കേരള ലളിതകലാ അക്കാദമിയുടെ ‘സഞ്ചരിക്കുന്ന ചിത്രശാല’ ഇന്ന് ജില്ലയില്‍

Posted on: February 3, 2016 9:34 am | Last updated: February 3, 2016 at 9:34 am
SHARE

കല്‍പ്പറ്റ: കേരള ലളിത കലാഅക്കാദമിയുടെ ‘സഞ്ചരിക്കുന്ന ചിത്രശാല’ ഇന്ന് ജില്ലയിലെത്തും. കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് രാവിലെ പത്തിന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ജില്ലാതല പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വൈക്കം എം.കെ. ഷിബു അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജില്ലയിലെ ചിത്രകാരന്‍മാര്‍ പങ്കെടുക്കുന്ന ‘വര്‍ണോത്സവം’ ചിത്രരചനാക്യാമ്പും പ്രദര്‍ശനവും ഉണ്ടായിരിക്കും. ഇതോടനുബന്ധിച്ച് ചിത്രകലാസംബന്ധിയായ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.
കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലാദ്യമായാണ് ‘സഞ്ചരിക്കുന്ന ചിത്രശാല’. കേരളീയ ചിത്രകലാചരിത്രത്തേയും പാരമ്പര്യത്തേയും കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ആര്‍ട്ഗാലറികളില്ലാത്ത പ്രദേശങ്ങളില്‍ ചിത്രകലാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും ചിത്രകലയെ കൂടുതല്‍ ജനകീയമാക്കാനും ഉദ്ദേശിച്ചാണ് ഈ സംരംഭം.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാഹനത്തില്‍ ചിത്രശാല ക്രമീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ ആദ്യഘട്ടമാണിത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഇന്ത്യാചരിത്രമുള്‍പ്പെടെയുള്ള മറ്റു വിഷയങ്ങളുമായി ഗ്രാമഗ്രാമാന്തരം സഞ്ചരിക്കുന്ന ചിത്രശാലയെത്തും.
ചിത്രകാരന്‍മാരുടെ ക്ഷേമത്തിനായി ‘ചുമരില്‍ ഒരു ചിത്രം’ എന്ന ആശയം മുന്‍നിര്‍ത്തി ചിത്രവിപണനവും ലക്ഷ്യമിടുന്നുണ്ട്. ‘ചിത്രങ്ങള്‍ ജനങ്ങളിലേക്ക്’ എന്ന ലക്ഷ്യവുമായി മുന്നേറുന്ന ചിത്രശാലയില്‍ ചിത്രകാരന്‍മാര്‍ക്ക് സ്വന്തം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും വിപണിയിലെത്തിക്കാനും അവസരമുണ്ട്. ചിത്രകലാസ്വാദകര്‍ക്ക് ചിത്രങ്ങള്‍ കാണുന്നതിനും വാങ്ങുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ചിത്രകലയുടെ പ്രാരംഭചരിത്രം മുതല്‍ ആധുനികകാലഘട്ടം വരെ വിവിധ ഘട്ടങ്ങളായാണ് ആദ്യഘട്ടപ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
പ്രഗത്ഭ ചിത്രകാരന്‍മാരുടേയും ശില്‍പികളുടേയും രചനകളും പ്രദര്‍ശനത്തിലുണ്ട്. ഗുഹാചിത്രങ്ങളും പുരാതന ചിത്ര-ശില്‍പ മാതൃകകളും ചുവര്‍ചിത്രങ്ങളും മുതല്‍ രാജാരവിവര്‍മ, കെ.സി.എസ്. പണിക്കര്‍, പത്മിനി, എം.വി.ദേവനുള്‍പ്പെടെ മണ്‍മറഞ്ഞവരുടെ സൃഷ്ടികളും ആധുനികകലാകാരന്‍മാരുടെ രചനകളും പ്രദര്‍ശനത്തിലുള്‍പ്പെടുന്നു.വൈകിട്ട് ആറുമണിവരെ പ്രദര്‍ശനമുണ്ടായിരിക്കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രയാണമാരംഭിക്കും. തിരുവനന്തപുരത്ത് ആരംഭിച്ച ചിത്രശാലാപ്രയാണം ഫെബ്രുവരി അഞ്ചിന് കാസര്‍കോട് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here