അഞ്ച് പവന്‍ഹന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി ബി ഐ കേസ്‌

Posted on: February 4, 2016 6:02 am | Last updated: February 4, 2016 at 12:03 am

cbiകൊച്ചി: ലക്ഷദ്വീപില്‍ നിന്ന് അടിയന്തര സര്‍വീസിനായി ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച ഇനത്തില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയ പവന്‍ ഹന്‍സ് ഹെലികോപ്‌റ്റേഴ്‌സ് ലിമിറ്റഡിലെ മലയാളികളടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥരെ പ്രതിയാക്കി സി ബി ഐ കേസെടുത്തു. പവന്‍ ഹന്‍സ് മുംബൈയിലെ വെസ്റ്റേണ്‍ റീജിയന്‍ ജനറല്‍ മാനേജര്‍ എസ് കെ ദാസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) സി എം സോമനാഥന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പേഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) എച്ച് എന്‍ ഗാഗ്, ലക്ഷദ്വീപിലെ മുന്‍ ബേസ് അസിസ്റ്റന്റ് ഷെഹര്‍ബാന്‍ മുഹമ്മദ്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പവന്‍ഹന്‍സ് കണ്‍സല്‍ട്ടന്റ് വി എ അലക്‌സാണ്ടര്‍ എന്നിവരും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതാനും ഉദ്യോഗസ്ഥരുമാണ് പ്രതികള്‍. സിന്‍ഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥര്‍, എയര്‍പോര്‍ട്ട് അതോറിറ്റി, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കേസില്‍ പ്രതികളാകുമെന്നാണ് സൂചന.
ലക്ഷദ്വീപില്‍ നിന്ന് അത്യാസന്ന നിലയിലുള്ള രോഗികളെയും മറ്റും അടിയന്തര ഘട്ടങ്ങളില്‍ കരയിലേക്ക് കൊണ്ടുവരുന്നതിന് ദ്വീപ് അഡ്മിനിസ്‌ട്രേഷനും കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ പവര്‍ ഹന്‍സ് ഹെലികോപ്‌റ്റേഴ്‌സ് ലിമിറ്റഡുമായി കരാറുണ്ട്. കവരത്തി അടക്കമുള്ള ദ്വീപുകളിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബേസ്‌മെന്റുകളാണ് പവന്‍ഹന്‍സ് ഹെലികോപ്റ്റര്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ബേസ്‌മെന്റുകള്‍ക്ക് നല്‍കേണ്ട ഹാന്റ്‌ലിംഗ് ചാര്‍ജും പവന്‍ഹന്‍സിലെ പൈലറ്റുമാര്‍ക്ക് സര്‍വീസ് നടത്തുന്നതിന് ആവശ്യമായ ഫണ്ടും വരുന്നത് മുംബൈയിലെ പവന്‍ഹന്‍സ് ഓഫീസില്‍ നിന്ന് കവരത്തിയിലെ സിന്‍ഡിക്കേറ്റ് ബേങ്കിലെ അക്കൗണ്ടിലേക്കാണ.് ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് അടക്കം ബേങ്ക് അക്കൗണ്ടിലേക്ക് വരുന്ന പണം പവന്‍ഹന്‍സ് ഉദ്യോഗസ്ഥര്‍ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് പരാതി.
ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി വെട്ടിപ്പു നടത്തിയതിന്റെ ഫലമായി 2008 മുതല്‍ 2013 വരെ 1.30 കോടിയുടെ നഷ്ടം കമ്പനിക്ക് സംഭവിച്ചുവെന്ന് കാണിച്ച് പവന്‍ഹന്‍സ് ഹെലികോപ്‌റ്റേഴ്‌സ് ലിമിറ്റഡിന്റെ ഡല്‍ഹിയിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ സി ബി ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കൊച്ചി യൂനിറ്റ് കേസെടുത്തത്.
ലക്ഷദ്വീപിലെ കവരത്തി പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികളുടെ ഓഫീസുകളിലും വസതികളിലും സി ബി ഐ ഇന്‍സ്‌പെക്ടര്‍ പി ഐ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തു. മുംബൈയില്‍ മൂന്നിടത്തും വി എ അലക്‌സാണ്ടറിന്റെ പത്തനംതിട്ടയിലെ വസതിയിലും ഷെഹര്‍ബാന്‍ മുഹമ്മദിന്റെ കവരത്തിയിലെ വസതിയിലും പരിശോധന നടന്നു. പിടിച്ചെടുത്ത രേഖകള്‍ നാളെ കവരത്തി കോടതിയില്‍ ഹാജരാക്കും.