Connect with us

Gulf

ദുബൈ കിരീടാവകാശി 4000 തൊഴിലാളികള്‍ക്ക് സൗജന്യ ദന്ത ചികിത്സ നല്‍കും

Published

|

Last Updated

ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 4,000 തൊഴിലാളികള്‍ക്ക് സൗജന്യ ദന്തചികിത്സ ഏര്‍പ്പെടുത്തും. 2015ല്‍ പ്രഖ്യാപിച്ച തൊഴിലാളികള്‍ക്കുള്ള സൗജന്യ ദന്ത ചികിത്സയുടെ തടുര്‍ച്ചയാണിത്. രണ്ടാം ഘട്ടമായ 2016 ല്‍ 4,000 അര്‍ഹരായ തൊഴിലാളികള്‍ക്ക് ദന്ത ചികിത്സ നല്‍കുമെന്ന് ഹംദാന്‍ ബിന്‍ മുഹമ്മദ് കോളേജ് ഓഫ് ഡെന്റല്‍ മെഡിസിന്‍ അറിയിച്ചു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഫെബ്രുവരി നാലിന് അവസാനിക്കുന്ന യു എ ഇ ഇന്റര്‍നാഷണല്‍ ഡെന്റല്‍ കോണ്‍ഫറന്‍സ് ആന്‍ഡ് അറബ് ഡെന്റല്‍ എക്‌സിബിഷന്‍ 20-ാം എഡിഷന്റെ (എ ഇ ഇ ഡി സി) ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ദുബൈ കിരീടാവകാശി ഓഫീസ് ഡയറക്ടര്‍ ജനറല്‍ സെയ്ഫ് ബിന്‍ മാര്‍ഖാന്‍ അല്‍ കെത്ബി, ദുബൈ ഹെല്‍ത്ത് സിറ്റി അതോറിറ്റി എജുക്കേഷന്‍ സെക്ടര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ആമിര്‍ അഹമ്മദ് ശരീഫ്, ദുബൈ ലേബര്‍ അഫയേഴ്‌സ് പെര്‍മനന്റ് കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് മൊഹൈര്‍ ബിന്‍ സുറൂര്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പുതുതായി 4,000 പേര്‍ക്ക് ചികിത്സ നല്‍കുന്നതോടൊപ്പം നേരത്തെ ചികിത്സ ലഭിച്ചവരുടെ തുടര്‍ ചികിത്സയും ഈ വര്‍ഷം ഉണ്ടാവും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഭാരിച്ച ലക്ഷ്യങ്ങള്‍ ഏറ്റെടുത്തു സൗജന്യ ചികിത്സാ പദ്ധതി തുടരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം 2,000 തൊഴിലാളികളില്‍ നിന്നും ശേഖരിച്ച ക്ലിനിക്കല്‍ ഡാറ്റ പ്രകാരം ഏറ്റവും സാധാരണമായി തൊഴിലാളികളില്‍ കാണപ്പെടുന്ന ദന്താരോഗ്യ പ്രശ്‌നങ്ങള്‍ കാല്‍ക്കുലസ്, ദന്തക്ഷയം, പെരിയോഡോന്റല്‍ എന്നിവയാണ്. തൊഴിലാളികളുടെ ഏകദേശം 46% പല്ല് വേദനയാല്‍ ബുദ്ധിമുട്ടുന്നു. പല്ലെടുത്തു മാറ്റേണ്ടതായിട്ടുള്ള കടുത്ത പ്രശ്‌നങ്ങള്‍ ഉള്ളവര്‍ 44% വരും അവരില്‍ 30% പേര്‍ക്ക് നിരവധി പല്ലുകള്‍ നഷടപ്പെട്ടതിനാല്‍ പകരം പല്ലുകള്‍ നല്‍കേണ്ടതുണ്ട്. മൊത്തത്തില്‍ 81% തൊഴിലാളികളും ദന്തശുചീകരണം ആവശ്യമുള്ളവരാണ്. ദുബൈ ഹെല്‍ത്ത് സിറ്റി അതോറിറ്റി വൈസ് ചെയര്‍പേഴ്‌നും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ റജ അല്‍ ഗര്‍ഗ് വിവരിച്ചു.

Latest