കാല്‍പന്തുകളിയുടെ യൂറോപ്യന്‍ ചാതുരിയുമായി ജര്‍മന്‍ യുവതാരങ്ങള്‍ ഫാറൂഖ് കോളജില്‍

Posted on: February 3, 2016 9:30 am | Last updated: February 3, 2016 at 9:30 am
SHARE

ഫറോക്ക്: കാല്‍പന്തുകളിയുടെ കിരീടം കൈയിലേന്തിയ ജര്‍മനിയില്‍ നിന്നും യൂറോപ്യന്‍ ഫുട്‌ബോളിന്റെ ചാതുരിയുമായി ജര്‍മ്മന്‍ യുവ താരങ്ങള്‍ ഫാറൂഖ് കോളജിന്റെ പുല്‍മൈതാനത്തെത്തി. സേട്ട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കാനെത്തിയ ജര്‍മനിയിലെ നിന്നുള്ള ടി എസ്വി 1860 മ്യൂണിക്ക് ടീമംഗങ്ങളാണ് പരിശീലനത്തിനായി ഫറൂഖ് കോളജ് മൈതാനത്തെത്തിയത്. ഇവരുടെ പരിശീലനം വീക്ഷിക്കാന്‍ വിദ്യാര്‍ഥികളടക്കം നിരവധിയാളുകള്‍ കോളജ് ഗ്രൗണ്ടിലെത്തി.
ടെക്‌നിക്കല്‍ ഡയറക്ടര്‍ നൊകാദ് അയ്ഗുന്റെ നേത്യത്വത്തിലുള്ള 10 അംഗ ഒഫീഷ്യല്‍സും ക്യാപ്റ്റന്‍ മിക്കായേല്‍ കോകോസിന്‍സയുടെ നേതൃത്വത്തില്‍ 18 കളിക്കാരുമാണ് ടി എസ്വി 1860 മ്യൂണിക്ക് ടീമിലുള്ളത്. ഫെലിക്‌സ് വെമ്പര്‍, ഫെലിക്‌സ്, മുതിയാസ് ലെതര്‍, ഫ്‌ലോളിയന്‍ പെപ്പര്‍, ലുഡ്‌വിഗ് സ്റ്റെയിന്‍ ഹാര്‍ട്ട് എന്നിവരാണ് ടീമിന്റെ മുന്നേറ്റ നിരയിലെ മിന്നും താരങ്ങള്‍. കായി ഫ്രിട്‌സാണ് ഗോള്‍ വല കാക്കുന്നത്. ഡാനിയല്‍ ബെറോഫ്‌ലുവാണ് പ്രധാന കോച്ച്. ഫെബ്രുവരി ആറിന് അര്‍ജന്റീനയില്‍ നിന്നുള്ള ടീമുമായി മ്യൂണിക്ക് ടീം ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റൊരു ടീമായ വാട്‌ഫോര്‍ഡ് ഇംഗ്ലണ്ടും പരിശീലനത്തിനായി ഫാറൂഖ് കോളജ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെത്തും.ഇതിന് പുറമെ മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലും, ദേവഗിരിയിലും ടീമുകള്‍ പരിശീലനം നടത്തും.
ഏറെക്കാലം കെ ഡി എഫ് എ ഭാരവാഹിയും ഫാറൂഖ് കോളജ് സ്ഥാപനങ്ങളുടെ കാര്യദര്‍ശിയുമായിരുന്ന പരേതനായ കെ സി ഹസന്‍ കുട്ടി സാഹിബിന്റെ സ്മരണാര്‍ഥമാണ് 40 ലക്ഷം രൂപ ചിലവഴിച്ച് സ്‌കൂള്‍ ഗ്രൗണ്ട് നവീകരിച്ചത്. 110.7 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമുള്ള ഗ്രൗണ്ടില്‍ 36 ലക്ഷം രൂപ ചിലവഴിച്ചാണ് പുല്ല് പിടിപ്പിച്ചത്. 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയും നിര്‍മിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here