എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീർപ്പായി; ദുരിതബാധിതരുടെ പട്ടിക പുതുക്കി നിശ്ചയിച്ചെന്ന് മുഖ്യമന്ത്രി

Posted on: February 3, 2016 7:13 pm | Last updated: February 4, 2016 at 9:01 am
SHARE
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സമരപ്പന്തലിലെത്തി വി എസ് അച്യുതാനന്ദന്‍ ചര്‍ച്ചാ വിവരങ്ങള്‍ വിശദീകരിക്കുന്നു
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സമരപ്പന്തലിലെത്തി വി എസ് അച്യുതാനന്ദന്‍ ചര്‍ച്ചാ വിവരങ്ങള്‍ വിശദീകരിക്കുന്നു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സംയുക്ത സമരസമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന പട്ടിണി സമരം അവസാനിപ്പിച്ചു. ദുരിതബാധിതരുടെ അംഗീകൃത പട്ടിക പുതുക്കി നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്‍, മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ പി മോഹനന്‍ എന്നിവരുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതി ത്തള്ളാനും ബേങ്കുകളുടെ ജപ്തി നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാനും ചര്‍ച്ചയില്‍ ധാരണയായി. ദുരന്തബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ദുരന്തബാധിതരെ പുനര്‍നിര്‍ണയിക്കാന്‍ മൂന്നംഗ കമ്മിറ്റിയേയും ചുമതലപ്പെടുത്താനും തീരുമാനമായതായി ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
2013 വരെ സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്ത 5,837 പേരാണ് ദുരിതബാധിതരുടെ അംഗീകൃത പട്ടികയിലുള്ളത്. 2011 ലെ ക്യാമ്പില്‍ നിന്നും പട്ടികയില്‍ ഉള്‍പ്പെടുത്തിയ 1,318 പേരില്‍ 610 പേരെ വിവിധ കാരണങ്ങളാല്‍ ഒഴിവാക്കിയിരുന്നു. അവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നതായി ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ രോഗങ്ങള്‍ക്ക് പുറമെ മൂന്നാം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി മറ്റ് അംഗവൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് കൂടി സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് 2010 ഡിസംബര്‍ 31 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. ‘അംഗവൈകല്യമുള്ളവര്‍’ എന്ന കമ്മീഷന്റെ നിര്‍വചനം ‘മറ്റ് രോഗങ്ങള്‍’ എന്നാക്കി മാറ്റണമെന്ന സമരസമിതിയുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്നാം കാറ്റഗറിയിലുള്ളവര്‍ക്ക് മൂന്നുലക്ഷം രൂപയാണു കമ്മീഷന്‍ സഹായം നല്‍കണമെന്നു നിര്‍ദേശിച്ചിരുന്നത്. ഈ കാറ്റഗറി മൂന്ന് രീതിയില്‍ തരംതിരിക്കാന്‍ തീരുമാനിച്ചു. സ്ഥിരമായ രോഗങ്ങള്‍ ബാധിച്ചവര്‍, മറ്റുള്ളവര്‍ എന്നരീതിയില്‍ മൂന്നു മുതല്‍ ഒരു ലക്ഷം രൂപ വരെയാകും നഷ്ടപരിഹാരം. ഇത് പരിശോധിച്ച് ദുരിതബാധിതരെ തരംതിരിച്ചു നിശ്ചയിക്കാന്‍ ഡോ. ജയരാജ് അധ്യക്ഷനായും ഡോ. അഷ്‌റഫ്, ഡോ. അഷീല്‍ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കമ്മീഷന്റെ നിര്‍ദ്ദേശത്തിനു പുറമെ ക്യാന്‍സര്‍ രോഗികളെയും നഷ്ടപരിഹാര പരിധിയില്‍ ഉള്‍പ്പെടുത്തി.
ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഇതിനുവേണ്ടി പത്തുകോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഫെബ്രുവരി അവസാനം കാസര്‍കോട് അഞ്ചു മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. ദുരിതബാധിതരായ ആര്‍ക്കു വേണമെങ്കിലും ജില്ലാ അതിര്‍ത്തി നോക്കാതെ ക്യാമ്പില്‍ പങ്കെടുക്കാം. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളില്‍ സേവനം അനുഷ്ഠിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുന്നുണ്ട്. അതിനാല്‍ ഇതിനു തയ്യാറായി വരുന്ന ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ അഡീ. ഇന്‍സെന്റീവായി നല്‍കും. ദുരിതബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചര്‍ച്ചയ്ക്കുശേഷം പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദന്റെ നേതൃത്വത്തില്‍ അമ്പലത്തറ കൃഷ്ണന്‍ കുട്ടി, അംബികാസുതന്‍ മാങ്ങാട്, സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി. അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരുമായി സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷമാണു സമരം അവസാനിപ്പിച്ചതായി അറിയിച്ചത.്‌

LEAVE A REPLY

Please enter your comment!
Please enter your name here