കുഞ്ഞിനെ ബലമായി പോലീസ് പിടിച്ചെടുക്കുന്നതിനിടെ മര്‍ദ്ദനമേറ്റ അമ്മ ആശുപത്രിയില്‍

Posted on: February 4, 2016 12:12 am | Last updated: February 4, 2016 at 12:12 am

തൊടുപുഴ: കോടതി മുറ്റത്ത് അമ്മയുടെ കഴുത്തില്‍ കെട്ടിപ്പിടിച്ച് കിടന്ന പിഞ്ചുകുഞ്ഞിനെ പോലീസ് ബലമായി പിടിച്ചെടുക്കുന്നത് തടയവെ മര്‍ദ്ദനമേറ്റ അമ്മ ആശുപത്രിയില്‍. പരുക്കേറ്റ മങ്കുവ സ്വദേശിനി പറമ്പില്‍ ബിന്ദു(38)വിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച തൊടുപുഴ കുടുംബകോടതി പരിസരത്താണ് സംഭവം. ബിന്ദുവും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശനത്തെ സംബന്ധിച്ച് കോടതിയില്‍ കേസ് നിലവിലുണ്ട്. ഇവരുടെ ആറ് വയസ്സുള്ള മകനെ ഭര്‍ത്താവിന്റെ കൂടെ വിടാന്‍ കോടതി നിര്‍ദേശിച്ചു.കോടതി കഴിഞ്ഞ് മുറ്റത്ത് എത്തിയപ്പോള്‍ കുട്ടി അച്ഛന്റെ കൂടെ പോകാന്‍ തയ്യാറായില്ല. അമ്മയുടെ കഴുത്തില്‍ കെട്ടിപ്പിടിച്ച് നിലവിളിക്കുന്ന കുഞ്ഞിനെ പോലീസ് ബലപ്രയോഗത്തിലൂടെ അമ്മയില്‍ നിന്ന് വേര്‍പെടുത്തി. ഈ സമയം കുട്ടി അലറിക്കരഞ്ഞുകൊണ്ട് പോലീസിന്റെ കൈയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇത് കാര്യമാക്കാതെ പോലീസ് കുട്ടിയെ നിലത്തുകൂടെ വലിച്ചിഴച്ചു കൊണ്ട് പോയെന്നാണ് ആരോപണം. കുട്ടിയോട് പോലീസ് കാണിക്കുന്ന ക്രൂരത കണ്ട് ബിന്ദു അലറിക്കരഞ്ഞു. കുട്ടിയുടെ അടുത്തേക്ക് ഓടിച്ചെന്ന ബിന്ദുവിനെ പോലീസ് അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ച് ജീപ്പിന്റെ പ്ലാറ്റ്‌ഫോമിലേക്ക് പൊക്കിയെടുത്ത് എറിഞ്ഞു. ഈ സമയം ബിന്ദു ബോധരഹിതയായി. പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പോലീസ് ബിന്ദുവിന്റെ മുഖത്ത് വെള്ളം ഒഴിച്ചപ്പോഴാണ് ബോധം വന്നതെന്ന് ബിന്ദു പറഞ്ഞു. സിവില്‍ സ്റ്റേഷന്റെ മുറ്റത്ത് ബിന്ദുവിനെ ഉപദ്രവിക്കുന്നത് ക് ഫോട്ടോയെടുക്കാന്‍ തുനിഞ്ഞ ന്യൂസ് ഫോട്ടോഗ്രാഫര്‍ എം എസ് ജിത്തിനെ പോലീസ് കൈയേറ്റം ചെയ്യുകയും ക്യാമറ കേടുവരുത്തുകയും ചെയ്തിരുന്നു.
മുരിക്കാശ്ശേരിയിലെ സാമൂഹ്യപ്രവര്‍ത്തക സിസിലി തോമസിന്റെ ജാമ്യത്തിലാണ് യുവതിയെ പോലീസ് വിട്ടയച്ചത്. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് ബിന്ദു പറഞ്ഞു.
ന്യൂസ് ഫോട്ടോഗ്രാഫറെ പോലീസ് കൈയേറ്റം ചെയ്തതില്‍ തൊടുപുഴ ഡി വൈ എസ് പിയില്‍നിന്ന് റിപ്പോര്‍ട്ട് തേടിയെന്ന് ജില്ലാ പോലീസ് മേധാവി കെ വി ജോസഫ് അറിയിച്ചു.
അതേ സമയം യുവതിയില്‍ നിന്നും കുഞ്ഞിനെ പിടിച്ചെടുക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ആരെയും അനുവദിക്കരുതെന്ന ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശമുണ്ടായിരുന്നെന്നും ഇക്കാരണത്താലാണ് ജിത്തിനെ പോലീസ് ഉദ്യോഗസ്ഥന്‍ കൈയേറ്റം ചെയ്തതെന്നും പറയുന്നു.