Connect with us

Articles

ഗ്രന്ഥശാലകള്‍ക്ക് വേണം ഒരു കൈ സഹായം

Published

|

Last Updated

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മുന്നേറ്റവുമായി ഇഴുകിപ്പരന്നു കിടക്കുന്ന ചരിത്രമാണ് ഗ്രന്ഥശാലകള്‍ക്കുള്ളത്. ഉപ്പു സത്യഗ്രഹ കാലത്ത് കെ പി സി സിയുടെ മുഖ്യ അജന്‍ഡകളിലൊന്ന് ഗ്രാമങ്ങള്‍ തോറും വായനശാലകള്‍ ആരംഭിക്കുക എന്നതായിരുന്നു. ഇ എം എസും അബ്ദുര്‍റഹ്മാന്‍ സാഹിബുമൊക്കെയായിരുന്നു അതിന് നേതൃത്വം കൊടുത്തവര്‍. പിന്നീട്് കര്‍ഷക പ്രസ്ഥാനത്തിന്റയും തൊഴിലാളി പ്രസ്ഥാനത്തിന്റയും കേന്ദ്രങ്ങളായി വായനശാലകള്‍ പരിണമിച്ചു. അധികാരിവര്‍ഗത്തിന്റെ എതിര്‍പ്പിനെ നേരിട്ട് ജനങ്ങള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ വായനശാലകള്‍ക്ക് ഏപ്പോഴും തുണയായത് മലയാളിയുടെ വായനയോടുള്ള ഒരിക്കലും വറ്റാത്ത കൂറ് തന്നെയായിരുന്നു.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാളിന്റെ സഹായത്തോടെ 1829ല്‍ ആരംഭിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറിയാണ് കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയിട്ടത്. തിരുവിതാംകൂറില്‍ രാജഭരണത്തിന്റെ തണലിലും ജനങ്ങളുടെ മുന്‍കൈയിലുമായി ഒരേ പോലെ ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു. കൊച്ചിയില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തിയ റൂറല്‍ ലൈബ്രറികളും ജനങ്ങള്‍ സ്ഥാപിച്ച പൊതുഗ്രന്ഥശാലകളും ഉണ്ടായി. മലബാറില്‍ ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ഭാഗമായി ജനകീയ ഗ്രന്ഥശാലകള്‍ ഉടലെടുത്തു. മൂന്നിടത്തും വ്യത്യസ്ത സ്വഭാവത്തോടെ വളര്‍ന്ന്, ഏകോപിക്കപ്പെട്ട ഈ പ്രസ്ഥാനം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബഹുജന സാംസ്‌കാരിക പ്രസ്ഥാനമായി മാറി.
തിരുകൊച്ചി സംയോജനത്തെ തുടര്‍ന്ന് 1949ല്‍ തിരുകൊച്ചി ഗ്രന്ഥശാലാ സംഘമുണ്ടായി. ഭാഷാസംസ്ഥാന രൂപവത്കരണ ഫലമായി 1956ല്‍ കേരള സംസ്ഥാനം നിലവില്‍ വരികയും 1958ല്‍ കേരള ഗ്രന്ഥശാലാ സംഘം പിറവിയെടുക്കുകയും ചെയ്തു. ഭേദപ്പെട്ട ഒരു ഗ്രന്ഥശാലാ നിയമം 1989ലെ നായനാര്‍ സര്‍ക്കാറാണ് പാസാക്കിയത്. അങ്ങനെ 1994 ഏപ്രിലില്‍ ഒന്നാം ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നു. ഇപ്പോഴും വലിയ ഭീഷണിയെ നേരിട്ടാണ് ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനം. ഇല്ലായ്മകളുടെ കാലത്തെ അതിജീവിച്ചാണ് അത് ഇത്രയുമെത്തിയത്. മലയാളിയുടെ അറിവിന്റ നാള്‍വഴികളായ ഗ്രന്ഥശാലകള്‍ക്ക് ഇന്ന് പശ്ചാത്തല സൗകര്യത്തിന് കാര്യമായ കുറവില്ലെങ്കിലും കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പുതിയ ചട്ടങ്ങളും സാമ്പത്തിക സഹായങ്ങളും വേണ്ടതുണ്ട്്്്്.
സാംസ്‌കാരിക മേഖലയില്‍ വന്നു കൊണ്ടിരിക്കുന്ന അപചയങ്ങളെ നേരിടാന്‍ സജ്ജമാക്കുന്നതായിരിക്കണം പുതിയ കാലത്തെ ഗ്രന്ഥശാലാ പ്രവര്‍ത്തനം. എന്തിന്റെ പേരിലാണോ പ്രസ്ഥാനം രൂപം കൊണ്ടത്, ആ കാലഘട്ടത്തെ അനുസ്മരിപ്പിക്കും വിധം ജാതീയതയും വര്‍ഗീയതയും സമൂഹത്തില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യമാകുകയാണ്. കേരളത്തില്‍ കൂടുതല്‍ ഗ്രന്ഥശാലകള്‍ പ്രവൃത്തിക്കുന്നത് എ കെ ജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും പേരിലാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരായി ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ മാറിയതാണ് നവോത്ഥാന നായകരുടെ പേരില്‍ വായനശാലകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. നവോത്ഥാന നായകര്‍ എന്താണോ കേരളീയ സമൂഹത്തിന് നല്‍കിയ സന്ദേശം അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചില ഘട്ടങ്ങളിലെങ്കിലും മുന്‍കൈ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് വായനശാലകളുടെ പ്രവര്‍ത്തനം കുറേക്കൂടി കാര്യക്ഷമമാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവരുന്നത്.
1957ലാണ് ലോകപ്രശസ്ത ഗ്രന്ഥാലയ ശാസ്ത്രജ്ഞന്‍ ഡോ. രംഗനാഥന്‍ കേരളത്തിലെ വിവിധ ഗ്രന്ഥശാലകള്‍ സന്ദര്‍ശിച്ച് ഭരണഘടനയുണ്ടാക്കാന്‍ ശ്രമിച്ചത്. ആദ്യത്തെ ഇ എം എസ് സര്‍ക്കാര്‍ ഗ്രന്ഥശാലാ സംഘത്തിന് ഒരു നിയമം വേണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഗ്രന്ഥശാലകള്‍ സന്ദര്‍ശിച്ചത്. അതിന് മുമ്പേ 1945കളിലും രംഗനാഥന്‍ കേരളത്തിലെത്തിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ലോകത്ത് ഇതുപോലൊരു മാതൃക കാണാന്‍ സാധിക്കില്ലെന്നായിരുന്നു. 2014 ഡിസംബറില്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമും പറഞ്ഞത് ഇത് തന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ ഗ്രന്ഥശാലാ നിയമം ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളി സംസ്ഥാനത്ത് ഉയരുന്നത്. 2013 ഡിസംബറില്‍ കണ്ണൂരില്‍ നടന്ന ഗ്രന്ഥശാലാ സംഘം ദേശീയ സെമിനാറാണ് ഇത്തരം ഒരു ആശയം ആദ്യം മുന്നോട്ടു വെച്ചത്. നിരവധി സംസ്ഥാനങ്ങളില്‍ ഗ്രന്ഥശാലാ നിയമം ഉണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ ഗ്രന്ഥശാലകള്‍ക്ക് ഗ്രാന്റ് നല്‍കുന്നതിനുള്ള നിയമ നിര്‍മാണം വേണമെന്നതാണ് പ്രധാന ആവശ്യം. രാജ്യത്താകമാനം കേരള മാതൃകയില്‍ ലൈബ്രറികള്‍ ആരംഭിക്കണമെന്ന എ പി ജെ അബ്ദുല്‍ കലാമിന്റെ ആഹ്വാനവും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. 1957ല്‍ തുടങ്ങിയ നിയമ നിര്‍മാണം പല തട്ടുകളിലൂടെ കടന്ന് 1994 മുതലാണ് നടപ്പാക്കി തുടങ്ങിയത്. ഈ നിയമത്തില്‍ കാലോചിത പരിഷ്‌കാരം വേണമെന്ന് പറയുമ്പോള്‍ തന്നെയാണ് ദേശീയ തലത്തില്‍ ഗ്രന്ഥശാലാ നിയമം എന്ന ആശയവും മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് സമാപിച്ച ഗ്രന്ഥശാലാ സംഘം ശില്‍പ്പശാലയിലും പ്രധാന ചര്‍ച്ച ദേശീയ നിയമത്തെ കുറിച്ചാണ്. ഗ്രന്ഥശാലാ സഘത്തിന്റെ മൂന്നാം ലൈബ്രറി പഠന കോണ്‍ഗ്രസിന് കണ്ണൂര്‍ സാക്ഷ്യം വഹിക്കുമ്പോഴും ഇത്തരം ആശയങ്ങള്‍ തന്നെയാണ് മുന്നോട്ട് വെക്കുന്നത്.
ഇപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റും ലൈബ്രറി സെസ്സും ഉപയോഗിച്ചാണ് 7826 ഗ്രന്ഥശാലകള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത്. 45 കോടിയാണ് ലൈബ്രറി കൗണ്‍സിലിന്റെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്. ഇതില്‍ 18 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അത് കൃത്യസമയത്ത് നല്‍കാത്തത് കാരണം കേരളത്തിലെ വായനശാലകള്‍ പ്രതിസന്ധിയിലാണ്. കഴിഞ്ഞ വര്‍ഷം എട്ട് കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതു കൊണ്ട് തന്നെ നിശ്ചയിച്ച പരിപാടികല്‍ പലതും നിര്‍ത്തി വെക്കേണ്ടി വന്നു. ലൈബ്രറി സെസ്സെന്നത് തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്ന കെട്ടിട നികുതിയുടെ അഞ്ച് ശതമാനമാണ്. ഇതെല്ലാം കൂട്ടിയാണ് 45 കോടിയുടെ ബജറ്റ്. ഈ തുകയുടെ ഇരട്ടി തുക ലൈബ്രറി കൗണ്‍സിലിന് നല്‍കിയാല്‍ മാത്രമേ ഇന്നത്തെ സാംസ്‌കാരിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യാന്‍ ഈ പ്രസ്ഥാനത്തിന് സാധിക്കുകയുള്ളൂവെന്നും അതിനാല്‍ ഇനി വരുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ 50 കോടി രൂപ ഗ്രന്ഥശാലാ സംഘത്തിന് നല്‍കുമെന്നുമാണ് തിരുവനന്തപുരത്ത് സമാപിച്ച എ കെ ജി പഠനഗവേഷണ കേന്ദ്രത്തിന്റെ പഠന കോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിച്ച് തോമസ് ഐസക്ക് പറഞ്ഞത്.
പുസ്തക വിതരണത്തിന് പുറമെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന വായനശാലകളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതാണ് ലൈബ്രറി കൗണ്‍സിലിന്റെ ഉത്തരവാദിത്വം. ഇത് നടപ്പാക്കുന്നതിന് വേണ്ടി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, താലുക്ക് ലൈബ്രറി കൗണ്‍സില്‍ എന്നീ മൂന്ന് തട്ടുള്ള സംവിധാനം നിലവിലുണ്ട്. ഇതിന് പുറമെ പഞ്ചായത്ത്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തലത്തില്‍ നേതൃസമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ പുസ്തകം എത്തിക്കുന്ന വനിതാ വയോജന പുസ്തക വിതരണ പദ്ധതി, വായനാവീട് എന്നിവയും പ്രവൃത്തിക്കുന്നു. അയല്‍പക്ക പഠന കേന്ദ്രത്തിന് ഗ്രന്ഥശാലാ സംഘം ഗ്രാന്റ് നല്‍കുന്നില്ലെങ്കില്‍ കൂടിയും നേരത്തെ രൂപവത്കരിച്ച അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ പല സ്ഥലത്തും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ജയില്‍ ലൈബ്രറി, ആശുപത്രി ലൈബ്രറി, ഓര്‍ഫനേജ് ലൈബ്രറി എന്നിവയും പ്രവര്‍ത്തിക്കുന്നു. ആയിരം വീടുകള്‍ക്ക് ഒരു ഗ്രന്ഥശാല എന്ന ആശയം കേരളത്തില്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് ഇനി നടപ്പാക്കേണ്ടത്. അതിനാവശ്യമായി ലൈബ്രേറിയന്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം.
മുന്നേറ്റങ്ങള്‍ നിലനിര്‍ത്താനും പുതിയവ സൃഷ്ടിക്കാനും സാധിക്കുന്ന തരത്തില്‍ ഗ്രന്ഥശാലകളുടെ ഉയര്‍ച്ചയുണ്ടാകണം. സാങ്കേതിക മേഖലയിലെ വളര്‍ച്ചയെ ഗുണപ്രദമായി ഉപയോഗിക്കാന്‍ സാധിക്കണം. ഇത്തരം വളര്‍ച്ചക്കാവശ്യമായ ഇടപെടലാണ് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് ചെയ്യാനുള്ളത്. നാളത്തെ ഗ്രന്ഥശാലകള്‍ എന്ന ആശയത്തിലൂന്നി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്താനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കി വരുന്ന സാമ്പത്തിക സഹായം ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയാണ്. എം എല്‍ എ ഫണ്ടുപയോഗിച്ച് ഗ്രന്ഥശാലകള്‍ക്ക് കമ്പ്യൂട്ടര്‍, എല്‍ ഡി സി പ്രൊജക്ടര്‍, ഫര്‍ണിച്ചറുകള്‍ എന്നിവ നല്‍കാന്‍ പാടില്ലെന്ന് ഉത്തരവ് ഇപ്പോള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. ജാതിക്കും മതത്തിനും വര്‍ഗത്തിനുമൊക്കെ അതീതമായ എല്ലാവര്‍ക്കും പ്രവേശമുള്ള പൊതുഇടങ്ങള്‍ നമ്മുടെ നാട്ടില്‍ രൂപംകൊണ്ടത് ഒരു ദിവസം കൊണ്ടല്ല. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും ദീര്‍ഘനാളത്തെ പോരാട്ടങ്ങളുടെ ഫലം കൂടിയാണ് ഇത്തരം പൊതു ഇടങ്ങള്‍. മലയാളികളുടെ സാമൂഹികജീവിതത്തിലും പൊതുജനാഭിപ്രായ രൂപവത്കരണത്തിലും ചരിത്രത്തെ ചിന്തയുടെ പ്രവര്‍ത്തനമണ്ഡലങ്ങളുമായി കൂട്ടിമുട്ടിക്കുന്നതിലുമെല്ലാം വായനശാലകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക ജനാധിപത്യത്തിന്റെ ഉത്പന്നമായ വായനശാലകളില്ലാതാകുമ്പോഴേ നാം അതിന്റെ വിലയറിയൂ.
(കേരള ഗ്രന്ഥശാലാ സംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)

Latest