Connect with us

Kerala

സ്ത്രി ശാക്തീകരണത്തിനായി കാരുണ്യ മാതൃകയില്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിനായി കാരുണ്യ പദ്ധതിയുടെ മാതൃകയില്‍ ലോട്ടറി വരുമാനം ഉപയോഗിച്ച് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. സ്ത്രീ ശക്തി സ്‌കീം എന്ന പദ്ധതിയില്‍ സ്ത്രീകള്‍ക്ക് ഒമ്പത് മേഖലകളില്‍ സഹായം നല്‍കുന്നതാണ് പദ്ധതി. ഇതിനായി പണം കണ്ടെത്തുന്നതിന് എല്ലാ വെള്ളിയാഴ്ച്ചയും നറുക്കെടുക്കുന്ന ധനശ്രീ ലോട്ടറിയുടെ പേര് സ്ത്രീശക്തി ലോട്ടറി എന്നാക്കി മാറ്റി വില 40 രൂപയില്‍ നിന്ന് 50 രൂപയാക്കി വര്‍ധിപ്പിക്കും. ഈ ലോട്ടറി വിറ്റ് ഏറ്റവും കുറഞ്ഞത് 100 കോടി രൂപ പ്രതിവര്‍ഷം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രിയാണ് ഇക്കാര്യമറിയിച്ചത്.

അരിവാള്‍ രോഗം ബാധിച്ച ആദിവാസികള്‍ക്ക് നല്‍കിവരുന്ന 2000 രൂപ പെന്‍ഷന്‍ രോഗബാധിതരായ മറ്റുള്ളവര്‍ക്കും അനുവദിക്കും, കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ ടി ശ്രുതിക്ക് വിദ്യാഭ്യാസം ചികില്‍സ എന്നിവക്കായി നാല് ലക്ഷം രൂപ അനുവദിക്കും, സര്‍ക്കാര്‍ സ്‌കൂളിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീ പ്രൈമറി അധ്യാപകരുടേയും ആയമാരുടേയും ഓണറേറിയം വര്‍ധിപ്പിക്കും, അണ്‍എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ 100 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകള്‍ എയ്ഡഡാക്കാന്‍ തീരുമാനിച്ചു. 50 കുട്ടികളുള്ള സ്‌പെഷ്യല്‍ സ്‌കൂളുകളും എയ്ഡഡാക്കും. 25 കുട്ടികളില്‍ കൂടുതലുള്ള ബഡ്‌സ് സ്‌കൂളുകളും എയ്ഡഡാക്കും. ഡെഫ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും തുടങ്ങിയവയാണ് പ്രധാനപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങള്‍.

സരിത നടത്തിയ വെളിപ്പെടുത്തലുകള്‍ തെളിയിക്കപ്പെട്ടാല്‍ മുഖ്യമന്ത്രി പദമല്ല പൊതുപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ കരുണാകരന്റെ രാജി താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന പ്രചാരണം തെറ്റാണെന്നും അതിന്റെ എന്തെങ്കിലും രേഖ കൊണ്ടുവരാനാവുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.