നൂറുകോടി ദിര്‍ഹത്തിന്റെ വെളിച്ചത്തിലേക്ക്‌

Posted on: February 3, 2016 8:05 pm | Last updated: February 4, 2016 at 8:19 pm
SHARE
uae
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ലൈബ്രറി പ്രഖ്യാപന വേളയില്‍

‘മനുഷ്യമനസ്, വികസന മുന്നേറ്റങ്ങളുടെ കേന്ദ്രമാണ്. അതിനെ പുതുക്കിപ്പണിയുന്ന ആയുധമാണ് പുസ്തകങ്ങള്‍’ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, നൂറുകോടി ദിര്‍ഹം ചെലവുചെയ്ത് നിര്‍മിക്കുന്ന ഗ്രന്ഥശാലയുടെ പ്രഖ്യാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. പുസ്തകങ്ങളെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും വിലമതിക്കുന്ന ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്. എന്നാല്‍ അദ്ദേഹം വിഭാവനം ചെയ്ത, അറബ് ലോകത്തെ ഏറ്റവും വലിയ ഗ്രന്ഥശാല ലോകത്തെയാകെ ആഹ്ലാദിപ്പിച്ചിരിക്കുന്നു.
വാസ്തവത്തില്‍, ഗ്രന്ഥശാല മാത്രമല്ല, ലക്ഷ്യമിട്ടിരിക്കുന്നത്. സാംസ്‌കാരിക കേന്ദ്രം തന്നെയാണ്. 24 ലക്ഷം ദിര്‍ഹം മൂല്യമുള്ള അറബി ഭാഷാ പുരസ്‌കാരം, പൈതൃക ശേഖരം എന്നിങ്ങനെ സാംസ്‌കാരികമായ പലതും ഉള്‍പ്പെടുന്ന പദ്ധതിയാണിത്.
2016 യു എ ഇക്ക് വായനാവര്‍ഷം കൂടിയാണ്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപനം നടത്തിയ ശേഷം നിരവധി പരിപാടികള്‍ വ്യത്യസ്ത എമിറേറ്റുകളില്‍ ആസൂത്രണം ചെയ്തു. അതില്‍ ഏറ്റവും ബൃഹത്തായതാണ് ജദഫില്‍, ദുബൈ സാംസ്‌കാരിക ഗ്രാമത്തിനു സമീപം ഇത്രവലിയ ഗ്രന്ഥശാല. 15 ലക്ഷം അച്ചടി പുസ്തകങ്ങള്‍ അടക്കം 45 ലക്ഷം ഗ്രന്ഥങ്ങള്‍. ആശയ വിനിമയത്തിനും സംവാദത്തിനും തിയേറ്ററുകള്‍. പരിഭാഷകര്‍ക്കും ഗവേഷകര്‍ക്കും സൗകര്യങ്ങള്‍. അറബ് മേഖലയിലെ ഏറ്റവും വലിയ വിജ്ഞാന, സാംസ്‌കാരിക കേന്ദ്രമായി ജദഫ് എന്ന കൊച്ചു പ്രദേശം മാറും. യു എ ഇക്ക്, വിശേഷിച്ച് ദുബൈക്ക് അഭിമാനം പകരുന്നതാണിത്.
കവിതയെ അഗാധമായി പ്രണയിക്കുന്ന മനസാണ് ശൈഖ് മുഹമ്മദിന്റേത്. അറബി പാരമ്പര്യ രീതിയില്‍ അനേകം കവിതകള്‍ രചിച്ചിട്ടുണ്ട്. അവ വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അബുദാബി, ഷാര്‍ജ ഭരണാധികാരികള്‍ക്കൊപ്പം ശൈഖ് മുഹമ്മദ് എപ്പോഴുമുണ്ട്. ദുബൈ ആണെങ്കില്‍, ലോകത്തിന്റെ കണ്ണായ സ്ഥലവുമാണ്. ‘ലോകത്തിന്റെ കേന്ദ്രമാവുക എന്നത് ഈ ദേശത്തിന്റെ വിധിയാണ്. അത് കൊണ്ടുതന്നെ, സാംസ്‌കാരത്തിന്റെയും നാഗരികതയുടെയും കൂടിച്ചേരല്‍ ഇവിടെ അനിവാര്യവുമാണ്.’
ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാടിന് അനുരൂപമായി പല പദ്ധതികളും നടപ്പാക്കപ്പെടുന്നു. അതില്‍ ഏറ്റവും തിളക്കമുള്ളതായിരിക്കും നൂറുകോടി ദിര്‍ഹമിന്റെ ഗ്രന്ഥശാല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എഴുത്തുകാരും ബുദ്ധിജീവികളും ഇവിടെ എത്തുമെന്നും സമൂഹത്തിന് പുതിയ വെളിച്ചം പകരുമെന്നും പ്രതീക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here