ചൈനീസ് ഫുട്‌ബോളില്‍ പണമൊഴുകുന്നു; മാര്‍ട്ടിനെസ് ഏഷ്യയിലെ വിലയേറിയ താരം

Posted on: February 4, 2016 5:44 am | Last updated: February 4, 2016 at 12:45 am
SHARE

maxresdefaultബീജിംഗ്: ഏഷ്യന്‍ ഫുട്‌ബോളിലെ താരക്കൈമാറ്റ വിപണിയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു കൊണ്ട് ചൈനീസ് ക്ലബ്ബ് ഗ്വാംഗ്ഷു എവര്‍ഗ്രാന്‍ഡെ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ജാക്‌സന്‍ മാര്‍ട്ടിനെസിനെ ടീമിലെത്തിച്ചു.
മുപ്പത്തൊന്ന് ദശലക്ഷം പൗണ്ടിനാണ് ഇരുപത്തൊമ്പതുകാരനായ കൊളംബിയ സ്‌ട്രൈക്കറെ ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബ് സ്വന്തമാക്കിയത്. നാല് വര്‍ഷത്തേക്കാണ് കരാര്‍. ദുബൈയില്‍ ഈ മാസം ഒമ്പതിന് നടക്കുന്ന ടീമിന്റെ ശൈത്യകാല ക്യാമ്പില്‍ മാര്‍ട്ടിനെസ് ചേരും.
ചെല്‍സിയില്‍ നിന്ന് ബ്രസീലിയന്‍ താരം റാമിറെസ് കഴിഞ്ഞാഴ്ച ജിയാംഗ്‌സു സുനിംഗില്‍ 25 ദശലക്ഷം പൗണ്ടിന്റെ കരാറിലെത്തിയതായിരുന്നു ഏഷ്യയിലെ വലിയ ട്രാന്‍സ്ഫര്‍.
ഇറ്റാലിയന്‍ സീരി എ താരങ്ങളായ ഗെര്‍വീഞ്ഞോയും ഫ്രെഡി ഗുവാരിനും ഈ വര്‍ഷം ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് കൂടുമാറിയവരില്‍ പെടും. ബ്രസീലിയന്‍ ലൂയിസ് ഫിലിപ് സ്‌കൊളാരിയാണ് ഗ്വാംഗ്ഷു എവര്‍ഗ്രാന്‍ഡെയുടെ പരിശീലകന്‍.
ടോട്ടനമിന്റെ പൗളീന്യോ, റോബീന്യോ എന്നീ ബ്രസീലിയന്‍ താരങ്ങളും സ്‌കൊളാരിയുടെ ചൈനീസ് നിരയിലുണ്ട്.
ലോകഫുട്‌ബോളിലെ താരനിരയെ അണിനിരത്തി ചൈനീസ് സൂപ്പര്‍ ലീഗ് വലിയ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ജര്‍മനിയിലെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കഴിഞ്ഞാല്‍ ചൈനീസ് സൂപ്പര്‍ ലീഗാണ് 2014-15 സീസണില്‍ കളിക്കാര്‍ക്കും പരിശീലകര്‍ക്കുമായി ഏറ്റവുമധികം പണം ഒഴുക്കിയത്. 81 ദശലക്ഷം പൗണ്ടിന് മുകളില്‍ വരും ഈ കണക്ക്. യൂറോപ്യന്‍ ലീഗുകളില്‍ നിന്ന് വരും ദിവസങ്ങളില്‍ ഇനിയും താരങ്ങള്‍ ചൈനയിലേക്ക് കൂടുമാറിയേക്കും.