍ നടപടിയില്ല

Posted on: February 4, 2016 9:10 am | Last updated: February 4, 2016 at 9:10 am

സുല്‍ത്താന്‍ ബത്തേരി: ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം തികയാന്‍ മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കെ ആധുനിക മത്സ്യമാര്‍ക്കറ്റ് തുറക്കാന്‍ നടപടിയില്ല.
അത്യാധുനിക സൗകര്യങ്ങളോടെ രണ്ടു കോടിയോളം രൂപ ചെലവഴിച്ചാണ് സുല്‍ത്താന്‍ ബത്തേരി ചുങ്കം ബസ്‌സ്റ്റാന്റിന് സമീപം ആധുനിക മാര്‍ക്കറ്റ് സമുച്ചയം നിര്‍മിച്ചത്. 2015 ഫെബ്രുവരി ആറിന് കെട്ടിടോദ്ഘാടനം ഫിഷറീസ് മന്ത്രി കെ ബാബു നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് വൈദ്യുതി ലഭിക്കാത്തതു മാര്‍ക്കറ്റ് തുറക്കാന്‍ തടസ്സമാവുകയായിരുന്നു. കെട്ടിടത്തിന് തൊട്ടരികിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോവുന്നതാണ് വൈദ്യുതി ലഭിക്കാന്‍ തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും. മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതായതോടെ വയറിങ് അടക്കമുള്ളവ നശിപ്പിക്കപ്പെട്ട നിലയിലാണ്. ഇതിനു പുറമെ സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ പുതിയ മുനിസിപ്പല്‍ ഭരണസമിതി മാര്‍ക്കറ്റ് കെട്ടിടം തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.