ജില്ലയില്‍ ഭിക്ഷാടനം വീണ്ടും സജീവമാകുന്നു

Posted on: February 3, 2016 9:39 am | Last updated: February 3, 2016 at 9:39 am

കോട്ടക്കല്‍: കുട്ടികളെ ഭിക്ഷാടനത്തിനായി എത്തിക്കുന്ന മാഫിയ വീണ്ടും ജില്ലയില്‍ സജീവമാകുന്നു. തമിഴ്‌നാട് തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് കുട്ടികളെ എത്തിക്കുന്നത്. റെയില്‍വെ വഴി എത്തിച്ച് ഇവിടെ നിന്നും കൈമാറുകയാണ് ചെയ്യുന്നത്.
ഇതിനായി പ്രത്യേക ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ആന്ധ്രാപ്രദേശില്‍ നിന്നും കുട്ടികളെ എത്തിച്ച് ഭിക്ഷാടനം നടത്തി വന്നവരെ കോട്ടക്കലില്‍ നിന്നും നാട്ടുകാര്‍ ഇടപ്പെട്ട് പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നു. ഇതെ തുടര്‍ന്ന് അപ്രത്യക്ഷമായ സംഘം ഇപ്പോള്‍ വീണ്ടും സജീവമായി വരികയാണ്. റമസാന്‍ കാലത്താണ് ഭിക്ഷാടനത്തിനായി കുട്ടികളെ എത്തിച്ചിരുന്നത്. ബസ് സ്റ്റാന്‍ഡുകള്‍ക്ക് പുറമെ വീടുകളിലും മറ്റും കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ രക്ഷിതാക്കള്‍ എന്ന നിലയില്‍ കൂടെ കൊണ്ട് നടന്നാണ് ഭിക്ഷ നടത്തുന്നത്.
പത്തിനും 15നും ഇടയിലുള്ള കുട്ടികളെയാണ് ഏറെയും ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുന്ന സംഘം റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മറ്റൊരു സംഘത്തിന് കൈമാറുകയാണ് കുട്ടികളെ. വ്യാപകമായി ഇല്ലാതെ ഒറ്റക്കൊറ്റക്കുള്ള ഭിക്ഷാടനമാണ് നടത്തുന്നത്. രക്ഷിതാക്കളായി കൂടെ ആളുകള്‍ ഉള്ളത് കൊണ്ട് പിടിക്കപ്പെടില്ലെന്ന ധാരണയാണ് ഇത്തരത്തില്‍ ഭിക്ഷയാചിക്കുന്നതിന് ഇടയാക്കുന്നത്. ആരാധനാലയങ്ങള്‍ കേന്ദ്രമാക്കിയും ഭിക്ഷാടനം നടക്കുന്നുണ്ട്. നേരത്തെ മനുഷ്യാവകാശ സംഘടനകളും ചൈല്‍ഡ്‌ലൈന്‍ അംഗങ്ങളും സജീവമായി ഇടപ്പെട്ടതിനെ തുടര്‍ന്ന് പിന്‍മാറിയ സംഘമാണ് വീടും കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നത്.