വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം നിരവധി കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി

Posted on: February 3, 2016 5:39 am | Last updated: February 2, 2016 at 11:40 pm
SHARE

ജറൂസലം: തെക്കന്‍ വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം നിയമവിരുദ്ധമായി നിരവധി കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി. ഹെബ്‌റോനിലെ ഖിര്‍ബത് ജെന്‍ബ സൗത്ത് ഗ്രാമത്തിലെ 24 കെട്ടിടങ്ങളാണ് ഇസ്‌റാഈല്‍ സൈന്യം ഇടിച്ചുനിരപ്പാക്കിയത്. ഇതോടെ നിരവധി കുടുംബംഗങ്ങള്‍ ഭവനരഹിതരായതായി അധികൃതര്‍ വ്യക്തമാക്കി. കെട്ടിടങ്ങള്‍ അനധികൃതമെന്ന് ആരോപിച്ചാണ് ഇസ്‌റാഈല്‍ സൈന്യം ഈ കൃത്യം നടത്തിയത്. രാവിലെ ഏഴിന് ഗ്രാമത്തിലെത്തിയ ഇസ്‌റാഈല്‍ സൈന്യം കെട്ടിടങ്ങള്‍ പൊളിക്കാന്‍ ശ്രമം ആരംഭിച്ചെന്നും 12 കുടുംബങ്ങള്‍ ഇതേ തുടര്‍ന്ന് ഭവനരഹിതരായതായും പ്രാദേശിക ഗ്രാമ കൗണ്‍സില്‍ എ എഫ് പിയോട് പറഞ്ഞു. 12 കുടുംബങ്ങളിലായി 80ലധികം പേര്‍ ഇപ്പോള്‍ പ്രയാസം നേരിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1970കളില്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ ഈ പ്രദേശം സൈനിക മേഖലയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മനുഷ്യാവകാശ സംഘടനകള്‍ വളരെ നേരത്തെ മുതല്‍ തന്നെ ഇസ്‌റാഈലിന്റെ ഈ വാദത്തെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തുണ്ട്. അധിനിവേശ ഭൂമിയില്‍ സൈനിക മേഖല ഉണ്ടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
1967കളില്‍ ഇസ്‌റാഈല്‍ വെസ്റ്റ്ബാങ്ക് അധിനിവേശപ്പെടുത്തുന്ന സമയത്തിന് മുമ്പ് തന്നെ തങ്ങളുടെ മുന്‍ഗാമികള്‍ ഇവിടയാണ് താമസിച്ചിരുന്നതെന്നും ഇതിന്റെ അവകാശികള്‍ തങ്ങളാണെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. എന്നാല്‍ വളരെ സുതാര്യമായ ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ഇസ്‌റാഈല്‍ സൈന്യം ഈ മേഖലയെ സൈനിക സോണായി പ്രഖ്യാപിക്കുന്നതും ഇവിടെയുള്ള കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നതും. ഇസ്‌റാഈല്‍ സൈന്യത്തിന് തങ്ങളെ ഈ ഭാഗത്തുനിന്ന് തുടച്ചുനീക്കാനാണ് ആഗ്രഹമെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ ആയിരത്തോളം പേരെ ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തില്‍ പത്തോളം ഗ്രാമങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യം അതിക്രമത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഇസ്‌റാഈലിന്റെ കിരാതമായ നടപടികള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഐക്യരാഷ്ട്ര സഭയും അമേരിക്കയും യൂറോപ്യന്‍ യൂനിയനും എതിര്‍ത്ത് രംഗത്തെത്തിയതോടെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ ഇസ്‌റാഈല്‍. ഇസ്‌റാഈല്‍ നടപടികളെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രകോപിതനായി പ്രസിഡന്റ് നെതന്യാഹു, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.