Connect with us

International

അലപ്പൊ നഗരം സിറിയന്‍ സൈന്യം വളഞ്ഞു

Published

|

Last Updated

സിറിയയില്‍ വീണ്ടും യുദ്ധം രൂക്ഷമായതോടെ രാജ്യം ഉപേക്ഷിച്ച് തുര്‍ക്കിയിലേക്ക് രക്ഷപ്പെടുന്ന സിറിയന്‍ പൗരന്‍

ദമസ്‌കസ്: വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ സുപ്രധാനമായ അലപ്പൊ നഗരം സിറിയന്‍ സൈന്യം വളഞ്ഞു. ജനീവയില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ച പരാജയത്തിലേക്ക് നീങ്ങുന്നതിനിടെയാണ് റഷ്യന്‍ വ്യോമാക്രമണ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം വിമത മേഖലയെ വളഞ്ഞിരിക്കുന്നത്. അലപ്പൊ നഗരത്തിലേക്കുള്ള വിതരണ ശൃംഖല ഉപരോധിക്കുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് അലപ്പൊ നഗരത്തിന് നേരെ സൈന്യം ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30ന് അലപ്പോയില്‍ റഷ്യന്‍ വ്യോമാക്രമണം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് സര്‍ക്കാര്‍ സൈന്യവും നഗരത്തെ ആക്രമിക്കുന്നത്. അതിരൂക്ഷമായ ആക്രമണമെന്ന് വിമതര്‍ ഇതിനെ വിശേഷിപ്പിച്ചു. ഇതുവരെ 45 സാധാരണക്കാര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും വിമതര്‍ വ്യക്തമാക്കി. സിറിയന്‍ സൈന്യവും ഇവരുടെ സഖ്യ കക്ഷികളും സിറിയയിലെ ഏറ്റവും വലിയ ഈ നഗരം വളഞ്ഞിരിക്കുകയാണെന്നും തങ്ങളെ സഹായിക്കുന്ന വിദേശ രാഷ്ട്രങ്ങളോട് കൂടുതല്‍ ആയുധം നല്‍കാന്‍ ആവശ്യപ്പെട്ടതായും വിമത പക്ഷം അറിയിച്ചു.
ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. സിറിയന്‍ സര്‍ക്കാറും ഇവരെ പിന്തുണക്കുന്ന റഷ്യയും വിമതര്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇറാഖിലും സിറിയയിലും യുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ ജീവന്‍ രക്ഷാര്‍ഥം ദിനംപ്രതി ആയിരക്കണക്കിന് പേരാണ് അഭയം തേടി യൂറോപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് അഞ്ച് വര്‍ഷം നീണ്ടുനിന്ന സിറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ക്കിടെ സിറിയയില്‍ ബോംബിടുന്നത് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അല്‍നുസ്‌റ ഫ്രണ്ട് പോലുള്ള സിറിയയിലെ തീവ്രവാദ സംഘങ്ങളെ നശിപ്പിക്കുന്നത് വരെ ആക്രമണം നിര്‍ത്തില്ലെന്നായിരുന്നു ഇതിനോട് പ്രതികരിച്ച് കൊണ്ട് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞത്.