കൂലിത്തര്‍ക്കം: സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു

Posted on: February 3, 2016 9:30 am | Last updated: February 3, 2016 at 9:30 am
SHARE

താമരശ്ശേരി: കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു.
രാവിലെ പതിവ് പോലെ സര്‍വീസ് ആരംഭിച്ച ബസുകള്‍ പൊടുന്നനെ ഓട്ടം നിര്‍ത്തുകയായിരുന്നു. ബസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നിയമാനുസൃത വേതനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ ഇന്നലെ രാവിലെ പത്ത് മുതല്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. ഇതോടെ പെരുവഴിയിലായ യാത്രക്കാര്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ ഏറെ ബുദ്ധിമുട്ടി. വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വീട്ടിലെത്താനും പ്രയാസപ്പെട്ടു. രോഗികളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരാണ് ഏറെ പ്രയാസപ്പെട്ടത്.
മണിക്കൂറുകള്‍ ഇടവിട്ട് സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസുകളില്‍ നിരവധി പേര്‍ കയറിപ്പറ്റിയെങ്കിലും ഭൂരിപക്ഷം യാത്രക്കാരും മറ്റ് റൂട്ടുകളിലൂടെയും ടാക്‌സി വാഹനങ്ങളിലുമായാണ് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നത്.
നിയമാനുസൃതമുള്ള ഫെയര്‍ വേജ് സ്വകാര്യ ബസുകളിലെ മൂന്ന് പേര്‍ക്കാണ് നല്‍കി വരുന്നത്. എന്നാല്‍ ഈ റൂട്ടിലെ ഒരോ ബസിലും നാല് പേര്‍ വീതമാണ് തൊഴിലെടുക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ച് വേതന വ്യവസ്ഥകള്‍ പ്രകാരം ഡ്രൈവര്‍, കണ്ടക്ടര്‍, ചെക്കര്‍, ക്ലീനര്‍ എന്നീ നാല് പേര്‍ക്കും തൊഴിലും കൂലിയും നല്‍കണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.
ഫെയര്‍ വേജസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒന്നാം തീയ്യതി മുതല്‍ ഈ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ബസ് ഉടമകളും യൂനിയന്‍ പ്രതിനിധികളും തമ്മില്‍ ജനുവരി 27 ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഫെബ്രുവരി ഒന്ന് മുതല്‍ വേതന വര്‍ധനവ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വര്‍ധിപ്പിച്ച വേതനം നല്‍കാന്‍ ബസ് ഉടമകള്‍ തയ്യാറായില്ലെന്നാണ് തൊഴിലാളികള്‍ ആരോപണം.
ഈ റൂട്ടിലോടുന്ന വൈറ്റ് വേ എന്ന ബസിലെ ജീവനക്കാര്‍ ഉടമയുടെ സമ്മതമില്ലാതെ ഫെയര്‍ വേജ് നിരക്കില്‍ കൂലി എടുത്തു. ഇതേ തുടര്‍ന്ന് തൊഴിലാളികളോട് ചെക്കര്‍ ഇല്ലാതെ ജോലി ചെയ്യാന്‍ ബസുടമ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജീവനക്കാര്‍ ജോലിചെയ്യാന്‍ വിസ്സമതിച്ചു. ഇതിനെ തുടര്‍ന്നാണ് കൊയിലാണ്ടി – താമരശ്ശേരി റൂട്ടിലെ 43 ബസുകളില്‍ 40 ബസുകളും മിന്നല്‍ പണിമുടക്ക് നടത്തിയത്. സംയുക്ത തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരം ജീവനക്കാര്‍ ഇന്ന് ജോലിക്ക് ഹാജരാവും. 27ന് നടന്ന ചര്‍ച്ചയില്‍ തീരുമാനമായ ഫെയര്‍ വേജസ് ഉടമകള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഈ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്താനും തൊഴിലാളികള്‍ തീരുമാനിച്ചു.