ഗെയില്‍ പദ്ധതിയും കോടതി വിധിയും

Posted on: February 4, 2016 6:00 am | Last updated: February 3, 2016 at 11:53 pm
SHARE

കൊച്ചി-മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ക്കും ജയലളിത സര്‍ക്കാറിനും ആഘാതമാണ്. പൈപ്പ് ലൈന്‍ കൃഷിയിടങ്ങളിലൂടെ കൊണ്ടുപോകുന്നത് നിരോധിച്ച തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനം റദ്ദാക്കുകയായിരുന്നു കോടതി. പദ്ധതി കേന്ദ്ര സര്‍ക്കാറിന് കീഴിലായതിനാല്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാന്‍ അധികാരമില്ലെന്ന ഗെയിലിന്റെ വാദം കോടതി അംഗീകരിച്ചു. തമിഴ്‌നാട്ടില്‍ പദ്ധതി കടന്നുപോകുന്ന അഞ്ഞൂറിലേറെ കി. മീറ്റര്‍ കാര്‍ഷിക മേഖലയായതിനാല്‍ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പൈപ്പ് ലൈനിന്റെ ദിശ മാറ്റാന്‍ ഗെയിലിനോട് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചതും കൃഷിഭൂമിയിലൂടെ പൈപ്പിടുന്നത് നിരോധിച്ചതും. ദേശീയ പാതയിലൂടെ പൈപ്പിടണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. 2013ലാണ് തമിഴ്‌നാട്ടില്‍ ഇതു സംബന്ധിച്ചു കര്‍ഷക പ്രക്ഷോഭം അരങ്ങേറിയതും സര്‍ക്കാര്‍ ഇടപെട്ടതും. ഏതായാലും കൃഷിഭൂമിയിലൂടെ പൈപ്പിടാന്‍ വീണ്ടും തുനിഞ്ഞാല്‍ ശക്തമായി എതിര്‍ക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കോടതി വിധി മറകടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നു.
വാതക പൈപ്പ് ലൈന്‍ പ്രദേശത്തെ ജനങ്ങള്‍ക്കും ഭൂമിക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ചോര്‍ച്ചയോ പൊട്ടിത്തെറിയോ സംഭവിച്ചാല്‍ കൂട്ടമരണം സംഭവിച്ചേക്കാം. 2014 ജൂണ്‍ 27ന് ആന്ധ്രാ പ്രദേശിലെ കിഴക്കന്‍ ഗോദാവരിയില്‍ ഗെയില്‍ വാതകക്കുഴല്‍ പൊട്ടിത്തറിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. കര്‍ണാടകയിലെ ഈസ്റ്റ് ഗോദാവരിയിലും ഗുജറാത്തിലെ ഹസീറയിലും ഗോവയിലെ വാസ്‌കോയിലും അപകടങ്ങള്‍ സംഭവിക്കുകയുണ്ടായി. ഇതാണ് ജനവാസ കേന്ദ്രങ്ങളിലെയും കാര്‍ഷിക മേഖലയിലെയും ജനങ്ങള്‍ പദ്ധതിക്കെതിരെ രംഗത്ത് വരാനിടയാക്കിയത്. മറ്റു രാജ്യങ്ങള്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും അപകടമുണ്ടായാല്‍ ജനങ്ങളെ ബാധിക്കാത്ത വിധം ആള്‍പാര്‍പ്പുള്ള മേഖലയില്‍ നിന്ന് വളരെ അകലെയുമാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ജനവാസ മേഖലയില്‍ നിന്ന് 45 കി. മീറ്റര്‍ ദൂരം പാലിക്കണമെന്ന് നിയമമുണ്ട്. ഗെയില്‍ വാതക പൈപ്പ് സ്ഥാപിക്കുന്നതിന് ഇത്രയും ദൂരപരിധി പോലും നിശ്ചയിച്ചിട്ടില്ല. കേന്ദ്രപദ്ധതിയായതിനാല്‍ സംസ്ഥാനത്തിന് ഇടപെടാവതല്ല എന്ന സാങ്കേതിക കാരണത്തില്‍ തമിഴ്‌നാടിന്റെ ഉത്തരവ് റദ്ദാക്കുമ്പോള്‍ പദ്ധതി പ്രദേശത്തെ 5500-ഓളം കര്‍ഷകരുടെ ആശങ്ക കൂടി കോടതി കണക്കിലെടുക്കേണ്ടതായിരുന്നു.
പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ട് പോകുന്നതിന് പെട്രോളിയം ആന്‍ഡ് മിനറല്‍സ് പൈപ്പ് ലൈന്‍സ്(അക്വിസിഷന്‍ ഓഫ് യൂസ് ഇന്‍ലാന്‍ഡ്) നിയമം 1962ല്‍ കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍ പോലെ ജനവാസം കുറഞ്ഞ സംസ്ഥാനങ്ങളെ മുന്നില്‍ കണ്ടാണ് ഈ നിയമം കൊണ്ടുവന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിന്റെ ബലത്തില്‍ കേരളം പോലെ ജനസാന്ദ്രവും തമിഴ്‌നാട്, കര്‍ണാടക പോലെ കൃഷിപ്രാധാനവുമായ പ്രദേശങ്ങളിലൂടെ പൈപ്പ് സ്ഥാപിക്കുന്നത് ന്യായീകരിക്കാവതല്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം സുപ്രീം കോടതി വിധിയിലെ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം കര്‍ഷകര്‍ക്ക് ഗുണകരമാണ്. നിലവില്‍ വിപണി മൂല്യത്തിന്റെ പത്ത് ശതമാനം കൂടുതല്‍ നല്‍കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇത് 30 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നാണ് ഉത്തരവ്. എന്നാല്‍ മേല്‍കേസില്‍ കേരളം കക്ഷി ചേരാത്തതിനാല്‍ നഷ്ട പരിഹാരം വര്‍ധിപ്പിച്ചതിന്റെ ഗുണം ഭൂമി വിട്ടുകൊടുക്കുന്ന കേരളീയര്‍ക്ക് ലഭിക്കില്ല. വര്‍ധിപ്പിച്ച നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് കേരളം കോടതിയെ സമീപിച്ചെങ്കില്‍ മാത്രമേ ഇത് ലഭ്യമാകുകയുള്ളൂവെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ആവശ്യമാണ്.
505 കി. മീറ്റര്‍ ദൂരത്തില്‍ 3200 കോടിയുടെ പദ്ധതിയാണ് ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് കേരളം വിഭാവനം ചെയ്യുന്നത്. മംഗളൂരുവില്‍ നിന്ന് വാതകം കൊച്ചി പുതുവൈപ്പിനിലെ പെട്രോനെറ്റ് ടെര്‍മിനലില്‍ എത്തിച്ച് അവിടെ നിന്ന് വിതരണം ചെയ്യാനാണ് പദ്ധതി. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകള്‍ക്ക് പദ്ധതി വന്‍പ്രയോജനം ചെയ്യും, സംസ്ഥാനത്ത് ഊര്‍ജപ്രതിസന്ധി അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കെ പദ്ധതിയോട് തത്വത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പിടുന്നതിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിലുമാണ് പ്രതിഷേധം. പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് മതിയായ വില ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. പല പ്രദേശങ്ങളിലും ഭൂമി ഏറ്റെടുക്കലിനുള്ള സര്‍വേ തടസ്സപ്പെട്ടത് ഇതുകൊണ്ടാണ്. ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് പദ്ധതി നടപ്പാക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യാന്‍സര്‍ക്കാര്‍ ജാഗ്രത കാണിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here