വ്യാജ ഷാഡോ പോലീസുകാരെ ഒറിജിനല്‍ പിടികൂടി

Posted on: February 3, 2016 5:53 am | Last updated: February 2, 2016 at 11:54 pm

കൊച്ചി: ഷാഡോ പോലീസാണെന്നു പറഞ്ഞ് മറൈന്‍ ഡ്രൈവിലും കൊച്ചി നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലും പലവിധത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയ രണ്ട് പേരെ കൊച്ചി സിറ്റി ഷാഡോ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടുകൂടി. കോട്ടയം വെള്ളൂര്‍ തണ്ണിപ്പള്ളി സി എം എസ് എല്‍ പി സ്‌കൂളിന് സമീപം പേങ്ങാട്ടു വീട്ടില്‍ മനു എസ് മേനോന്‍ (25), കണ്ണൂര്‍ കോറം ഇരൂര്‍ ദേവി സഹായം യുപി സ്‌കൂളിന് സമീപം കണ്ണക്കാഞ്ചേരി വീട്ടില്‍ രഞ്ജിത് (32)എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് പോലീസിന്റെയും നേവിയടെയും ഇന്‍ഡ്യന്‍ ആര്‍മിയുടെയും വ്യാജ ഐഡന്റിറ്റി കാര്‍ഡുകളും പിടികൂടിയിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് സെന്റ് ആല്‍ബര്‍ട്‌സ് കോളജിലെ വിദ്യാര്‍ഥികളെ പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. നഗരത്തിലെ വിവധ സ്ഥലങ്ങളില്‍ സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു.പോലീസ് ചമഞ്ഞ് ഒരു സംഘം തട്ടിപ്പു നടത്തുന്നതായി സിറ്റി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനിത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. സീനിയര്‍ പോലീസ് ഓഫീസര്‍മാരായ വിലാസന്‍, ഷാജി, ബെന്നി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ കെ ജി ബാബുകുമാര്‍, സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.