50ഓളം കഞ്ചാവ് പൊതികളുമായി യുവാവ് പിടിയില്‍

Posted on: February 3, 2016 9:38 am | Last updated: February 3, 2016 at 9:38 am

പെരിന്തല്‍മണ്ണ: വില്‍പനക്കായി കൊണ്ടുവന്ന 50ഓളം കഞ്ചാവ് പൊതികളുമായി യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. കരുവാരകുണ്ട് കക്കറ സ്വദേശി കണ്ടക്കുളത്തില്‍ വീട്ടില്‍ അനീഷ് എന്ന കക്കറ അനീഷിനെയാണ് (31) അറസ്റ്റ് ചെയ്തത്. കഞ്ചാവ് ചെറിയ പ്ലാസ്റ്റിക് പൊതികളിലാക്കി ചെറുകിട വില്‍പനക്കായത്തെിയ പ്രതിയെ പെരിന്തല്‍മണ്ണയിലെ ബാര്‍ പരിസരത്തു നിന്നാണ് പിടികൂടിയത്.
രണ്ടുമാസം മുമ്പ് ഒന്നര കിലോ കഞ്ചാവുമായി അനീഷ് പൊലീസിന്റെ പിടിയിലായി വടകര സബ് ജയിലില്‍ റിമാന്‍ഡില്‍ കിടന്നിട്ടുണ്ട്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും പോലീസിന്റെ വലയിലായത്. മുമ്പ് നിരവധി പോക്കറ്റടി കേസുകളിലും മോഷണ കേസുകളിലും അറസ്റ്റിലായി ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
തിരക്കുള്ള ബസുകളില്‍ കയറി യാത്രക്കാരുടെ ബാഗില്‍നിന്ന് പണവും മൊബൈല്‍ ഫോണുകളും ആഭരണങ്ങളും കവര്‍ന്ന കേസുകളും രാത്രി ആളില്ലാത്ത വീടുകളുടെ വാതില്‍ പൊളിച്ച് കളവു നടത്തിയ കേസുകളും വിവിധ സ്‌റ്റേഷനുകളില്‍ പ്രതിയുടെ പേരിലുണ്ട്. ഡി വൈ എസ് പി. പി എം പ്രദീപ്, സി ഐ. കെ എം ബിജു, എസ് ഐ. പി വിഷ്ണു എന്നിവരുടെ മേല്‍നോട്ടത്തില്‍ പി എന്‍ മോഹനകൃഷ്ണന്‍, സി പി മുരളി, മോഹന്‍ദാസ് കരുളായി, എന്‍ ടി കൃഷ്ണകുമാര്‍, എന്‍ വി ഷബീര്‍, അഭിലാഷ് കൈപ്പിനി, അശ്‌റഫ് കൂട്ടില്‍, വിനോജ്, ദിനേശ് കിഴക്കേക്കര, ബി സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.