ഷാര്‍ജ പ്രകാശോത്സവം നാളെ മുതല്‍

Posted on: February 3, 2016 7:51 pm | Last updated: February 3, 2016 at 7:51 pm
SHARE

sharjahഷാര്‍ജ: എമിറേറ്റില്‍ നടക്കുന്ന പ്രകാശോത്സവത്തിന്റെ മുന്നോടിയായി പ്രധാന കെട്ടിടങ്ങളും പള്ളികളും വര്‍ണ ദീപങ്ങളാല്‍ അലങ്കൃതമായി. നാളെ (വ്യാഴം) മുതല്‍ 13 (ശനി) വരെയാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന പ്രകാശോത്സവം. അല്‍ മജാസ്, കോര്‍ണീഷ് എന്നിവിടങ്ങളിലെ പള്ളികളും അല്‍ഖാസിമിയ്യ യൂനിവേഴ്‌സിറ്റി കെട്ടിടവും അലങ്കരിച്ചു കഴിഞ്ഞു. വിവിധ തരം വര്‍ണവിളക്കുകള്‍ കൊണ്ട് അലങ്കരിച്ച ഇവ കാണികളെ ആകര്‍ഷിക്കുന്നു.
യൂനിവേഴ്‌സിറ്റി റോഡിലാണ് അല്‍ ഖാസിമിയ്യ യൂനിവേഴ്‌സിറ്റി. അടുത്തിടെയാണ് നിര്‍മാണം പൂര്‍ത്തിയായത്. പള്ളികളുടെ മാതൃകയിലുള്ളവയാണ് കെട്ടിടങ്ങള്‍. നിരവധി കെട്ടിടങ്ങളുണ്ട് ഇവയിലൊന്നാണ് അലങ്കരിച്ചിട്ടുള്ളത്. കെട്ടിടങ്ങള്‍ക്കിടയില്‍ വര്‍ണ ദീപങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന കെട്ടിടം നയനമനോഹരമാണ്. അല്‍ മജാസിലെയും കോര്‍ണീഷിലെയും പള്ളികളിലെ ദീപാലങ്കാരവും കണ്ണഞ്ചിപ്പിക്കുന്നതാണ്. പ്രധാന കേന്ദ്രങ്ങളിലെ കെട്ടിടങ്ങളും മറ്റും അലങ്കാരദീപങ്ങളില്‍ മൂടപ്പെടും.
അല്‍ഖാസിമിയ്യ യൂനിവേഴ്‌സിറ്റി, മസ്ജിദ് അല്‍ ഖാസിമിയ്യ, യൂനിവേഴ്‌സിറ്റി സിറ്റി ഹാള്‍, പ്ലാനിറ്റോറിയം, ജുബൈല്‍ ന്യൂ മാര്‍ക്കറ്റ്, കള്‍ച്ചറല്‍ പാലസ്, കല്‍ബ കോര്‍ണീഷ് പാര്‍ക്ക്, ദിബ്ബ സര്‍ക്കാര്‍ കെട്ടിടം, ബുഹൈറ കോര്‍ണീഷ് എന്നിവിടങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്നുണ്ട്. അതേസമയം, അല്‍ കസബ, മസ്ജിദ് അല്‍ തഖ് വ, കള്‍ച്ചറല്‍ സ്‌ക്വയര്‍, മസ്ജിദ് അല്‍ നൂര്‍, ഖോര്‍ഫുക്കാന്‍ യൂനിവേഴ്‌സിറ്റി, ദൈദ് മസ്ജിദ് എന്നിവയും അലങ്കരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 23 പ്രദര്‍ശനങ്ങളാണ് ഓരോ ദിവസവും നടക്കുക. ദീര്‍ഘനേരം നീണ്ടുനില്‍ക്കും. 10 ദിവസം നീണ്ടു നില്‍ക്കുന്ന പ്രകാശോത്സവം ഷാര്‍ജയെ ഉത്സവ പ്രതീതിയിലാക്കും.
ഷാര്‍ജ കൊമേഴ്‌സ് ആന്റ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റിയാണ് സംഘാടകര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പ്രകാശോത്സവം പതിനായിരങ്ങളെയാണ് ആകര്‍ഷിച്ചത്. വിനോദ സഞ്ചാരികളെയും ഏറെ ആകര്‍ഷിച്ചിരുന്നു. ടൂറിസം രംഗത്ത് എമിറേറ്റ് വന്‍കുതിപ്പിലാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വൈവിധ്യമാര്‍ന്ന പരിപാടികളും പദ്ധതികളുമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് പ്രകാശോത്സവം.
കഴിഞ്ഞ വര്‍ഷം പുതിയ നഗരസഭ ആസ്ഥാനത്ത് പ്രദര്‍ശനം ഒരുക്കിയിരുന്നുവെങ്കിലും ഇത്തവണ നടക്കുന്നില്ല. ആയിരക്കണക്കിനാളുകളാണ് പ്രദര്‍ശനം കാണാനെത്തിയിരുന്നത്. കാണികളുടെ ബാഹുല്യം കാരണം അധികൃതര്‍ പ്രവേശനം നിയന്ത്രിച്ചിരുന്നു.