അര്‍ബുദ ചികിത്സയും കേരളവും

സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം ക്യാന്‍സര്‍ രോഗികളുണ്ടെന്നാണ് കണക്ക്. 55,000ത്തോളം രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നു. ഇവരില്‍ 16,000ത്തിലധികം പേര്‍ തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലാണ് ചികിത്സക്കെത്തുന്നത്. ചികിത്സാച്ചെലവില്‍ ഇന്നും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രോഗമാണ് ക്യാന്‍സര്‍. അതുകൊണ്ടുതന്നെ രോഗികള്‍ക്ക് പ്രയാസം നേരിടാതിരിക്കാന്‍ 69 ഇനം മരുന്നുകളാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി സൗജന്യമായി ലഭ്യമാക്കുന്നത്. പ്രതിവര്‍ഷം 10 കോടിയിലധികം രൂപയുടെ അര്‍ബുദ മരുന്നുകള്‍ ഈവിധം ലഭ്യമാക്കുന്നു.
Posted on: February 4, 2016 6:00 am | Last updated: February 3, 2016 at 11:48 pm
SHARE

WCD_LOGO_RGB copyമാനവരാശി നേരിടുന്ന ഏറ്റവും മാരക രോഗങ്ങളിലൊന്നാണ് ക്യാന്‍സര്‍. ഇതിന്റെ വ്യാപനം അനുദിനം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം ക്യാന്‍സര്‍ രോഗികളുണ്ടെന്നാണ് കണക്ക്. 55,000ത്തോളം രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നു. ഇവരില്‍ 16,000ത്തിലധികം പേര്‍ തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലാണ് ചികിത്സക്കെത്തുന്നത്. ഈ സാഹചര്യത്തില്‍ ബോധവത്കരണം, രോഗനിര്‍ണയം, ചികിത്സ, സാന്ത്വന ചികിത്സ, പഠനഗവേഷണങ്ങള്‍ എന്നീ മേഖലകളില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നു.
അര്‍ബുദത്തിനെതിരായ സര്‍ക്കാര്‍ സംവിധാനം ശക്തമാണ്. സുകൃതം പദ്ധതിയിലൂടെ ഒട്ടേറെപേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. ആര്‍ സി സി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെല്ലാം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ 35 ലക്ഷം കുടുംബങ്ങള്‍ക്ക് ചികിത്സാസഹായം എത്തിക്കുകയാണ് ലക്ഷ്യം.
‘സ്വാസ്ഥ്യം’ കര്‍മപരിപാടിയുടെ രണ്ടാം ഘട്ടവും പുരോഗമിക്കുകയാണ്. കുടുംബശ്രീയും തിരുവനന്തപുരം ആര്‍ സി സിയും സംയുക്തമായാണ്, ഈ ഘട്ടത്തില്‍ ക്യാന്‍സര്‍ ബോധവത്കരണ-പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തിവരുന്നത്. രോഗം തടയുക, രോഗബാധയുണ്ടായാല്‍ നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കുക, സാന്ത്വനചികിത്സയിലൂടെ ശിഷ്ടജീവിതം വേദനാരഹിതമാക്കുക എന്നീ കാര്യങ്ങളിലെല്ലാം കുടുംബശ്രീ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അതുല്യമായ സേവനം ലഭ്യമാക്കാനാകും.
ആര്‍ സി സി, തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെല്ലാം അര്‍ബുദ ചികിത്സാ സൗകര്യം ലഭ്യമാണ്. 2013ല്‍ ആരംഭിച്ച ജില്ലാ ക്യാന്‍സര്‍ കെയര്‍ പദ്ധതിയിലൂടെ എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ചികിത്സാ സൗകര്യം ലഭ്യമാണ്. പ്രധാനപ്പെട്ട ആശുപത്രികള്‍ തിരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും അവശ്യ സാമഗ്രികള്‍ സജ്ജീകരിക്കുകയും ചെയ്തു. വിദഗ്ധരുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത്, അസിസ്റ്റന്റ് സര്‍ജന്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കി.
കഴിഞ്ഞവര്‍ഷം, ലോക ക്യാന്‍സര്‍ ദിനത്തില്‍ സംസ്ഥാനത്താരംഭിച്ച കേരള കാമ്പയിന്‍ എഗന്‍സ്റ്റ് ക്യാന്‍സര്‍ ബോധന നിയന്ത്രണ ചികിത്സാപദ്ധതി പുരോഗമിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെയും, ആര്‍ സി സിയുടെയും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് പദ്ധതി പുരോഗമിക്കുന്നത്. കേരളത്തിലെ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നത് സ്തനാര്‍ഭുതവും ഗര്‍ഭാശയ ക്യാന്‍സറുമാണ്. വായിലെ ക്യാന്‍സറാണ് പുരുഷന്മാരില്‍ കൂടുതല്‍. ഇവ തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ 90 ശതമാനത്തോളം പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്. അത് ലളിതവും ചെലവുകുറഞ്ഞതുമാണ്. ഇതിനാണ് ഈ ബൃഹത് പദ്ധതി ഊന്നല്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ഏഴ് ലക്ഷം പേര്‍ക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിലെ മുന്‍നിര ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ അപൂര്‍വ നേട്ടങ്ങളാണ് കൈവരിച്ചത്. സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പദവി, എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍ എന്നിങ്ങനെ മികവിന്റെ അംഗീകാരങ്ങള്‍ പലതും കൈവരിക്കാനായി. 38 കോടി രൂപ ചെലവില്‍ പുതിയ ബഹുനില മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. സംസ്ഥാന പൊതുമേഖലയിലെ ആദ്യത്തെ പെറ്റ് സ്‌കാനര്‍ യൂനിറ്റ്, അനസ്‌തേഷ്യ പരിശീലനത്തിനുള്ള സിംലാബ് എന്നിവയും പ്രവര്‍ത്തനസജ്ജമായി. ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍, എപ്പിഡമോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, അക്കാഡമിക് വിഭാഗങ്ങള്‍, മിനി ഡാറ്റാ സെന്റര്‍, ഡേകെയര്‍, കീമോതെറാപ്പി വാര്‍ഡുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം മുതലായവയാണ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. ഒ പി വിഭാഗത്തിലെ ഇപ്പോഴത്തെ സ്ഥലപരിമിതിക്ക് ഇതോടെ പരിഹാരമാകും.
സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആര്‍ സി സിയില്‍ 120 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ഇമേജ് ഗൈഡഡ് റേഡിയോ തെറാപ്പിക്കുള്ള രണ്ട് ലീനിയര്‍ ആക്‌സിലറേറ്ററുകള്‍ ശസ്ത്രക്രിയക്കൊപ്പം തന്നെ റേഡിയേഷന്‍ നല്‍കുന്നതിനുള്ള ഇന്‍ട്രാ ഓപറേറ്റീവ് റേഡിയോതെറാപ്പി സംവിധാനം, ആന്തരിക അവയവങ്ങളിലേക്ക് റോബോട്ടിന്റെ സഹായത്തോടെ റേഡിയേഷന്‍ നല്‍കുന്നതിനുള്ള, റേഡിയോ അബ്ലേഷന്‍ തെറാപ്പി, സി ടി സ്റ്റിമുലേറ്റര്‍, സി ടി ആന്‍ജിയോഗ്രാഫി സംവിധാനം, ഡ്യുവല്‍ എനര്‍ജി സി ടി സിസ്റ്റം എന്നിങ്ങനെ അര്‍ബുദ ചികിത്സയിലെ ആഗോള സങ്കേതങ്ങളെല്ലാം ഇവിടെ സജ്ജമാക്കും. മജ്ജ മാറ്റിവെക്കല്‍ സംവിധാനം വിപുലപ്പെടുത്തും. എല്ലാ ലാബുകളിലെയും സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ആര്‍ സി സിയുടെ വികസനത്തിനായി പുലയനാര്‍കോട്ടയില്‍ 15 ഏക്കര്‍ സ്ഥലം അനുവദിക്കുന്നതിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍ കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 117 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആര്‍ സി സിയില്‍ നടത്തിയത്. പിക്ചര്‍ ആര്‍ക്കൈവ്‌സ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, പീഡിയാട്രിക് ഐ സി യു, റേഡിയോ തെറാപ്പിക്കുള്ള ആധുനിക ഉപകരണമായ ലീനിയര്‍ ആക്‌സിലറേറ്റര്‍, സ്റ്റിമുലേറ്റര്‍, സ്തനാര്‍ബുദ നിര്‍ണയത്തിനുള്ള അത്യാധുനിക ഡിജിറ്റല്‍ മാമോഗ്രാം സംവിധാനം, സ്‌കാന്‍ ചെയ്തുകൊണ്ടുതന്നെ ബയോപ്‌സി എടുക്കുന്നതിനുള്ള പ്രോണ്‍ ബയോപ്‌സി ടേബിള്‍ മുതലായവ ഏര്‍പ്പെടുത്തി. ഓപ്പറേഷന്‍ തിയേറ്ററുകള്‍ ആധുനികവത്കരിച്ചു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള അനേകം പി ജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളും ഇക്കാലയളവില്‍ ആരംഭിക്കാനായി. സര്‍ജിക്കല്‍- മെഡിക്കല്‍- പീഡിയാട്രിക് ഓങ്കോളജി, റേഡിയോളജി, അനസ്‌തേഷ്യ, ഓങ്കോപതോളജി എന്നിവയിലാണ് പി ജി കോഴ്‌സുകള്‍ ആരംഭിച്ചത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലുള്ള ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ക്യാന്‍സര്‍ പരിചരണത്തില്‍ പ്രത്യേക പരിശീലന പരിപാടികളും ആരംഭിച്ചു.
അമേരിക്കയിലെ നാഷനല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, യു കെയിലെ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി, ഫ്രാന്‍സിലെ ഐ എ ആര്‍ സി എന്നിവയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍ സി സിയുടെ ലോകോത്തര നിലവാരത്തിലേക്കുള്ള പ്രയാണം ആരോഗ്യ രംഗത്തിന് ആശ്വാസകരമാണ്. മധ്യകേരളത്തിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും റിസര്‍ച്ച് സെന്ററും സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആര്‍ സി സിയുടെ മാതൃകയില്‍ സ്വയംഭരണ സ്ഥാപനമായാണ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നത്. 300 കിടക്കകള്‍ക്കുവേണ്ട സൗകര്യങ്ങള്‍ രണ്ടുഘട്ടങ്ങളിലായി ഇതില്‍ ഏര്‍പ്പെടുത്തും. കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ, ആര്‍ സി സി യുടേതിന് സമാനമായ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ അര്‍ബുദ ചികിത്സാ വിഭാഗത്തിന് മിനി ആര്‍ സി സി പദവി ലഭിച്ചുകഴിഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 45 കോടി അനുവദിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ മിനി ആര്‍ സി സികള്‍ (ടെര്‍ഷ്യറി ക്യാന്‍സര്‍ സെന്ററുകള്‍) ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിച്ചുകഴിഞ്ഞു. തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ ഇത് സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം യൂനിറ്റ് തുടങ്ങി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ചികിത്സാ വിഭാഗത്തില്‍ ഡേകെയര്‍-കീമോതെറാപ്പി വാര്‍ഡ്, പാലിയേറ്റീവ് വാര്‍ഡ്, ഐ സി യു എന്നിവ പ്രവര്‍ത്തനമാരംഭിച്ചു.
ചികിത്സാച്ചെലവില്‍ ഇന്നും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രോഗമാണ് ക്യാന്‍സര്‍. അതുകൊണ്ടുതന്നെ രോഗികള്‍ക്ക് പ്രയാസം നേരിടാതിരിക്കാന്‍ 69 ഇനം മരുന്നുകളാണ് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി സൗജന്യമായി ലഭ്യമാക്കുന്നത്. പ്രതിവര്‍ഷം 10 കോടിയിലധികം രൂപയുടെ അര്‍ബുദ മരുന്നുകള്‍ ഈ വിധം ലഭ്യമാക്കുന്നുണ്ട്. 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലൂടെ എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യകിരണം പദ്ധതി 2013 മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരികയാണ്. രോഗികള്‍ക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കുന്നതിന് ഒരു കോര്‍പറേറ്റ് ഫണ്ടുതന്നെ എന്‍ ആര്‍ എച്ച് എം മുഖേന ലഭ്യമാക്കിയിട്ടുണ്ട്. നോണ്‍ പ്ലാന്‍ഫണ്ടു വഴി ക്യാന്‍സര്‍ചികിത്സ ലഭിച്ച എല്ലാ രോഗികള്‍ക്കും പ്രതിമാസം 800 രൂപയുടെ സഹായവും എത്തിക്കുന്നുണ്ട്. കാരുണ്യ ബനവലന്റ്ഫണ്ട് എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ മൂന്ന് ലക്ഷത്തില്‍ത്താഴെ വാര്‍ഷികവരുമാനമുള്ള ഒട്ടേറെപ്പേര്‍ക്ക് ലഭ്യമാക്കി.
ആയുര്‍വേദം, യോഗ – പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാ സമ്പ്രദായങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, കേന്ദ്ര ആയുഷ് വകുപ്പിന് സമാനമായി സംസ്ഥാനത്ത് ആയുഷ് വകുപ്പ് രൂപവത്കരിച്ചു കഴിഞ്ഞു. ഈ വകുപ്പിന്റെ രൂപീകരണം ക്യാന്‍സര്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരും. ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും വിലപ്പെട്ട സംഭാവനകളാണ് അര്‍ബുദ ചികിത്സാരംഗത്ത് നല്‍കിവരുന്നത്. ആര്‍ സി സിയില്‍ കഴിഞ്ഞ വര്‍ഷമാരംഭിച്ച ആയുര്‍വേദ സാന്ത്വനചികിത്സാ വിഭാഗം ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ഹോമിയോപ്പതി വകുപ്പ്, ചേതന എന്ന പേരില്‍ വിവിധ ആശുപത്രികളിലൂടെ നടപ്പിലാക്കിവരുന്ന സാന്ത്വന ചികിത്സാപദ്ധതിയും പ്രയോജനം ചെയ്യുന്നുണ്ട്.
വിഷലിപ്തമായ പച്ചക്കറികള്‍, പഴങ്ങള്‍, മായംചേര്‍ത്ത ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ അര്‍ബുദത്തിനും മറ്റു രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ ആരോഗ്യ വകുപ്പിന്റെ ഭക്ഷ്യസുരക്ഷാവിഭാഗം വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഓപറേഷന്‍ രൂചി പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളും മറ്റും പരിശോധനക്ക് വിധേയമാക്കി വരികയാണ്. സംസ്ഥാനത്ത് ഗുഡ്ക്കയും പാന്‍മസാലയും നിരോധിച്ചത് ക്യാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. സംസ്ഥാനത്തെ അര്‍ബുദ രോഗികളുടെ രജിസ്ട്രി തയ്യാറാക്കുന്നതിനും രോഗം വ്യാപിക്കുന്നതു സംബന്ധിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനും വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം ലഭ്യമാകും.
ചിട്ടയായ ജീവിതശൈലിയിലൂടെ ക്യാന്‍സറിനെ, വലിയൊരളവില്‍ പ്രതിരോധിക്കാനാകും. മരണത്തിന്റെ വ്യാപാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അര്‍ബുദത്തെ ചെറുക്കുന്നതിനുള്ള ശാസ്ത്രീയ ഗവേഷണങ്ങള്‍ ലോകമെങ്ങും നടന്നുവരികയാണ്. അവ മാനവരാശിയെ ക്യാന്‍സര്‍ എന്ന മഹാവിപത്തില്‍ നിന്നും രക്ഷിക്കുക തന്നെ ചെയ്യും. ജീവിതശൈലീരോഗങ്ങളില്‍ പ്രഥമസ്ഥാനത്തുനില്‍ക്കുന്ന ക്യാന്‍സറിനെ ഓരോരുത്തരും കരുതലോടെ കാണണം. അനുഭവസ്ഥരില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, രോഗം വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here