Connect with us

Editorial

ന്യായാസനങ്ങളും പരാമര്‍ശങ്ങളും

Published

|

Last Updated

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ് എസ് വാസനെതിരെ ഹൈക്കോടതി ജഡ്ജി നടത്തിയ രൂക്ഷമായ വിമര്‍ശം ന്യായാധിപരുടെ പ്രതിഷേധത്തിന് വിധേയമായിരിക്കയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരായി കേസെടുക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി ഉബൈദ് വിജിലന്‍സ് ജഡ്ജിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. വിജിലന്‍സ് ജഡ്ജിക്ക് സ്വന്തം അധികാരമെന്തെന്ന് അറിയില്ല, തന്റെ പദവി പോസ്റ്റോഫീസിന് തുല്യമാണെന്ന് അദ്ദേഹം കരുതരുത്, ഇത്തരമൊരു ജഡ്ജിയെ വെച്ച് എങ്ങനെ മുന്നോട്ട് പോകുമെന്നും അധിക്ഷേപിച്ച ജസ്റ്റിസ് ഉബൈദ് വിജിലന്‍സ് ജഡ്ജി വാസനെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി ഭരണവിഭാഗത്തോട് ആവശ്യപ്പെടുകയുമുണ്ടായി.
ന്യായാധിപന്മാരുടെ സംഘടനയായ കേരള ജുഡീഷ്യല്‍ അസോസിയേഷന്‍ ജസ്റ്റിസ് ഉബൈദിന്റെ പരാമര്‍ശങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. കീഴ്‌ക്കോടതി ഉത്തരവില്‍ അപാകമുണ്ടെങ്കില്‍ മേല്‍ക്കോടതിക്ക് റദ്ദാക്കുകയോ തിരുത്തുകയോ ചെയ്യാം. അല്ലാതെ ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ അധികാരമില്ല. തൊഴില്‍പരമായ അപാകമുണ്ടെങ്കില്‍ മാത്രമേ നടപടിക്ക് ശിപാര്‍ശ ചെയ്യാന്‍ ചട്ടമുള്ളൂവെന്നിരിക്കെ ജസ്റ്റിസ് വാസനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തതും അനവസരത്തിലുള്ള നടപടിയായി അസോസിയേഷന്‍ വിലയിരുത്തുന്നു. ജസ്റ്റിസ് ഉബൈദിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനും തീരൂമാനമുണ്ട്്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുക്കാനുള്ള തൃശൂര്‍ വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ് അസാധാരണവും തിടുക്കപ്പെട്ട നടപടിയുമായിരുന്നു. സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഒരാള്‍ നല്‍കിയ ഹരജിയിലാണ് ജഡ്ജി എസ് എസ് വാസന്‍ പൊടുന്നനെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസെടുക്കുന്നതിന് മുമ്പ് ക്വിക് വെരിഫിക്കേഷന്‍ വേണമെന്ന ആവശ്യം തള്ളിയായിരുന്നു വിധിപ്രസ്താവം. കേസിന്റെ മെറിറ്റിലേക്ക് പോകുന്നില്ലെന്നും അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുണ്ടാകുമെന്നുമായിരുന്നു വിജിലന്‍സിന്റെ എതിര്‍വാദത്തോട് ജഡ്ജിയുടെ പ്രതികരണം. പരാതിയുടെ ന്യായാന്യായങ്ങളേക്കാളുപരി വൈകാരികതയാണ് ജഡ്ജിയെ സ്വാധീനിച്ചതെന്ന സന്ദേഹത്തിന് ഇ ടയാക്കുന്നുണ്ട് ഈ വിധിപ്രസ്താവം. എന്നാല്‍ അതിലേറെ അസ്വാഭികവും അതിര് കടന്നതുമാണ് ഹൈക്കോടതി ജഡ്ജിയുടെ വിധിപ്രസ്താവമെന്നും നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു. എന്തിനാണ് ഹൈക്കോടതി ജഡ്ജി വിജിലന്‍സ് ജഡ്ജിയെ വ്യക്തിപരമായി കടന്നാക്രമിച്ചത്? കീഴ്‌ക്കോടതി വിധികളില്‍ അപാകമുണ്ടാകാം. കീഴ്‌ക്കോടതിയുടെയും മേല്‍ക്കോടതിയുടെയും വീക്ഷണവും വിലയിരുത്തലും വ്യത്യസ്തവും പരസ്പര വിരുദ്ധവുമാകാറുണ്ട്. കീഴ്‌ക്കോടതി വധ ശിക്ഷക്ക് വിധിച്ചയാളെ മേല്‍ക്കോടതി വെറുതെ വിട്ടയച്ച സംഭവങ്ങളുണ്ട്. എന്നാല്‍ ഇത്തരം കേസുകളില്‍ മേല്‍ക്കോടതികളുടെ നിരീക്ഷണം കീഴ്‌ക്കോടതിയുടെ വിധിപ്രസ്താവത്തെ മാത്രം ആധാരമാക്കിയായിരിക്കണം. തെളിവുകള്‍ പരിഗണിച്ചതിലെ വീഴ്ചകളോ വിധിയിലെ അപാകങ്ങളോ ചൂണ്ടിക്കാണിക്കാനല്ലാതെ ജഡ്ജിയെ കടന്നാക്രമിക്കുന്നതും ഇകഴ്ത്തുന്നതും ന്യായീകരിക്കാവതല്ല. ഇത് ജഡീഷ്യറിയുടെ അന്തസ്സിന് ചേര്‍ന്നതുമല്ല.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ജോയി കൈതാരം നേരത്തെ സമര്‍പ്പിച്ച ഹരജിയുടെ പരിഗണനാ വേളയിലുമുണ്ടായിരുന്നു ജഡ്ജിയുടെ അനവസരത്തിലുള്ള ഇത്തരം ചില പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടിവി ക്യാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും സര്‍വറും പിടിച്ചെടുത്തു പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. മുഖ്യമന്ത്രിയെ വെള്ള പൂശാനാണ് ഈ വേള ജഡ്ജി വിനിയോഗിച്ചത്. മുഖ്യമന്ത്രിക്കെതിരെ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തുകയാണെന്നുമായിരുന്നു ഹരജിയോടുള്ള ജഡ്ജിയുടെ അന്നത്തെ വാക്കാലുള്ള പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ പോലീസ് അന്വേഷണം നടന്നു വരുന്ന സമയത്തായിരുന്നു അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയുള്ള ഈ നിരീക്ഷണമെന്നതാണ് വിരോധാഭാസം.
എന്താണ് രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ ഇത്ര വൈകാരികമായി പ്രതികരിക്കാന്‍ ന്യായാധിപന്മാരെ പ്രേരിതരാക്കുന്ന ഘടകം? അവരുടെ മനസ്സിലെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുകയാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്. അങ്ങനെയായിരിക്കുമോ? അതോ മാധ്യമങ്ങളുടെ സ്വാധീനമോ? ഏതായാലും ഈ നിലപാട് ആശാസ്യമല്ല. ബാഹ്യ സമ്മര്‍ദങ്ങള്‍ക്കും മറ്റു താത്പര്യങ്ങള്‍ക്കും അടിപ്പെടാതെ തികച്ചും നിഷ്പക്ഷമായും സമഗ്രമായ പഠനങ്ങള്‍ക്ക് ശേഷവുമായിരിക്കണം ന്യായാധിപന്മാര്‍ വിധി പറയേണ്ടതും നിരീക്ഷണങ്ങള്‍ നടത്തേണ്ടതും. നിയമവും നീതിനിര്‍വഹണവും നടന്നാല്‍ മാത്രം പോരാ അത് കുറ്റമറ്റ രീതിയിലാണെന്ന വിശ്വാസ്യത ജനങ്ങള്‍ക്ക് ഉണ്ടാകുകയും വേണം. മറിച്ചായാല്‍ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് കളങ്കമുണ്ടാക്കുകയും നിയമവാഴ്ച തകരുകയും ചെയ്യും.

Latest