Connect with us

Malappuram

ഡോ. കരീം ആദ്യം കാന്‍സറിനെ കീഴടക്കി; പിന്നെ ജനമനസ്സുകളെയും

Published

|

Last Updated

ഡോ. അബ്ദുല്‍ കരീം

മലപ്പുറം: നിശ്ചയ ദാര്‍ഢ്യവും ആത്മ വിശ്വാസവുമുണ്ടെങ്കില്‍ മാരക രോഗമായ ക്യാന്‍സറിനെയും തുരത്തിയോടിക്കാം എന്നതിന്റെ നേര്‍സാക്ഷ്യമാണ് വണ്ടൂരിലെ പാവങ്ങളുടെ ഡോക്ടറായ പി അബ്ദുല്‍ കരീം. ക്യാന്‍സറിനെ കീഴടക്കിയ ജീവിതമിപ്പോള്‍ രോഗികളുടെ കണ്ണീരൊപ്പുന്ന തിരക്കിലാണ്. 41-ാമത്തെ വയസിലാണ് ക്യാന്‍സര്‍ രോഗം അബ്ദുല്‍ കരീം ഡോക്ടറെ പിടികൂടിയത്. തൊണ്ടയിലാണ് ക്യാന്‍സര്‍ബാധ ആദ്യം കണ്ടത്. ഒമ്പത് മാസത്തെ ചികിത്സക്കൊടുവില്‍ മുംബൈയിലെ ടാറ്റാ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ ചെയ്തതോടെ ക്യാന്‍സര്‍ പൂര്‍ണമായി സുഖം പ്രാപിച്ചു. അനേകം ക്യാന്‍സര്‍ രോഗികളുടെ വേദനകള്‍ കാണേണ്ടി വന്ന ഡോക്ടര്‍ ആശുപത്രിക്കിടക്കയില്‍ നിന്ന് എടുത്ത തീരുമാനമായിരുന്നു ഇനിയുള്ള ജീവിതം ക്യാന്‍സര്‍ രോഗികള്‍ക്കായി മാറ്റി വെക്കണമെന്ന്. ഈ കടുത്ത തീരുമാനമാണ് എഴുപത്തിനാലാം വയസ്സിലും നൂറ് കണക്കിന് രോഗികള്‍ക്ക് സാന്ത്വനമേകുന്നത്. ജീവിത യാത്രയിലെ പ്രതിസന്ധികളെയെല്ലാം മനഃശക്തി കൊണ്ട് നേരിട്ട ഇദ്ദേഹം നാടു മുഴുവനും സഞ്ചരിച്ച് ക്യാന്‍സര്‍ ബോധവത്കരണം നടത്തി. വിവിധ സ്ഥലങ്ങളില്‍ 400 ലധികം ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ക്യാന്‍സറിനെതിരെ ബോധവത്കരണവുമായി 1996ല്‍ കാരുണ്യ സൊസൈറ്റികള്‍ സ്ഥാപിച്ചു. മലപ്പുറം ക്യാന്‍സര്‍ കണ്‍ട്രോള്‍ സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1998ല്‍ ഈ കൂട്ടായ്മ സര്‍ക്കാര്‍ ഏറ്റെടുത്തു.
175 ഓളം പേരുടെ ക്യാന്‍സര്‍ രോഗം കരീം ഡോക്ടര്‍ ഇതിനകം പൂര്‍ണമായും സുഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ പാവപ്പെട്ട രോഗികളുടെ അത്താണിയാകുകയാണ് ഇദ്ദേഹം. 1966 വണ്ടൂര്‍ വി എം എസി യില്‍ നിന്ന് പത്താം ക്ലാസ് പാസായ ശേഷം ഫാറൂഖ് കോളജില്‍ നിന്ന് ബിരുദം നേടി. 1970 കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എം ബി ബി എസ് ബിരുദം നേടിയാണ് ആതുര ശുശ്രൂഷയിലേക്ക് കടന്നത്. എടവണ്ണ പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് ആദ്യം സേവനമനുഷ്ഠിച്ചത്. 1997 ല്‍ വണ്ടൂരിലെ പി എച്ച് സിയില്‍ നിന്ന് വിരമിച്ച ശേഷം ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി നീക്കി വെച്ചു. ഇതിന്റ കൂടെ വൈകുന്നേരങ്ങളില്‍ ഒരു രൂപക്ക് രോഗികളെ ചികിത്സിച്ചിരുന്നു. 2005 വരെ ഈ സേവനം തുടര്‍ന്നു. അവസാനം പത്ത് രൂപ വരെയായിരുന്നു ഫീസ്. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ സേവനം ചെയ്യുകയും അവര്‍ക്ക് വേണ്ട മരുന്നുകള്‍ നല്‍കുകയും ചെയ്തു.
2005 ല്‍ വണ്ടൂരിലെ നിംസ് ആശുപത്രി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി. ചെയര്‍മാനായി ചുമതലയേറ്റു. ഇവിടെ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയും ഡയാലിസിസും സൗജന്യ നിരക്കില്‍ നല്‍കുന്നുണ്ട്. തുടക്കത്തില്‍ രോഗ ലക്ഷണം കണ്ടാല്‍ ക്യാന്‍സര്‍ രോഗം മാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ്് ഡോക്ടറുടെ അനുഭവ സാക്ഷ്യം. സമൂഹത്തിന്റെ തെറ്റായ ധാരണകള്‍ മാറേണ്ടതുണ്ട്. രോഗികള്‍ക്ക് ആത്മവിശ്വാസവും, സമൂഹത്തിലെ സാന്ത്വന സ്പര്‍ശവുമാണ് ലഭിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വണ്ടൂര്‍ പ്രദേശത്തെ ആദ്യത്തെ എം ബി ബി എസുകാരന്‍ കൂടിയായ ഇദ്ദേഹം ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിന് പുറമെ 2001 ല്‍ ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ കൈപ്പിടിച്ചുയര്‍ത്തുന്നതിന് ആശ്രയ എന്ന പേരില്‍ പ്രത്യേക സ്‌കൂള്‍ സ്ഥാപിച്ചു. കൈത്തൊഴില്‍ നല്‍കാനും അവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 82 കുട്ടികള്‍ക്ക് പഠിക്കുന്ന ഇവിടെ സൗജന്യ വിദ്യാഭ്യാസമാണ് നല്‍കുന്നത്. ക്യാന്‍സര്‍ രോഗിയുടെ വിഷാദത്തെക്കുറിച്ച് ഇദ്ദേഹം എഴുതിയ കവിതക്ക് അമേരിക്കയിലെ പോയട്രി ഡോട്ട് കോം എന്ന വെബ്‌സൈറ്റിന്റെ മികച്ച കവിതാ പുരസ്‌കാരം ലഭിച്ചു. ആശുപത്രി ജീവിതത്തിലെ ഓര്‍മക്കുറിപ്പുകള്‍ പുസ്തക രൂപത്തില്‍ തയ്യാറാക്കുന്ന പണിപ്പുരയിലാണിപ്പോള്‍ കരീം ഡോക്ടര്‍. ഭാര്യ: ഖദീജ, മക്കള്‍: യൂനുസ് (സഊദി), ഹിഫ്‌സുര്‍റഹ്മാന്‍ (ഡെന്റല്‍ ഡോക്ടര്‍ ഫാത്തിമ ക്ലിനിക്ക്), ഉമൈസ, ജമാല്‍ (എം ബി ബി എസ് വിദ്യാര്‍ഥി, ഇംഗ്ലണ്ട്)

Latest