എന്‍ഡോസള്‍ഫാന്‍ ഇരയുടെ പഠനത്തിന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത സഹായം കിട്ടിയില്ല; മനം നൊന്ത ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Posted on: February 2, 2016 11:56 pm | Last updated: February 2, 2016 at 11:56 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരയായ ശ്രുതിക്ക് പഠനത്തിനായി മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത പണം കിട്ടിയില്ല. ഇതുകാരണം പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആദൂര്‍ കുണ്ടാറിലെ നാരായണന്റെ മകന്‍ ജഗദീഷിനെ (24) കഴിഞ്ഞ ദിവസം വൈകീട്ട് വിഷം അകത്ത്‌ചെന്ന നിലയില്‍ ആദൂര്‍ കുണ്ടാര്‍ പുഴയോരത്ത് കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവില്‍ ഹോമിയോ ഡോക്ടര്‍ വിഭാഗത്തിന് പഠിക്കുന്ന ശ്രുതിയുടെ കോളജ് ഫീസ് അടക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമം മൂലമാണ് താന്‍ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ജഗദീഷ് ബന്ധുക്കളെ അറിയിച്ചത്.
ഫോണില്‍ ബന്ധപ്പെട്ട സുഹൃത്തിനോടാണ് ജഗദീഷ് ആദ്യം വിഷം കഴിച്ച കാര്യം പറഞ്ഞത്. പിന്നീട് സുഹൃത്ത് ബന്ധുക്കളെയും മറ്റും വിവരം അറിയിച്ച് ഉടന്‍തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിക്കുകയായിരുന്നു.
കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ശ്രുതിയുടെ അഞ്ച് വര്‍ഷത്തെ പഠന ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഫീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ കലക്ടര്‍ മുഖാന്തിരം എത്തിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജഗദീഷ് ബെംഗളൂരുവിലെ കോളജിലെത്തി ഫീസ് സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും എഴുതിവാങ്ങി വിശദമായ നിവേദനം ആറ് മാസംമുമ്പ് കലക്ടര്‍ക്ക് നല്‍കിയിരുന്നു.
ഇത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചതായി കലക്ടറേറ്റില്‍നിന്ന് അറിയിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ശ്രുതിയുടെ ഡോക്ടര്‍ വിഭാഗത്തിന് പഠിക്കാനുള്ള മൊത്തം ഫീസ് അഞ്ച് ലക്ഷത്തോളം രൂപവരും. ഇതില്‍ രണ്ടര ലക്ഷം രൂപ ഈ മാസം 28നുള്ളില്‍ അടക്കണമെന്ന് കോളജില്‍നിന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പണം ഉണ്ടാക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു ജഗദീഷ്. പണം ശരിയാകാതെവന്ന വിഷമത്തിലായിരിക്കാം വിഷം കഴിച്ചതെന്ന് കരുതുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.
ജഗദീഷ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എലിവിഷമാണ് കഴിച്ചതെന്നാണ് സൂചന. ശ്രുതിക്ക് കോളജില്‍ ചേരാനുള്ള തുക നല്‍കിയത് ഡോക്ടര്‍മാരുടെ സംഘടനയായിരുന്നു. ജഗദീഷ് വിഷംകഴിച്ചകാര്യം ബെംഗളൂരുവില്‍ പഠിക്കുന്ന ശ്രുതിയെ ഇനിയും ബന്ധുക്കള്‍ അറിയിച്ചിട്ടില്ല. സെമസ്റ്റര്‍ പരീക്ഷ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഫീസ് അടക്കാന്‍ കോളജില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്. പെര്‍ള വാണിനഗര്‍ സ്വദേശിനിയാണ് ശ്രുതി. ജനിക്കുമ്പോള്‍ തന്നെ കൈവിരലുകള്‍ക്ക് വൈകല്യം ബാധിച്ചിരുന്നു.