യു എ ഇയിലെ സ്‌കൂളുകളില്‍ പ്രൈമറി ക്ലാസുകളിലേക്ക് സീറ്റില്ല; ആശങ്കയോടെ രക്ഷിതാക്കള്‍

Posted on: February 3, 2016 8:32 pm | Last updated: February 3, 2016 at 8:32 pm
SHARE

അജ്മാന്‍: ഏപ്രിലില്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ യു എ ഇയിലെ വിവിധ എമിറേറ്റുകളിലെ സ്‌കൂളുകളില്‍ പ്രൈമറി ക്ലാസുകളിലേക്ക് അഡ്മിഷന്‍ നിര്‍ത്തിവെച്ചു. ഇതോടെ രക്ഷിതാക്കള്‍ ആശങ്കയിലായി. പ്രമുഖമായ പല സ്‌കൂളുകളിലും ഡിസംബര്‍ ആദ്യ വാരത്തില്‍ തന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ മറ്റു എമിറേറ്റുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് രക്ഷിതാക്കള്‍. പല സ്ഥലങ്ങളിലും നിലവിലുള്ള സീറ്റുകളെക്കാള്‍ മൂന്നും നാലും ഇരട്ടിയാണ് അപേക്ഷകര്‍.
2015-16 അധ്യയന വര്‍ഷം പകുതിയായപ്പോഴേക്കും ചില സ്‌കൂളുകളിലേക്ക് പ്രവേശന നടപടിയുടെ ഭാഗമായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ഡിസംബര്‍ മാസത്തോടെ ഇവരുടെ അഡ്മിഷന്‍ നടപടികളും പൂര്‍ത്തിയാക്കി.
ഇതിനിടെ കുട്ടികളുടെ വര്‍ധനവ് വിലയിരുത്തി പല സ്‌കൂളുകളും പുതിയ കെട്ടിടങ്ങളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി അടുത്ത അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ്. അജ്മാനിലെ ഒരു സ്വകാര്യ സ്‌കൂളില്‍ എല്‍കെജിക്ക് 26 ലേറെ ഉപ ക്ലാസുകളാണുള്ളത്. കഴിഞ്ഞ അധ്യയനവര്‍ഷവും ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രവേശനത്തിനായി വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാത്തവസ്ഥയുമുണ്ടായി. മിക്ക സ്‌കൂളുകളിലും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്ക് പ്രവേശനം ഉറപ്പുവരുത്തിയ ശേഷമാണ് മറ്റു കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുള്ളത്.
അബുദാബിയിലെ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍, ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂള്‍, സ്റ്റഫര്‍ മോഡല്‍ സ്‌കൂള്‍, അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലെല്ലാം കെ ജി ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്.
യു എ ഇയിലെ മിക്ക ഇന്ത്യന്‍ സ്‌കൂളുകളിലും 1:30 എന്ന തോതിലാണ് അധ്യാപക വിദ്യാര്‍ഥി അനുപാതമെങ്കിലും ചിലയിടങ്ങളില്‍ ഇത് 1:40 വരെ ആകുന്നുണ്ട്. കുട്ടികളുടെ അനുപാതത്തിനനുസരിച്ച് കെട്ടിട സൗകര്യങ്ങളില്ലാത്തതിനാല്‍ തിങ്ങി നിറഞ്ഞ ക്ലാസ് മുറിയിലിരിക്കേണ്ട ഗതികേടിലാണ് ഇവിടത്തെ കുട്ടികള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here