നാഗ്ജിയില്‍ നാളെ കിക്കോഫ്‌

Posted on: February 4, 2016 12:42 am | Last updated: February 4, 2016 at 12:43 am

nagjiകോഴിക്കോട്: 21 വര്‍ഷത്തെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന കോഴിക്കോടിന്റെ അഭിമാന ടൂര്‍ണമെന്റായ നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കോര്‍പറേഷന്‍ ഇ എം സ് സ്റ്റേഡിയത്തില്‍ കിക്കോഫ്. വൈകിട്ട് ഏഴിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ കരുത്തരായ അത്‌ലറ്റികോ പാരനെന്‍സ് ഇംഗ്ലണ്ടിലെ വാട്ട്‌ഫോര്‍ഡ് എഫ് സിയുമായി മാറ്റുരക്കും.
ഇന്ത്യയില്‍ നിന്നും ഒരു ടീം പോലും ഇല്ലാതെ അന്താരാഷ്ട്ര ഫുട്‌ബോളിന്റെ കുത്തക അവകാശപ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എട്ട് ക്ലബ്ബുകളെ അണിനിരത്തി തീര്‍ത്തും പ്രൊഫഷണലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ടൂര്‍ണമെന്റിനായി ബ്രസീലില്‍ നിന്നുള്ള ക്ലബ്ബ് അത്‌ലറ്റികോ പാരനെന്‍സ്, ഇംഗ്ലണ്ടില്‍ നിന്നുള്ള വാട്ട്‌ഫോര്‍ഡ് എഫ് സി, ഒളിമ്പിക് സ്വര്‍ണം ലക്ഷ്യമിട്ട് അര്‍ജന്റീന ഒരുക്കിയെടുക്കുന്ന അണ്ടര്‍ 23 ടീം, ജര്‍മനിയില്‍ നിന്നുള്ള ടി എസ് വി 1860 മ്യൂണിച്ച്, അയര്‍ലന്‍ഡില്‍ നിന്നുള്ള ഷംറോക്ക് റോവേഴ്‌സ് എഫ് സി, ഉക്രൈനില്‍ നിന്നുള്ള എഫ് സി ഡിംപ്രോ ടീമുകള്‍ നഗരത്തില്‍ എത്തി കഴിഞ്ഞു.
മറ്റ് രണ്ട് ടീമുകളായ റൊമാനിയന്‍ ക്ലബ്ബായ റാപ്പിഡ് ബുക്കാറസ്റ്റിന്റെ സീനിയര്‍ ടീം, ഉക്രൈനില്‍ നിന്നുള്ള എഫ് സി വോലിയന്‍ ലുറ്റ്‌സ്‌ക് ടീമുകള്‍ ഇന്ന് രാവിലെയോടെ എത്തി ച്ചേരും.
നാല് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. അത്‌ലറ്റികോ പാരനെന്‍സ്, വാട്ട്‌ഫോര്‍ഡ് എഫ് സി, റാപ്പിഡ് ബുക്കാറസ്റ്റ്, എഫ് സി വോലിയന്‍ ലുറ്റ്‌സ്‌ക് എ ഗ്രൂപ്പിലും അര്‍ജന്റീന അണ്ടര്‍ 23 ടീം, ടി എസ് വി 1860 മ്യൂണിച്ച്, ഷംറോക്ക് റോവേഴ്‌സ് എഫ് സി, ഡിനിപ്രോ ഡിനിപ്രോപ്രട്വോസ്‌ക് ബി ഗ്രൂപ്പിലുമാണുള്ളത്. മത്സരം വീക്ഷിക്കുന്നതിനുള്ള ടിക്കറ്റ് ഇന്ന് മുതല്‍ ഫെഡറല്‍ ബേങ്കിന്റെ വിവിധ ശാഖകളില്‍ നിന്നും കെ ഡി എഫ് എ ഓഫീസില്‍ നിന്നും ലഭിക്കും.
ഗ്യാലറി ടിക്കറ്റ് ഒരാള്‍ക്ക് 150 രൂപയാണ്. പടിഞ്ഞാറേ ഗാലറിക്ക് 200 രൂപയും വി ഐ പി ചെയറിന് 500 രൂപയുമാണ് നിരക്ക്. ഗ്യാലറി സീസണ്‍ ടിക്കറ്റ് 2000 രൂപ, വെസ്‌റ്റേണ്‍ ഗ്യാലറി സീസണ്‍ 2500രൂപ, വി ഐ പി ചെയര്‍ 6000രൂപ എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍.
ടൂര്‍ണമെന്റിന് പ്രതീക്ഷിച്ച സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കാത്തതിനാല്‍ സൗജന്യ ടിക്കറ്റുകള്‍ ഉണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു. പ്രമുഖ കളിക്കാരുള്‍പ്പെടെയുള്ള വി വി ഐപികള്‍ക്ക് മാത്രമായിരിക്കും സൗജന്യ പാസ്.
മത്സരവേദിയായ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലെ നവീകരണ ജോലികള്‍ ഇന്നത്തോടെ പൂര്‍ത്തിയാകും. 30000 പേര്‍ക്കുള്ള സ്ഥിരം ഗാലറിക്ക് പുറമേ ആറായിരം പേര്‍ക്ക് ഇരിക്കാവുന്ന താത്കാലിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. 30000 മുതല്‍ 40000 വരെ കാണികള്‍ സ്‌റ്റേഡിയത്തിലെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. രണ്ടായിരം ലക്ഷം വാട്ട് വെളിച്ചം പകരുന്ന ഫഌഡ്‌ലിറ്റ് ടവറുകളുടെ വൈദ്യുതി പരിശോധനയും നടന്നു. തകരാറുകളുള്ള ബള്‍ബുകള്‍ ഇന്ന് തന്നെ മാറ്റി സ്ഥാപിക്കും. ടീമുകള്‍ക്കുള്ള ഡ്രസിംഗ് റൂം, മീഡിയ സെന്റര്‍, ടൂര്‍ണമെന്റ് കമ്മിറ്റി ഓഫീസ്, പവലിയന്‍ എന്നിവ സജ്ജമായി. പെയിന്റിംഗ് ഫിഫയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സ്‌റ്റേഡിയങ്ങളുടെ നവീകരണം നടത്തിയതെന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കടവ് റിസോര്‍ട്ട്, ഗേറ്റ്‌വേ ഹോട്ടല്‍, പാരമൗണ്ട് ടവര്‍ എന്നിവിടങ്ങളിലാണ് താമസം ഒരുക്കിയിരിക്കുന്നത്.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലി നിര്‍വഹിക്കും. ടൂര്‍ണമെന്റിന്റെ ഫിക്‌സ്്ചര്‍ പ്രകാശനം കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എളമരം കരീം എം എല്‍ എ നിര്‍വഹിച്ചു. പ്രധാന സ്‌പോണ്‍സറായ പി കെ സ്റ്റീല്‍ ഉടമ പി കെ ഷാനവാസ് കരീമില്‍ നിന്നും ഫിക്‌സ്ചര്‍ ഏറ്റുവാങ്ങി.

നാഗ്ജി ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍. തീയ്യതി, സമയം, ടീം ക്രമത്തില്‍.
ഫെബ്രു. 5. ഏഴ് മണി. അത്‌ലറ്റികോ പാരനെന്‍സ്- വാട്ട്‌ഫോര്‍ഡ് എഫ് സി.

6. അര്‍ജന്റീന അണ്ടര്‍ 23- ടി എസ് വി 1860 മ്യൂണിച്ച്.

7. റാപ്പിഡ് ബുക്കാറസ്റ്റ്- എഫ് സി വോലിയന്‍ ലുറ്റ്‌സ്‌ക്.

8. ഷംറോക്ക് റോവേഴ്‌സ്- എഫ് സി ഡിംപ്രോ.

9. വാട്ട്‌ഫോര്‍ഡ് എഫ് സി- റാപ്പിഡ് ബുക്കാറസ്റ്റ്.

10. ടി എസ് വി 1860 മ്യൂണിച്ച്- ഷംറോക്ക് റോവേഴ്‌സ്.

11. അത്‌ലറ്റികോ പാരനെന്‍സ്- എഫ് സി വോലിയന്‍ ലുറ്റ്‌സ്‌ക്.

12. അര്‍ജന്റീന അണ്ടര്‍ 23- എഫ് സി ഡിംപ്രോ.

13. അത്‌ലറ്റികോ പാരനെന്‍സ്- റാപ്പിഡ് ബുക്കാറസ്റ്റ്.

14. അര്‍ജന്റീന അണ്ടര്‍ 23- ഷംറോക്ക് റോവേഴ്‌സ്.

15. വാട്ട്‌ഫോര്‍ഡ് എഫ് സി- എഫ് സി വോലിയന്‍ ലുറ്റ്‌സ്‌ക്.

16. ടി എസ് വി 1860 മ്യൂണിച്ച്- എഫ് സി ഡിംപ്രോ.

17. വിശ്രമദിനം.

18. സെമിഫൈനല്‍. ഗ്രൂപ്പ് എ വിന്നര്‍- ഗ്രൂപ്പ് ബി റണ്ണേഴ്‌സ്.

19. സെമിഫൈനല്‍. ഗ്രൂപ്പ് ബി വിന്നര്‍- ഗ്രൂപ്പ് റണ്ണേഴ്‌സ്.

20. വിശ്രമദിനം.

21 ഫൈനല്‍.