മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Posted on: February 3, 2016 6:42 pm | Last updated: February 3, 2016 at 6:42 pm
SHARE

താമരശേരി: ചുരത്തില്‍ മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഫറോക്ക് കാരാട്പറമ്പ് ചെറുതുരുത്തിയില്‍ നീലകണ്ഠന്റെ മകന്‍ ഷാനദാസന്‍(40)ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ആറോടെ ചുരം റോഡില്‍ എട്ടാം വളവിനും ഒമ്പതിനുമിടയില്‍ തകരപ്പാടിക്കടുത്താണ് അപകടം. കോഴിക്കോട് നിന്ന് പെയിന്റ് ഉല്‍പ്പന്നങ്ങളുമായി വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറി സംരക്ഷണഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു.
താമരശേരി ട്രാഫിക് പൊലീസും മുക്കത്ത് നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷാനദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പകല്‍ പതിനൊന്നോടെ മരിച്ചു. അപകടത്തില്‍ പൊട്ടിയ പെയിന്റ് ടിന്നുകളില്‍ നിന്ന് ഒഴുകിയ പെയിന്റില്‍ മുങ്ങിയ നിലയിലായിരുന്നു ഷാനദാസന്‍. അടിയന്തിര ചികിത്സ നല്‍കുന്നതിന് ഇത് തടസ്സമായി.