Connect with us

Wayanad

നബാര്‍ഡ് സഹായത്തോടെ ഉയരുക അഞ്ച് നില കെട്ടിടം

Published

|

Last Updated

കല്‍പ്പറ്റ: വയനാടിന്റെ ചിരകാലാഭിലാഷ സാക്ഷാത്കാരമായി എം കെ ജെ സി എം ഗവ. മെഡിക്കല്‍ കോളജ് കല്‍പ്പറ്റ പുളിയാര്‍മലയില്‍ യാഥാര്‍ഥ്യമാവുമ്പോള്‍ നബാര്‍ഡ് സഹായത്തോടെ നിര്‍മിക്കുക അഞ്ച് നില കെട്ടിടം.
ഗ്രൗണ്ട് ഫേ്‌ലാറില്‍ അത്യാധുനിക രോഗനിര്‍ണയ വിഭാഗം, ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, പ്രൊസീജിയേഴ്‌സ് റൂം എന്നിവയുള്‍പ്പെടെ അത്യാഹിത വിഭാഗമാവും പ്രവര്‍ത്തിക്കുക. ഒന്നാം നിലയിലും രണ്ടാംനിലയിലും ഓപറേഷന്‍ തിയറ്ററുകള്‍, തീവ്രപരിചരണ വിഭാഗം തുടങ്ങിയവ പ്രവര്‍ത്തിക്കും. മൂന്നാംനിലയില്‍ ഡെലിവറി റൂമുകള്‍, എന്‍ ഐ സി യു, പീഡിയാട്രിക് ഐ സി യു എന്നിവ സ്ഥാപിക്കാനാണ് നിര്‍ദേശം.
ബേസ്‌മെന്റ് പൂര്‍ണമായും പാര്‍ക്കിംഗിനായിരിക്കും. സോളാര്‍ വാട്ടര്‍ ഹീറ്റിംഗ്, 100 കിലോ വാട്ട് ഫോട്ടോ വോള്‍ട്ടയിക് സിസ്റ്റം എന്നിവയും പദ്ധതിയില്‍ പെടുന്നു. മെഡിക്കല്‍ കോളജ് കെട്ടിടത്തിനായി 34.85 കോടി രൂപ 2015-16ലെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ടില്‍ (ആര്‍ ഐ ഡി എഫ്) ഉള്‍പ്പെടുത്തിയാണ് നബാര്‍ഡ് അനുവദിച്ചത്.
പേരിയയില്‍ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്ററിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് പദ്ധതിചെലവായ രണ്ടര കോടിയില്‍ 2.12 കോടി രൂപ നബാര്‍ഡ് നല്‍കും.
ജില്ലയുടെ ആരോഗ്യരംഗത്ത് മുതല്‍ക്കൂട്ടാവുന്ന ഈ പദ്ധതിയിലൂടെ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററാണ് യാഥാര്‍ഥ്യമാവുക.
ബാണാസുരസാഗര്‍ അണക്കെട്ടില്‍ ജലത്തില്‍ പൊങ്ങിനില്‍ക്കുന്ന 500 കിലോ വാട്ട് സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിനായി 2.25 കോടി രൂപ നല്‍കുന്നതാണ് മറ്റൊരു സുപ്രധാന പദ്ധതിയെന്ന് നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഡി ഡി എം) എന്‍ എസ് സജികുമാര്‍ അറിയിച്ചു. കെ എസ് ഇ ബി സ്ഥാപിക്കുന്ന ഈ സൗരോര്‍ജ നിലയത്തിന്റെ ആകെ പദ്ധതിചെലവ് 9.25 കോടിയാണ്. നബാര്‍ഡ് വായ്പ കഴിച്ച് ബാക്കി കെ എസ് ഇ ബിയാണ് വഹിക്കുക. മൊട്ടങ്കര വാട്ടര്‍ഷെഡിന് 1.97 കോടി രൂപ (പദ്ധതി ചെലവ് 2.08 കോടി രൂപ), സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ പാതിരിപ്പാലം വാട്ടര്‍ഷെഡിന് 2.87 കോടി രൂപ (പദ്ധതി ചെലവ് മൂന്ന് കോടി രൂപ), മാനന്തവാടി ബ്ലോക്കിലെ തച്ചാര്‍കൊല്ലി വാട്ടര്‍ഷെഡിന് 1.28 കോടി രൂപ (പദ്ധതി ചെലവ് 1.35 കോടി രൂപ) എന്നിവയും നബാര്‍ഡിന്റെ ആര്‍ ഐ ഡി എഫ് പദ്ധതികളില്‍പെടും.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എട്ട് നിലയുള്ള പുതിയ കെട്ടിടമാണ് നബാര്‍ഡ് സഹായത്തോടെ പൂര്‍ത്തിയാവുക. നിലവില്‍ 194 കിടക്കകളുള്ള ആശുപത്രിക്ക് പുതിയ കെട്ടിടം കൂടി വരുന്നതോടെ 240 കിടക്കകള്‍ കൂടിയുണ്ടാവും.
ഗ്രൗണ്ട് ഫ്‌ളോറില്‍ ഒ പി ഡിപ്പാര്‍ട്ട്‌മെന്റ്, എക്‌സ്‌റേ യൂനിറ്റ് എന്നിവയായിരിക്കും. ഒന്നു മുതല്‍ അഞ്ചു വരെ നിലകളില്‍ വിവിധ ഹോസ്പിറ്റല്‍ വാര്‍ഡുകളായിരിക്കും. സീവേജ് പ്ലാന്റും പുതിയ കെട്ടിടത്തിന്റെ ഭാഗമായുണ്ടാകും. ജില്ലാ ആശുപത്രിക്ക് വിവിധോദ്ദേശ്യ ഹോസ്പിറ്റല്‍ സമുച്ചയം നിര്‍മിക്കുന്നതിന് നബാര്‍ഡ് 38.25 കോടി രൂപയാണ് വായ്പ അനുവദിച്ചിട്ടുള്ളത്.

---- facebook comment plugin here -----

Latest