ഉമ്മന്‍ ചാണ്ടിയെയും മകനെയും മാധ്യമങ്ങള്‍ വേട്ടയാടുന്നു: ടി സിദ്ദീഖ്

Posted on: February 3, 2016 8:49 pm | Last updated: February 3, 2016 at 8:49 pm
SHARE
ടി സിദ്ദീഖ്
റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ ടി സിദ്ദീഖ് സംസാരിക്കുന്നു

ദോഹ: ഉമ്മന്‍ ചാണ്ടിയേയും മകനേയും മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ്. ഇന്‍കാസ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേട്ടയാടുന്നത് പേടിച്ചാണ് ചാണ്ടി ഉമ്മന്‍ കേരളത്തിലേക്ക് വരാതിരിക്കുന്നത്. സരിത വിവാദങ്ങള്‍ക്കു പിറകില്‍ പി സി ജോര്‍ജും നികേഷ് കുമാറുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു ദിവസംകൊണ്ടുണ്ടായ ഓപറേഷനുകളാണ് സരിത ഇപ്പോള്‍ നടത്തിയിരിക്കുന്ന മൊഴികള്‍. സരിതയുടെ മൊഴിയില്‍ ജഡ്ജിയെ വരെ പരാമര്‍ശിച്ചിട്ടുണ്ട്. ഗൂഢാലോചനയുടെ ഫലമായാണ് എം എല്‍ എയുടെ രാജി, മജിസ്‌ട്രേട്ടിന്റെ വിധി, ഡി വൈ എഫ് ഐ സമരം തുടങ്ങിയവയൊക്കെ ഒരുമിച്ചു വന്നതെന്നും അദ്ദേഹം പറഞ്ഞു. മാന്യതക്ക് ചേരാത്ത പ്രവൃത്തികളാണ് ഇവരൊക്കെ നടത്തുന്നതെന്നും അവയെല്ലാം ജനം തള്ളിക്കളയും. നയാപൈസയുടെ അഴിമതിയും ഖജനാവിന് നഷ്ടവുമില്ലാത്ത സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് പറയുന്നവര്‍ 374 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. സി പി എം ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ കേരളത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് പിണറായി വിജയന്‍ പറയും. അത്രയും വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളം യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നടന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ഗീയതയും നടത്തുന്ന സംഘപരിവാര്‍ ശക്തികളെ കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരികുമാര്‍ കാനത്തൂര്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, മുഹമ്മദാലി പൊന്നാനി, സുരേഷ് കരിയാട്, തോമസ് കുട്ടി, ഉണ്ണി നമ്പ്യാര്‍, ബിജു മത്തായി എന്നിവര്‍ പ്രസംഗിച്ചു. കാസര്‍കോട് പുതിയ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ടി സിദ്ദീഖിന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here