33 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി

Posted on: February 4, 2016 5:56 am | Last updated: February 3, 2016 at 11:57 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 100 കൂട്ടികളില്‍ കൂടുതലുള്ള 33 സ്‌പെഷ്യല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്തഘട്ടമായി 50 കുട്ടികളില്‍ കൂടുതലുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. 17ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഈ സ്‌കൂളുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌പെഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായ മലപ്പുറം ജില്ലയിലെ മലാപ്പറമ്പ് അസീസി സ്‌കൂള്‍ ഫോര്‍ ദ ഡഫ്, പാലക്കാട് ജില്ലയിലെ വെസ്റ്റ് യാക്കര ശ്രവണ-സംസാര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയിലെ സ്വാശ്രയ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് എയ്ഡഡ് പദവി അനുവദിച്ചു.
വാഴക്കാട് കാരുണ്യഭവന്‍ സ്‌കൂള്‍ ഫോര്‍ ഡഫിന് കൊമേഴ്‌സ് അല്ലെങ്കില്‍ ഹ്യുമാനിറ്റീസ് ബാച്ച് അനുവദിച്ച് ഹയര്‍ സെക്കന്‍ഡറി/എയ്ഡഡ് സ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്യും. പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തുന്ന ബഡ്‌സ് സ്‌കൂളുകളില്‍ 25 കുട്ടികളുണ്ടെങ്കിലും എയ്ഡഡ് പദവി അനുവദിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലാണ് ആദ്യമായി ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതോടെ വിദ്യാഭ്യാസരംഗത്ത് നിലനിന്നിരുന്ന വലിയ അനീതിക്കാണ് അവസാനമായത്. സാധാരണ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു വരെ സൗജന്യവിദ്യാഭ്യാസം ലഭിക്കുമ്പോള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ പലരുടെയും ഔദാര്യത്താല്‍ പഠിക്കേണ്ട സാഹചര്യമാണ് നിലനിന്നിരുന്നത്. എന്നാല്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതില്‍ കോടികളുടെ അഴിമതി ആരോപിക്കുകയാണ് പ്രതിപക്ഷനേതാവ് ചെയ്തത്. അണ്‍ എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമ്പോള്‍ യോഗ്യതയുള്ള അധ്യാപകര്‍ തുടരും. അവര്‍ക്ക് അര്‍ഹമായ ആനുകൂല്യവും ലഭിക്കും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here