നെല്ലിക്കുത്ത് ഉസ്താദ് : അറിവിന്റെ മറുകര തേടിയ ജീവിതം

Posted on: February 4, 2016 5:48 am | Last updated: February 3, 2016 at 11:51 pm
SHARE

mk-ismail-musliyar-nellikuth (1)അനാഥത്വം, ദാരിദ്ര്യം, പട്ടിണി… ഒരു പ്രതിഭയെ മുളയിലേ നുരുമ്പിക്കളയാന്‍ ഇത്തരം ഭൗതിക സാഹചര്യങ്ങള്‍ ധാരാളമാണ്. പക്ഷേ, മുസ്‌ലിയാരകത്ത് അഹ്മദ് മുസ്‌ലിയാരുടെയും കോട്ടക്കുത്ത് മര്‍യത്തിന്റെയും മകന്‍ ഈ പ്രതികൂലങ്ങളെയെല്ലാം വളമാക്കി, ഊര്‍ജമാക്കി വളര്‍ന്നു അറിവിന്റെ ലോകത്തെ തികവായി. അതായിരുന്നു മര്‍ഹും നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍. പ്രതിഭാശാലിയായ ആ മഹാ പണ്ഡിതന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വര്‍ഷം തികയുന്നു.
അതിശയകരമായിരുന്നു ശൈഖുന നെല്ലിക്കുത്ത് ഇസ്മാഈല്‍ ഉസ്താദിന്റെ ജീവിതം. ഒരു ശൈശവം അസ്ഥിരമാക്കാന്‍, ഫലശൂന്യമാക്കാന്‍ ഏതൊക്കെ ഭൗതിക സാഹചര്യങ്ങള്‍ വേണോ അതൊക്കെ ഉസ്താദിന്റെ കുട്ടിക്കാലത്തെ പൊതിഞ്ഞുനിന്നിരുന്നു. ചില വിത്തുകള്‍ അങ്ങനെയാണ്. അതേതു മരുഭൂമിയില്‍ കൊണ്ടുചെന്നിട്ടാലും മുളയ്ക്കും. തളിര്‍ക്കും, കായ്ക്കും, ഫലം തരും. സമൃദ്ധമായ ജീവിത സാഹചര്യങ്ങളില്‍ പോലും മുളക്കരുത്തില്ലാത്തത് പതിരായി പോകുകയും ചെയ്യും. കടുത്ത പ്രതിസന്ധികളെ ധിഷണ കൊണ്ട് വഴിക്കുവരുത്തിയ അസാമാന്യ പ്രതിഭാശാലിയായിരുന്നു നെല്ലിക്കുത്ത് ഉസ്താദ്.
നാല്‍പ്പതുകളാണ് ഉസ്താദിന്റെ പ്രഥമിക വിദ്യാഭ്യാസ കാലം. അത് അസ്ഥിരതയുടെയും സംഘര്‍ഷങ്ങളുടെയും കാലമായിരുന്നു. അമ്പതുകളില്‍ ഉപരിപഠനത്തിനിറങ്ങുമ്പോള്‍ അസ്ഥിരത മാറി, സ്വാതന്ത്ര്യത്തിന്റെ സുസ്ഥിരതയിലേക്ക് രാജ്യം എത്തിയിരുന്നു. പക്ഷേ, കൊടിയ ദാരിദ്ര്യത്തിന്റെ തുടക്കമായിരുന്നു അത്. അറുപതുകളിലേക്ക് വരുമ്പോള്‍ പട്ടിണി നാട്ടില്‍ കൊടികുത്തിവാണു. നാട്ടിലെ വറുതിയും കഷ്ടപ്പാടും നെല്ലിക്കുത്ത് മുസ്‌ലിയാരകത്ത് വീട്ടില്‍ അതിന്റെ ഇരട്ടിയായിരുന്നു. വിരുന്നുകാരനായി വീട്ടില്‍ പട്ടിണി കൂട് കെട്ടി. അതിനു പുറമെയായിരുന്നു അനാഥത്വം.
പത്ത് പന്ത്രണ്ട് വയസ്സ് പ്രായത്തില്‍ സ്‌നേഹനിധിയായ പിതാവ് വിട പറഞ്ഞു. പിന്നെ ഉപ്പയും ഉമ്മയും രക്ഷിതാവും വഴികാട്ടിയും ഉമ്മയായിരുന്നു. കഷ്ടപ്പാടിന്റെ ദര്‍സോത്ത് ആറാം വര്‍ഷത്തിലെത്തുമ്പോള്‍ ആ തണലും പോയി. മുന്നിലും പിന്നിലും ശൂന്യത വന്നു നിറഞ്ഞു. പക്ഷേ, പ്രതിഭാശാലിയായ ആ വിദ്യാര്‍ഥിയെ ഇതൊന്നും തളര്‍ത്തിയില്ല. അറിവിന് വേണ്ടിയുള്ള അലച്ചിലും ആര്‍ത്തിയും ഏറിയേറിവന്നതേയുള്ളൂ. അമ്മാവന്‍ കുഞ്ഞസ്സന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ നിന്ന് തുടങ്ങിയ പഠന യാത്ര പതിനാലു വര്‍ഷം പിന്നിട്ട് പൊടിയാട്ട് കുട്ടിമുസ്‌ലിയാരുടെ ദര്‍സിലെത്തുമ്പോഴും അര്‍ധവിരാമമേ ആയിരുന്നുള്ളൂ.
നെല്ലിക്കുത്ത് ഉസ്താദിന് പഠിച്ചാലും അറിഞ്ഞാലും പോരായിരുന്നു. അറിവിന്റെ മറുകര കാണാനായിരുന്നു ത്വര. അതിനു വേണ്ടിയായിരുന്നു സാഹസങ്ങളത്രയും. ചെന്നുകയറിയ ദര്‍സുകളിലൊക്കെ ഒന്നാമനായിരുന്നു. ദയൂബന്ദിലെ റാങ്കുകാരന്‍ എവിടെയും രണ്ടാമനായില്ല.
അല്‍ അസ്ഹറായിരുന്നു ലക്ഷ്യം. നിവൃത്തികേടു കൊണ്ടാണ് ദയൂബന്ദിലെത്തിയത്. മഖ്ദൂമുമാരുടെ പിന്‍ഗാമിയായി അസ്ഹറും ഹറമൈനിയും സ്വപ്‌നം കണ്ടു- വെറും സ്വപ്‌നമല്ല. അതിനു വേണ്ടി അങ്ങേയറ്റം പരിശ്രമിച്ചു. കിടപ്പാടം വിറ്റു പോകാനും ആലോചിച്ചു. അന്നോളം കൂടെ നിന്ന കുടുംബവും നാട്ടുകാരും വിചാരിച്ചാല്‍ പോലും സാധ്യമാകുന്നതായിരുന്നില്ല ഒരു വിദേശ പഠനം. തോല്‍വിയറിഞ്ഞിട്ടില്ലാത്ത ജീവിതത്തില്‍ ബാക്കിയായ ഈ സ്വപ്‌നത്തെക്കുറിച്ച് വേദനയോടെ ഉസ്താദ് ഓര്‍മിക്കാറുണ്ടായിരുന്നു.
ദയൂബന്ദിലെ ബിരുദത്തോടെ അവസാനിച്ചില്ല ആ ജ്ഞാന തൃഷ്ണ. അറിവിന് വേണ്ടി അത് വീണ്ടും അലഞ്ഞു. നന്തി ദാറുസ്സലാമില്‍ മുദര്‍രിസായിരിക്കെ ശംസുല്‍ ഉലമയുടെ ശിഷ്യത്വം സ്വീകരിച്ചു. ഒരേ സമയം അധ്യാപകനും വിദ്യാര്‍ഥിയും. കിട്ടിയതുകൊണ്ട് കഴിഞ്ഞുകൂടുക എന്ന സാമ്പ്രദായിക രീതിയില്‍ ഒതുങ്ങിയില്ല ആ ജീവിതം. നൂറ് ശിഷ്യന്മാര്‍, നൂറ് പുസ്തകങ്ങള്‍, നൂറ് തെങ്ങ്- ഇതായിരുന്നു ലക്ഷ്യം. ശിക്ഷ്യന്‍മാരുടെ എണ്ണം പല നൂറുകളായി പെരുകി. പുസ്തകങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പിറന്നു. ആദ്യമായി കാണാന്‍ നെല്ലിക്കുത്ത് മുസ്‌ലിയാരകത്ത് ഈ ലേഖകന്‍ ചെന്നത് ഓര്‍ക്കുന്നു. പറമ്പില്‍ നിന്നിറങ്ങിവന്നത് ഒരു തനി നാടന്‍ ഏറനാടന്‍ കര്‍ഷകന്‍.!
സേവന വഴികളിലും ഉസ്താദ് വേറിട്ടുനിന്നു. ശിഷ്യന്മാര്‍ക്ക് അദ്ദേഹം ചൊല്ലിക്കൊടുക്കന്ന വെറും മൊയ്‌ല്യാര്‍ ആയിരുന്നില്ല. മികച്ച പരിശീലകന്‍ കൂടിയായിരുന്നു. അടവുകള്‍ പതിനെട്ടും അഭ്യസിപ്പിച്ചു ശിഷ്യന്മാരെ പ്രാപ്തരാക്കുന്നു, മര്‍മം അറിയാവുന്ന ഗുരു. ഉസ്താദിന്റെ ക്ലാസുകള്‍ ഒരു സംഭവം തന്നെയായിരുന്നു എന്ന് ശിഷ്യന്മാര്‍. ക്ലാസുകള്‍ സര്‍വത്ര സജീവമായിരുന്നു. ചോദ്യവും മറുപടിയും തര്‍ക്കവിതര്‍ക്കങ്ങളും; പിന്നീട് തുറന്ന സംവാദങ്ങളിലേക്ക് അത് നീങ്ങും. ആ പരിശീലനക്കളരിയില്‍ നിന്ന് അടിതടവ് പഠിച്ച ഒരു ശിഷ്യനും ചുവട് പിഴക്കാറില്ല.
ചുമതലകള്‍ ഏറ്റെടുത്ത മഹല്ലുകളിലും ഉസ്താദ് മാറ്റങ്ങളുടെ ചാലക ശക്തിയായിരുന്നു. 1964ല്‍ അരിമ്പ്രയില്‍ തുടങ്ങിയ സേവനകാലം 2011ല്‍ കാരന്തൂര്‍ മര്‍കസില്‍ അവസാനം. ഇതില്‍ നന്തി ദാറുസ്സലാമും മര്‍കസും മാത്രമാണ് കോളജുകള്‍. 47 വര്‍ഷത്തില്‍ 16 വര്‍ഷം മഹല്ലുകളില്‍. പോയ വഴികളിലെല്ലാം ആ പാദമുദ്ര കാണാമായിരുന്നു. പണ്ടൊരു മുദര്‍രിസ് തങ്ങളുടെ നാട്ടില്‍ ദര്‍സ് നടത്തിയിരുന്നു എന്ന് പുതുതലമുറക്ക് പോലും ഓര്‍മിച്ചുവെക്കാവുന്ന വഴിയടയാളങ്ങള്‍ ഉസ്താദ് അവശേഷിപ്പിച്ചു.
ബിദ്അത്തിനും വ്യാജ ത്വരീഖത്തുകള്‍ക്കും എതിരായ പോരാട്ടമായിരുന്നു ആ ജീവിതം. അതിന്റെ പേരില്‍ ജീവത്യാഗം വരിക്കേണ്ട സന്ദര്‍ഭം വരെ ഉണ്ടായി. തലനാരിഴക്കാണ് കത്തിമുനയില്‍ നിന്ന് അന്ന് രക്ഷപ്പെട്ടത്. ഒടുവില്‍ മഹാമാരി ആ ധന്യജീവിതത്തെ പിടികൂടി. കാര്യങ്ങള്‍ മനസ്സിലാക്കിവരുമ്പോള്‍ വൈകിപ്പോയിരുന്നു. മുഅ്മിനീങ്ങളുടെ പ്രാര്‍ഥന- ആ ജീവിതത്തെ അല്‍പ്പം കൂടി നീട്ടിക്കിട്ടി. അസാമാന്യമായ മനക്കരുത്തുണ്ടായിരുന്നു ഉസ്താദിന്. ആതുരത വഴിമാറിനിന്നു കൊടുത്ത ഇടവേളയിലും അദ്ദേഹം കര്‍മനിരതനായി. ഡോക്ടര്‍മാരുടെ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ പലപ്പോഴും മറന്നു. ‘ഞാനിപ്പോള്‍ ചെയ്തില്ലെങ്കില്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലോ?’ നന്നേ കുറച്ചേ കിടന്നുള്ളൂ. 2011 ഏപ്രില്‍ മൂന്നിന് ജ്വലിക്കുന്ന ഓര്‍മകള്‍ ബാക്കിയാക്കി ആ ധന്യജീവിതത്തിന് വിരാമമായി.

LEAVE A REPLY

Please enter your comment!
Please enter your name here