എന്‍ഡോസള്‍ഫാന്‍ പുരുഷ വന്ധ്യതക്ക് കാരണമാകുന്നുവെന്ന് പുതിയ കണ്ടെത്തല്‍

Posted on: February 4, 2016 6:00 am | Last updated: February 4, 2016 at 12:01 am
ഡോ. സതീഷ് സി  രാഘവന്‍
ഡോ. സതീഷ് സി
രാഘവന്‍

കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ പുരുഷ വന്ധ്യതക്ക് കാരണമാകുന്നതായി പഠനം. എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെട്ട പ്രദേശങ്ങളിലെ മനുഷ്യ ശരീരത്തില്‍ കാണപ്പെട്ട എന്‍ഡോസള്‍ഫാന്‍ അളവിനു സമാനമായ തോതില്‍ ശുദ്ധമായ എന്‍ഡോസള്‍ഫാന്‍ തന്മാത്രകളുപയോഗിച്ച് ആണ്‍ എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് എന്‍ഡോസള്‍ഫാന്‍ പുരുഷ വന്ധ്യതക്ക് കാരണമാകുന്നുണ്ടെന്ന് വ്യക്തമായത്.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ പ്രൊഫസറും ക്യാന്‍സറിന്റെ മരുന്ന് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനുമായ ഡോ. സതീഷ് സി രാഘവനാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ ജീവികളില്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പയ്യന്നൂര്‍ സ്വദേശികൂടിയായ ഡോ സതീഷ് സി രാഘവന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ അന്വേഷണം നടത്തിയത്. എലികളില്‍ നടത്തിയ പഠനത്തില്‍ രക്താണുക്കളുടെ എണ്ണത്തിലുള്ള കയറ്റിറക്കങ്ങള്‍ക്കു പുറമേ കരള്‍, ശ്വാസകോശം എന്നീ അവയവങ്ങള്‍ പ്രകടമായ മാറ്റം കാണിച്ചുവെന്ന് പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ബോധ്യമായി. എന്നാല്‍ വൃഷണങ്ങളിലുണ്ടായ മാറ്റം ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനത്തിന് വഴി തെളിയിക്കുകയായിരുന്നുവെന്ന് സതീഷ് രാഘവന്‍ പറഞ്ഞു.
മോളിക്യൂലര്‍ ബയോളജിയില്‍ പരക്കെ ഉപയോഗിക്കപ്പെടുന്ന സങ്കീര്‍ണമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് നടത്തിയ തുടര്‍പരീക്ഷണങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ മൂലം വൃഷണങ്ങളിലുണ്ടായ തകരാറുകള്‍ ബീജോത്പാദന പ്രക്രിയയെ ബാധിക്കുന്നതായി കണ്ടെത്തി. എലികളില്‍ ഈ പ്രക്രിയ മുപ്പത് മുതല്‍ മുപ്പത്തിയഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്നതാണ്. ബീജോത്പാദന പ്രക്രിയയിലെ മാറ്റങ്ങള്‍ ബീജങ്ങളുടെ എണ്ണത്തിനെയും ചലന രീതിയെയും വളരെയധികം കുറക്കുന്നതായും ഗവേഷക സംഘം കണ്ടെത്തി. ബീജങ്ങളുടെ ഡി എന്‍ എ കണികകളില്‍ തകരാറിനു കാരണമായേക്കാവുന്ന ഓക്‌സിജന്‍ റാഡിക്കല്‍സിന്റെ അളവും എന്‍ഡോസള്‍ഫാന്‍ കൊടുത്ത എലികളുടെ ബീജസഞ്ചിയില്‍ കൂടുതലായി കണ്ടെത്തി.
എന്‍ഡോസള്‍ഫാന്‍ കൊടുക്കാത്ത എലികളെ അപേക്ഷിച്ച് ഏതാണ്ട് മുപ്പത് ശതമാനം എന്‍ഡോസള്‍ഫാന്‍ ബാധിത എലികള്‍ വന്ധ്യരാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചു. എന്നാല്‍ പെണ്ണെലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കൂടുതല്‍ മാറ്റം കണ്ടെത്താനായില്ല. എന്‍ഡോസള്‍ഫാനെക്കുറിച്ച് ഇത്തരത്തില്‍ സമഗ്രമായ പഠനം ആദ്യമായാണെന്നും ബംഗളൂരുവിലെ ഗവേഷക സംഘം അവകാശപ്പെട്ടു.